ഒരുകാലത്ത് എന്റെ ശബ്ദം കാരണം പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നു; കലാരഞ്ജിനി
Malayalam Cinema
ഒരുകാലത്ത് എന്റെ ശബ്ദം കാരണം പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നു; കലാരഞ്ജിനി
അജ്മല്‍ കെ
Tuesday, 18th August 2026, 12:44 pm

1978ൽ പുറത്തിറങ്ങിയ ‘മദനോത്സവം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കലാരഞ്ജിനി. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ താരം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. അടുത്തിടെ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’, ‘ഭരതനാട്യം’ തുടങ്ങിയ ചിത്രങ്ങളിലെ കലാരഞ്ജിനിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ ഒരുകാലത്ത് ശബ്ദം നഷ്ടപ്പെട്ടതിനെ തുടർന്ന് സംസാരിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നുവെന്നും, ഇന്ന് ആ ശബ്ദം തന്നെ തന്റെ ഏറ്റവും വലിയ പ്ലസ് ആയി മാറിയെന്നും തുറന്ന് പറയുകയാണ് താരം. ശബ്ദം നഷ്ടപ്പെട്ടതിന് ശേഷം സിനിമകളിലും സീരിയലുകളിലും മറ്റുള്ളവരുടെ ശബ്ദത്തിലാണ് താൻ സംസാരിച്ചിരുന്നതെന്നും നടി പറഞ്ഞു. ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് കലാരഞ്ജിനി മനസുതുറന്നത്.

കലാരഞ്ജിനി. Photo: Screengrab/ Youtube.com

ശബ്ദം നഷ്ടപ്പെട്ട കാലത്ത് നിരവധി സിനിമകളിൽ മറ്റുള്ളവരാണ് തന്റെ കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്തിരുന്നത്. ‘നന്ദനം’ എന്ന സിനിമയിൽ ഉർവശിയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയതെന്നും പല സിനിമകളിലും കൽപനയും ഡബ്ബ് ചെയ്തിട്ടുണ്ടെന്നും കലാരഞ്ജിനി പറഞ്ഞു.

എന്നാൽ ‘ഹൗ ഓൾഡ് ആർ യൂ’ എന്ന സിനിമയിൽ തന്റെ യഥാർഥ ശബ്ദം തന്നെ ഉപയോഗിക്കണമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് നിർബന്ധം പിടിച്ചിരുന്നുവെന്ന് താരം പറയുന്നു. അതിനായി സെറ്റിൽ ലഭിച്ച പിന്തുണയും സഹകരണവും മറക്കാനാകാത്തതാണെന്നും കലാരഞ്ജിനി വ്യക്തമാക്കി.

‘ഹൗ ഓൾഡ് ആർ യൂ എന്ന സിനിമയ്ക്ക് ഈ ശബ്ദം തന്നെ മതിയെന്ന് റോഷൻ ആൻഡ്രൂസ് വാശിപിടിച്ചു. മറ്റൊരിടത്തും കാണാത്ത സഹകരണമാണ് ആ സെറ്റിൽ കണ്ടത്. ഡയലോഗ് പറയുമ്പോൾ ഒരു സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദതയായിരിക്കും. എങ്കിലേ എന്റെ ശബ്ദം ഒപ്പം അഭിനയിക്കുന്ന ആളിന് കേൾക്കാനാകൂ. കേട്ടാലല്ലേ റിയാക്ഷൻ നൽകാൻ കഴിയൂ,’ കലാരഞ്ജിനി പറഞ്ഞു.

‘ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും തന്റെ ശബ്ദം തന്നെ ഉപയോഗിക്കണമെന്ന് സംവിധായകൻ കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു. ഒരുകാലത്ത് തന്റെ ശബ്ദം കാരണം പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതേ ശബ്ദം തന്നെ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ശക്തിയായി മാറിയിരിക്കുകയാണ്,’കലാരഞ്ജിനി പറഞ്ഞു.

കലാരഞ്ജിനി. Photo: Screengrab/ Youtube

‘ഒന്ന് ഓർത്തുനോക്കൂ, സംസാരിക്കാനുള്ള വിഷമം കൊണ്ട് പുറത്തിറങ്ങാതെ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ ഈ ശബ്ദം എന്റെ ഏറ്റവും വലിയ പ്ലസ് ആയി മാറി,’ താരം കൂട്ടിച്ചേർത്തു.

Content Highlight: Actress kalaranjini shares her experiences her film career

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.