ഗിരീഷ് എ.ഡി രചനയും സംവിധാനവും നിർവഹിച്ച് 2022ൽ റിലീസ് ചെയ്ത ചിത്രമാണ് ‘സൂപ്പർ ശരണ്യ’. അനശ്വര രാജൻ, മമിത ബൈജു, അർജുൻ അശോകൻ, നസ്ലെൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ‘സൂപ്പർ ശരണ്യ’യിൽ ഒരൊറ്റ സീനിൽ മാത്രം വന്നുപോകുന്ന കഥാപാത്രം താൻ ചോദിച്ചുവാങ്ങിയതാണെന്ന് പറയുകാണ് ഇപ്പോൾ നടി കനി കുസൃതി.

ഗിരീഷ് എ.ഡിയുമായുള്ള സൗഹൃദമാണ് സിനിമയിൽ ആ വേഷം ലഭിക്കാൻ കാരണമെന്നും ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ തനിക്ക് വലിയ ഇഷ്ടമാണെന്നും കനി പറഞ്ഞു.

കനി കുസൃതി. Photo. Facebook.com

സിനിമയുടെ ഷൂട്ടിങ് കാണാൻ പോയപ്പോഴാണ് ഗിരീഷിനോട് ഒരു ചെറിയ കഥാപാത്രം തരണമെന്ന് ആവശ്യപ്പെട്ടത്. സിനിമയുടെ സൈഡിലൂടെ നടന്നുപോകുന്ന കഥാപാത്രമാണെങ്കിലും തനിക്ക് അഭിനയിക്കാൻ അവസരം വേണമെന്നായിരുന്നു താൻ പറഞ്ഞതെന്നും കനി പറഞ്ഞു.

‘ഗിരീഷ് എന്റെ ഫ്രണ്ടാണ്. ഞാൻ ഷൂട്ടിങ് കാണാൻ പോയപ്പോൾ ആളോട് ചോദിച്ചു വാങ്ങതിയതാണത്. സത്യം പറഞ്ഞാൽ എനിക്ക് ജൂനിയർ ആർട്ടിസ്റ്റായിട്ട് അഭിനയിക്കാൻ ഭയങ്കര ഇഷ്ടമാണ്. ഇതിന്റെ സൈഡിലൂടെ നടന്നുപോകുന്ന എന്തെങ്കിലും ക്യാരക്ടർ എനിക്ക് തരുമോ എന്ന് ചോദിച്ചു. കാലുപിടിച്ചിട്ടാണ് ഗിരീഷ് ആ കഥാപാത്രം എനിക്ക് തന്നത്. വല്ലവരും കണ്ടാൽ എന്നെ വഴക്ക് പറയുമെന്ന് ഗിരീഷ് പറഞ്ഞു. ഞാൻ ‘ഇല്ല, പ്ലീസ് പ്ലീസ്, എനിക്ക് വേണം’ എന്ന് പറഞ്ഞ് ചോദിച്ചുവാങ്ങി ഇരന്നുവാങ്ങിയ റോളാണത്,’ കനി കുസൃതി പറഞ്ഞു.

‘സൂപ്പർ ശരണ്യ’യുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് താൻ അവിടെയുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ആ കഥാപാത്രം ചോദിച്ചുവാങ്ങാൻ സാധിച്ചതെന്നും കനി പറയുന്നു. ചിത്രത്തിൽ പെപ്പെയുടെ ഷൂട്ടിങ് നടക്കുന്ന ദിവസമാണ് താൻ അവിടെ എത്തിയതെന്നും താരം ഓർത്തെടുത്തു.

സൂപ്പർ ശരണ്യ,ഗിരീഷ് എ.ഡി. Photo. IMDb

‘ഞാൻ വന്ന ദിവസം പെപ്പയുടെ ഷൂട്ട് നടക്കുന്ന ദിവസമായിരുന്നു. അപ്പോൾ കണ്ടപ്പോൾ ഞാൻ ചോദിച്ചുവാങ്ങിയതാണ്. ഇപ്പോഴും എല്ലാവരോടും ജൂനിയർ ആർട്ടിസ്റ്റായി ഞാൻ അവസരങ്ങൾ ചോദിക്കാറുണ്ട്. കാരണം എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ സമയത്ത് ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. സൂപ്പർ ശരണ്യയുടെ സമയത്ത് ഇവിടെ ഉണ്ടായിരുന്നു അതുകൊണ്ട് അതിൽ പോയി അഭിനയിച്ചു. ബെത്‌ലഹേമിന്റെ സമയത്ത് ഉണ്ടായിരുന്നെങ്കിൽ അതിലും ഞാൻ ചോദിച്ചേനെ,’ കനി പറഞ്ഞു.

Content Highlight: Actress Kani kusurthi talks about super sharanya cameo role