കൊച്ചി: നടന്‍ ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതര്‍. ചൊവാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബാംഗങ്ങളോട് സംസാരിച്ചുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മരുന്നുകളോടും ചികിത്സകളോടും അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞമാസം 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന്റെ ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി.

ഇത് നീക്കം ചെയ്യാനായി മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം ശ്രീനിവാസന്‍ വെന്റിലേറ്ററിലായിരുന്നു.

വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് ശേഷം അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനും അദ്ദേഹം മുമ്പും ചികിത്സ തേടിയിട്ടുണ്ട്.

Content Highlights: Actor Sreenivasan was removed from the ventilator