മലയാള സിനിമയുടെ പിന്നണിയില്‍ എഡിറ്ററായി തുടങ്ങി 2022 ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലൂടെ അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിച്ചയാളാണ് സംഗീത് പ്രതാപ്. പിന്നീട് ചെറിയ റോളുകളിലൂടെ സിനിമയില്‍ സജീവ സാന്നിധ്യമായ സംഗീതിന്റെ കരിയര്‍ മാറ്റിമറിച്ചത് 2024 ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രമായിരുന്നു.
നെസ്‌ലിന്‍ അവതരിപ്പിച്ച സച്ചിന്‍ എന്ന കഥാപാത്രത്തിനൊപ്പം മികച്ച കോമ്പിനേഷന്‍ കാഴ്ച്ചവെച്ച അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് പിന്നീടിങ്ങോട്ട് സംഗീത് അറിയപ്പെട്ടിരുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വ്വം ചിത്രത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം ജെറി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും മുന്‍തൂക്കം ഇന്നും അമല്‍ ഡേവിസിനാണെന്ന് നിസ്സംശയം പറയാം.
താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം ബേബിഗേളുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ അവതരിപ്പിച്ച അമല്‍ ഡേവിസ് എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നത്.
ജീവിതത്തില്‍ എന്ത് ചെയ്താലും അതിലൊരു മാര്‍ക്ക് ഉണ്ടാക്കണം എന്ന് ആഗ്രഹമുള്ള ആളാണ് താനെന്നും എഡിറ്റിങ്ങിലായാലും അഭിനയത്തിലായാലും ആ ഒരു ചിന്ത എപ്പോഴും ഉണ്ടാകാറുണ്ടെന്നും സംഗീത് പറയുന്നു. തന്റെ ജീവിതത്തില്‍ ഇത്തരത്തില്‍ ആദ്യം സംഭവിക്കുന്ന മാര്‍ക്ക് അമല്‍ ഡേവിസ് എന്ന കഥാപാത്രമാണെന്നും സംഗീത് ഓര്‍ത്തെടുക്കുന്നു.
താന്‍ എവിടെയെങ്കിലും പോകുമ്പോള്‍ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായ അമ്മമാര്‍ വരെ അമല്‍ ഡേവിസേ എന്നാണ് വിളിക്കുന്നതെന്നും ആ കഥാപാത്രം ഇപ്പോഴും ഉണ്ടെന്നും താരം പറഞ്ഞു. ആ കാര്യത്തില്‍ ഒരിക്കലും ഇറിറ്റേറ്റഡ് ആവുകയോ അമല്‍ ഡേവിസിന് ശേഷം എത്ര കഥാപാത്രങ്ങള്‍ ചെയ്തു എന്ന ചിന്ത വരികയോ ചെയ്യാറില്ലെന്നും അവരുടെ ആ സ്‌നേഹം നമ്മള്‍ അവരുടെ ഉള്ളില്‍ ഒരു മാര്‍ക്ക് ഇട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണെന്നും അതില്‍ ഹാപ്പിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്രയും ആളുകള്‍ക്ക് നമ്മളെ ഇഷ്ടമാണെന്ന് അറിയുമ്പോള്‍ ആ സ്‌നേഹം തുടരുന്നതിന് വേണ്ടിയാണ് ഇപ്പോഴും സിനിമയില്‍ മുന്നോട്ട് പോകുന്നതെന്നും സംഗീത് പ്രതാപ് പറഞ്ഞു.
ബോബി-സജ്ഞയ് കൂട്ടുകെട്ട് തിരക്കഥയെഴുതി അരുണ്‍ വര്‍മ സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ബേബിഗേളാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. നിവന്‍ പോളി, ലിജോമോള്‍ ജോസ് തുടങ്ങിയവര്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായാണ് സംഗീത് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന നിവിന്‍ പോളി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റിലും താരം പ്രധാനവേഷത്തിലെത്തുന്നു. എന്നാല്‍ ആദ്യഭാഗം വമ്പന്‍ ഹിറ്റായ താരത്തിന്റെ പ്രേമലു 2 ഉപക്ഷേിച്ചതായും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Content Highlight: Actor Sangeeth Prathap talks about His character Amal davis in premalu movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.