മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഗായത്രി അരുൺ. ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, ഇന്ന് മലയാള സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്.
സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിനൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിംഗും ബിസിനസും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് ഗായത്രി.
ഇപ്പോഴിതാ താൻ സ്വപ്നം കണ്ട ഒരു ജീവിതമാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് പറയുകയാണ് താരം. പിങ്ക് പിക്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായത്രി.
‘സ്വപ്ന ലോകത്താണ് ഞാൻ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. ഞാൻ ഒരുപാട് സ്വപ്നം കണ്ട ജീവിതമാണിത്. ആളുകൾക്കിടയിൽ അറിയപ്പെടുന്ന ഒരാളാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
അന്നത്തെ കാലത്ത് സെൽഫി എന്നതിലുപരി ഓട്ടോഗ്രാഫ് വാങ്ങുന്ന കാലമായിരുന്നു. ആളുകൾ വന്ന് എന്നിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങുന്ന ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടിരുന്നു. ഒരു നടിയുടെ ജീവിതം ഞാൻ വളരെ അധികം ഡ്രീം ചെയ്തിട്ടുണ്ട്. ഇന്ന് ഞാൻ ജീവിക്കുന്നത് അതേ ജീവിതമാണ്.
ഈ സ്വപ്നത്തിലേക്കുള്ള എൻട്രി എനിക്ക് എളുപ്പമായിരുന്നെങ്കിലും, അവിടെ നിലനിൽക്കുക അത്ര എളുപ്പമല്ലായിരുന്നു. ആ യാത്രയിൽ നിരവധി വെല്ലുവിളികളും അനുഭവങ്ങളും നേരിടേണ്ടി വന്നു.
പ്രതീക്ഷിക്കാത്ത പോസിറ്റീവ് അനുഭവങ്ങളും നെഗറ്റീവ് അനുഭവങ്ങളും ഉണ്ടായി. അങ്ങനെയായിരുന്നു ആ യാത്ര,’ ഗായത്രി അരുൺ പറഞ്ഞു.
ഗായത്രി അരുൺ, മമ്മൂട്ടി, Photo: Gayathri Arun/ Facebook
താൻ ഇരുപത് വർഷത്തിലധികമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടുണ്ടെന്നും, അതിൽ പതിമൂന്ന് വർഷത്തിലധികമായി ആക്റ്റിങ് കരിയർ തുടരുന്നുവെന്നും താരം വ്യക്തമാക്കി.
ഇത്രയും കാലം ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യമായിട്ടാണ് കാണുന്നതെന്നും, ഇത് അത്ര എളുപ്പമല്ലാത്ത ഒരു ജേർണിയാണെന്നും ഗായത്രി കൂട്ടിച്ചേർത്തു.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത, മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവൽ’ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഗായത്രിയുടെ കഥാപാത്രവും ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Actress Gayatri Arun says she is now living the life she has always wanted.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.