കാബൂള്‍: താലിബാന്‍ തീവ്രവാദികളെ ലക്ഷ്യമിട്ട് അഫ്ഗാന്‍ സൈന്യം മതപാഠശാലയ്ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 70പേര്‍ കൊല്ലപ്പെട്ടു. കുന്ദൂസ് പ്രവിശ്യയിലെ ദഷ്ട്-ഇ-അചിന്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
മുതിര്‍ന്ന താലിബാന്‍ കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് അഫ്ഗാന്‍ പ്രതിരോധ വക്താവ് മുഹമ്മദ് റദ്മാനിഷ് പറഞ്ഞു. ആക്രമണത്തില്‍ താലിബാന്‍ പരിശീലന കേന്ദ്രം തകര്‍ത്തുവെന്നും സിവിലിയന്‍ സാന്നിധ്യമില്ലായിരുന്നുവെന്നും വക്താവ് പറഞ്ഞു.
എന്നാല്‍ ആക്രമണത്തില്‍ നിരവധി സിവിലിയന്‍സ് കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Read more: യുവതിയെ പീഡിപ്പിച്ചതിന് യോഗ അധ്യാപകന് സിംഗപ്പൂരില്‍ ജയില്‍ശിക്ഷ
“”മതപഠനം പൂര്‍ത്തിയാക്കി സമ്മാനങ്ങളും പുരസ്‌കാരങ്ങളും വാങ്ങാനായി 11നും 12നും ഇടയിലുള്ള കുട്ടികള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു” മുഹമ്മദ് അബ്ദുല്‍ ഹഖ് എന്നയാള്‍ അല്‍ ജസീറയോട് പറഞ്ഞു.
താലിബാന്‍ മേഖലയില്‍ സജീവമാണെങ്കിലും പരിപാടിയില്‍ പങ്കെടുത്തത് കൂടുതലും കുട്ടികളായിരുന്നു. ആക്രമണത്തില്‍ നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും ഹാജി ഗുലാം അല്‍ജസീറയോട് പറഞ്ഞു. പരിപാടിയില്‍ താലിബാന്‍ സാന്നിധ്യമില്ലായിരുന്നുവെന്ന് താലിബാന്‍ പ്രസ്താവനയിറക്കിയിട്ടുണ്ട്.
