മാലിക് സിനിമയില്‍ അഭിനയിച്ചതിന് ശേഷം തന്നെ പലരും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നടി പാര്‍വതി കൃഷ്ണ. മാലിക്കില്‍ ഫഹദ് ഫാസിലിനെ കൊല്ലുന്ന ഡോക്ടറുടെ റോളാണ് താന്‍ ചെയ്തിരുന്നതെന്നും അതുകൊണ്ട് തന്നെ കണ്ടാല്‍ വെട്ടിക്കൊല്ലുമെന്ന് വരെ പറഞ്ഞവരുണ്ടെന്നും പാര്‍വതി പറഞ്ഞു.

ഹീറോ ക്യാരക്ടറിനെ കൊല്ലുന്നത് ആര്‍ക്കും ഇഷ്ടമല്ലെന്നും സിനിമ ഇറങ്ങിയതിന് ശേഷം മാലിക്കിനെ കൊന്ന ഡോക്ടര്‍ എന്നാണ് തന്നെ എല്ലാവരും കാണുമ്പോള്‍ വിളിച്ചിരുന്നതെന്നും പാര്‍വതി പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി കൃഷ്ണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മാലിക് കൊവിഡ് സമയത്താണ് ഇറങ്ങിയത്. മാലിക് തിയേറ്ററില്‍ ഇറങ്ങിയാല്‍ ഈ വര്‍ഷം മുഴുവന്‍ എനിക്ക് സിനിമയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ഇനി സിനിമയായിരിക്കും എന്റെ ജീവിതമെന്നൊക്കെ ഞാന്‍ വിചാരിച്ചു.

പക്ഷെ സിനിമ നേരെ ഒ.ടി.ടിയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ ഡൗണ്‍ ആയിപോയി. കാരണം എന്നെ ഞാന്‍ ആദ്യമെ ബിഗ് സ്‌ക്രീനില്‍ കണ്ടു. പിന്നീട് എനിക്ക് ഭയങ്കര സങ്കടമായി. പക്ഷെ ഇപ്പോഴും ടെലിവിഷനില്‍ കണ്ട് മാലിക് കുറേ പേര്‍ സ്വീകരിച്ചിട്ടുണ്ട്.

 

ഞാനാണ് അതിലെ ഡോക്ടറെന്ന് ഒരുപാട് ആളുകള്‍ക്ക് മനസിലായിട്ടില്ല. മുസ്‌ലിം ക്യാരക്ടറാണ്. പിന്നെ കുറേ സ്‌കിന്‍ ഡള്ളാക്കിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്ഥലത്തെ ബേസ് ചെയ്തായിരുന്നല്ലോ സിനിമയിലെ കഥ. അവിടെ നിന്നുള്ള കുറേ പേര് എന്നെ ഭീഷണിപ്പെടുത്തി.

ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും എന്ന രീതിയില്‍ തന്നെ എന്നോട് സംസാരിച്ചു. ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ ഞാന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് അവര്‍ കണ്ടത്. ഹീറോ ക്യാരക്ടറിനെ കൊല്ലുന്നത് ആര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമാണ്. മാലിക്കിനെ കൊന്ന ഡോക്ടര്‍ എന്നാണ് പിന്നീട് ഞാന്‍ അറിയപ്പെട്ടത്,” പാര്‍വതി കൃഷ്ണ പറഞ്ഞു.

content highlight: actress parvathi krishna about malik movie