ഗംഭീര സിനിമ... കെന്‍ കരുണാസ് പ്രത്യേക കയ്യടി അര്‍ഹിക്കുന്നു; യൂത്ത് സിനിമയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് സിലമ്പരസന്‍
Indian Cinema
ഗംഭീര സിനിമ... കെന്‍ കരുണാസ് പ്രത്യേക കയ്യടി അര്‍ഹിക്കുന്നു; യൂത്ത് സിനിമയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് സിലമ്പരസന്‍
ഐറിന്‍ മരിയ ആന്റണി
Saturday, 21st March 2026, 8:01 am

തമിഴ് നടന്‍ കെന്‍ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത് മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് യൂത്ത്. കെന്‍ തന്നെ നായകനായും എത്തിയ റോം കോം ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ഇതിനോടകം വരുന്നത്.

കോമഡിയും ഇമോഷനും തുടങ്ങി എല്ലാ കോമേഷ്യല്‍ ഘടകങ്ങളും അടങ്ങിയ ഒരു മികച്ച ചിത്രമാണ് യൂത്തെന്നും കോളിവുഡിന് ഒരു പ്രോമിസിങ് ആക്ടറിനെയും ഡയറക്ടറിനെയും ലഭിച്ചുവെന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. കെനിന് പുറമെ മലയാളി താരം സുരാജ് വെഞ്ഞാറമൂടും അനിഷ അനില്‍കുമാറും പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് അനൗണ്‍സ്മെന്റ് മുതലേ വലിയ പ്രതീക്ഷകളുണ്ടായിരുന്നു.

ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം സിലമ്പരസന്‍ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മനസ് നിറക്കുന്ന, ഫ്രഷായ സിനിമയാണ് യൂത്തെന്നും കെന്‍ കരുണാസ് പ്രത്യേക കയ്യടി അര്‍ഹിക്കുന്നുവെന്നും സിലബരസന്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.

‘ യൂത്ത്, ഫ്രഷും വൈബ്രന്റുമായ ഒരു ഗംഭീര സിനിമയാണ്. ശരിക്കും ഇന്നത്തെ തലമുറയുടെ വികാരങ്ങളും അനുഭവങ്ങളും പ്രതിഫലിപ്പിക്കുന്ന കഥ. കെന്‍ കരുണാസിന്റെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു. ഈ ചെറിയ പ്രായത്തില്‍ അഭിനയവും സംവിധാനവും ഒരുപോലെ കയ്യടക്കത്തോട് കൂടി ചെയ്ത നിങ്ങള്‍ കയ്യടി അര്‍ഹിക്കുന്നു.

സുരാജ് സാറും ദേവദര്‍ശിനി മാമുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമയിലെ മറ്റ് അഭിനേതാക്കളും നല്ല എനര്‍ജിയോടെ പെര്‍ഫോം ചെയ്തിട്ടുണ്ട്. ജി.വി പ്രകാശിന്റെ മ്യൂസിക്കും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നു,’ സിലമ്പരസന്റെ വാക്കുകള്‍.

ചിത്രത്തിന്റെ ആദ്യ പകുതി തമാശകള്‍ നിറഞ്ഞതാണെന്നും രണ്ടാം പകുതി ഇമോഷണലാണെന്നും പ്രതികരണങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീനിനെ കുറിച്ചും ക്ലൈമാക്സിനെ കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ എക്സിലും മറ്റ് സമൂഹമാധ്യമങ്ങളിലുമായി നിറയുന്നുണ്ട്. റിലീസ് ചെയ്ത് രണ്ട് ദിനങ്ങള്‍ കഴിയുമ്പോള്‍ തന്നെ ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ്.

കെന്‍ കരുണാസിന്റെ അഭിനയത്തെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ അടുത്ത് നിന്ന് വരുന്നത്. തമിഴിലെ മുന്‍നിര കോമഡി താരമായിരുന്ന കരുണാസിന്റെ മകനാണ് കെന്‍ കരുണാസ്. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം ധനുഷ് നായകനായെത്തിയ അസുരനിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അസിസ്റ്റന്റ് ഡയറക്ടായും കെന്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാര്‍വത എന്‍ര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ കറുപ്പയ സി. റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് യൂത്ത് നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സിനിമ കേരളത്തില്‍ വിതരണം ചെയ്തത്. വിക്കി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജി.വി പ്രകാശ് കുമാറാണ്.

Content Highlight: Actor Silabarasan congratulates Youth Cinema and ken karunas 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.