മുത്തശ്ശിഗഥ ഫെയിം രാജനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ കമന്റുകള്‍. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച നടിയുടെ ഫോട്ടോകള്‍ക്ക് താഴെയാണ് സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയും ഇന്ദ്രന്‍സും മാമുക്കോയയുമെല്ലാം സ്‌റ്റൈലിഷ് ഫോട്ടോകള്‍ പങ്കുവെച്ചാല്‍ അതിന് താഴെ ഇജ്ജാതി പവര്‍, ഇജ്ജാതി എനര്‍ജി, പ്രായം വെറുമൊരു നമ്പര്‍ ആണ് എന്നെല്ലാം പറയുന്നവരാണ് രാജനി ചാണ്ടിയുടെ ഫോട്ടോകള്‍ക്ക് താഴെ തള്ളയ്ക്ക് വയസ്സാം കാലത്ത് എന്തിന്റെ സൂക്കേടാ, ബൈബിളും വായിച്ച് വീട്ടിലിരുന്നുകൂടേ എന്ന കമന്റുകളുമായി എത്തുന്നതെന്ന് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.

ഫോട്ടോയ്ക്ക് താഴെ വന്ന പല കമന്റുകളും ഇതിലും മോശമാണെന്നും ചിലര്‍ പ്രതികരിച്ചു. എന്തിനാണ് ഫെമിനിസം, ഈക്ക്വാലിറ്റി വരട്ടെ എന്നു പറയുന്നവരുടെ കൂട്ടത്തില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണെന്നും കമന്റുകള്‍ ഉണ്ട്. രാജനി ചാണ്ടിയെ അസഭ്യം പറഞ്ഞും പ്രായം പറഞ്ഞ് കളിയാക്കിയുമെല്ലാമാണ് മിക്ക കമന്റുകളും.

കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് രാജനി ചാണ്ടി ഫോട്ടോ പങ്കുവെച്ചത്. ആതിര ജോയ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഹസന്‍ഹാസ് ആണ് സ്‌റ്റൈലിങ്ങ്, എസ്.എച്ച് ഡിസൈനര്‍ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം ചെയ്തിരിക്കുന്നത്.

ഒരു മുത്തശ്ശിഗഥ എന്ന ചിത്രത്തിലൂടെയാണ് രാജിനി അഭിനയ രംഗത്തേക്കെത്തുന്നത്. ചിത്രത്തിലെ നടിയുടെ മുത്തശ്ശി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിയോലിറ്റി ഷോ ആയ ബിഗ് ബോസിലും നടി സാന്നിധ്യം അറിയിച്ചിരുന്നു. ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച, ദ് ഗാംബ്ലര്‍ എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങള്‍.

നേരത്തേ മോഡേണ്‍ വേഷങ്ങള്‍ ഇട്ട നടി മോളി കണ്ണമാലിയുടെ ചിത്രങ്ങള്‍ ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയായി വന്നപ്പോഴും ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actress Rajini Chandy Face Cyber Abuse