കുറ്റം പറയുന്ന ആളോട് ക്യാമറയ്ക്ക് മുന്നില്‍ നടക്കാന്‍ പറഞ്ഞാല്‍ അതിന് പോലും പറ്റില്ല; റിവ്യൂവേഴ്‌സിനെതിരെ വിജയരാഘവന്‍
Malayalam Cinema
കുറ്റം പറയുന്ന ആളോട് ക്യാമറയ്ക്ക് മുന്നില്‍ നടക്കാന്‍ പറഞ്ഞാല്‍ അതിന് പോലും പറ്റില്ല; റിവ്യൂവേഴ്‌സിനെതിരെ വിജയരാഘവന്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 27th July 2026, 7:17 am

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട അഭിനേതാവാണ് വിജയരാഘവന്‍. ക്രോസ് ബെല്‍ട്ട് മണി സംവിധാനം ചെയ്ത് 1973ല്‍ പുറത്തിറങ്ങിയ കാപാലിക എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച വിജയരാഘവന്‍ ഇന്ന് മലയാളത്തിലെ തിരക്കേറിയ സ്വഭാവ നടന്മാരിലൊരാളാണ്. 2026ല്‍ പുറത്തിറങ്ങിയ പള്ളിച്ചട്ടമ്പി, അനന്തന്‍കാട്, ഐ നോബഡി തുടങ്ങി മൂന്ന് ചിത്രങ്ങളിലാണ് താരം പ്രധാനവേഷത്തിലെത്തിയത്.

വിജയരാഘവന്‍ പ്രധാനവേഷത്തിലെത്തി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഓട്ടംതുള്ളലുമായി ബന്ധപ്പെട്ട് സംസാരിക്കവെ ഇന്ന് വലിയ രീതിയില്‍ പ്രചാരത്തിലുള്ള ഓണ്‍ലൈന്‍ റിവ്യൂസിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. സിനിമ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തെ രൂക്ഷമായി വിമര്‍ശിക്കുകയും നെഗറ്റീവ് കമന്റുകള്‍ പറയുകയും ചെയ്യുന്ന റിവ്യൂവേഴ്‌സിനെതിരെ ശക്തമായ ഭാഷയിലാണ് വിജയരാഘവന്‍ പ്രതികരിച്ചത്.

വിജയരാഘവന്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം. Photo: The Indian Express

‘210 സിനിമയോളമാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ഇതില്‍ കുറഞ്ഞ ചിത്രങ്ങള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഇതോടെ ഇന്‍ഡസ്ട്രിയിലേക്ക് വരാനാഗ്രഹിക്കുന്നവരും വരാതാകുകയാണ്. പ്രവര്‍ത്തിക്കുന്ന മേഖലയില്‍ എന്തെങ്കിലും അപചയം വന്ന് കഴിഞ്ഞാല്‍ അത് നമ്മളെയും ബാധിക്കുമല്ലോ. ഒരു സിനിമ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ മോശം റിവ്യൂ വരുന്നത് എത്ര പേരെയാണ് ബാധിക്കുന്നത്. ഒരാള്‍ നല്ലതാണെന്ന് പറയുന്നതിനെക്കാള്‍ അയാള്‍ മോശമാണെന്ന് പറയുന്നത് കേള്‍ക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം.

പരിഹസിക്കുന്ന രീതിയില്‍ ഇയാളെന്താണ് കാണിച്ചിരിക്കുന്നത് എന്നെല്ലാമാണ് ഓരോരുത്തരും റിവ്യൂ ഇടുന്നത്. ഇത്രയും വര്‍ഷം അഭിനയിച്ച് എക്‌സ്പീരിയന്‍സ് ആയ ആള്‍ക്കാരെ കുറിച്ചാണ് പറയുന്നത്. നൂറില്‍ ഒന്ന് അവകാശം പോലുമില്ലാത്ത ആളാണ് ഇതെല്ലാം പറയുന്നത്. കുറ്റം പറയുന്ന ആളോട് നീ അവിടെ നിന്ന് ഒന്ന് നടന്ന് വാ എന്ന് പറഞ്ഞാല്‍ അയാള്‍ക്ക് നടക്കാന്‍ പറ്റില്ല. നടക്കുന്നതിനിടയ്ക്ക് കൈയെവിടെ വെക്കും കാലെവിടെ വെക്കും ചിരിക്കണോ ചിരിക്കണ്ടേ എന്നെല്ലാം ആലോചിച്ച് അവന്‍ തെറ്റിക്കും.

ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, എഡിറ്റിങ് എല്ലാം മഹാമോശമായിരുന്നു എന്ന് പറയുന്നവര്‍ക്ക് എന്താണ് ഇതിനെ കുറിച്ചെല്ലാം അറിയുക. സിനിമയിലെ ഓരോ വിഭാഗത്തിനെ കുറിച്ചും പ്രത്യേകം സംസാരിക്കും. പക്ഷേ ഒന്നിനെ കുറിച്ചും അറിഞ്ഞിട്ടല്ല പറയുന്നത്. കുറെ വാക്കുകള്‍ അറിയാമെന്ന് മാത്രം,’ വിജയരാഘവന്‍ പറഞ്ഞു.

ഓട്ടംതുള്ളല്‍. Photo: Ott Play

യൂട്യൂബര്‍മാരായ അശ്വന്ത് കോക്ക്, ഉണ്ണി വ്‌ളോഗ്‌സ് തുടങ്ങിയവരെ ഉദ്ദേശിച്ചാണ് വിജയരാഘവന്റെ പ്രതികരണമെന്ന് പലരും സൂചിപ്പിക്കുന്നു. അതേസമയം പ്രതികരണത്തെ പ്രതികൂലിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തുന്നുണ്ട്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ സിനിമയെ കുറിച്ച് പഠിക്കേണ്ടതില്ല എന്നാണ് മറുവാദമായി പലരും ഉയര്‍ത്തി കാട്ടുന്നത്.

Content Highlight: Actor Vijaya Raghavan Criticizes online film reviewers

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.