മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് ഏതൊരു നടനെയും സംബന്ധിച്ച് വലിയ ആഗ്രഹമാണ്. എന്നാല്‍, അത്തരമൊരു സ്‌പേസില്‍ എത്തുമ്പോള്‍ അദ്ദേഹത്തോടുള്ള ആരാധനയും ബഹുമാനവുമെല്ലാം മാറ്റിവെച്ച് കഥാപാത്രമായി മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
‘ഹൃദയപൂര്‍വം’ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സംഗീത് പ്രതാപ്. ലാലേട്ടനോടുള്ള സ്‌നേഹം ഷൂട്ടിന് മുന്‍പുതന്നെ മാറ്റിവെക്കാന്‍ തീരുമാനിച്ചിരുന്നെന്നും, സഹതാരമെന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം സ്വാഭാവികമായി ഇടപെടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിരുന്നെന്നും സംഗീത് പറയുന്നു.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ആരാധന കഥാപാത്രത്തിന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാനാണ് ആദ്യം തീരുമാനിച്ചതെന്ന് സംഗീത് പറയുന്നു.
കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം സ്വാഭാവികമായി അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ക്കിടയില്‍ ഒരു പ്രത്യേക സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാല്‍, മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന മോഹന്‍ലാലിനെപ്പോലൊരു നടനോട് ആ സ്വാതന്ത്ര്യം എടുക്കാന്‍ പലര്‍ക്കും മടിയുണ്ടാകുമെന്നും സംഗീത് ചൂണ്ടിക്കാട്ടുന്നു.

‘ലാലേട്ടന്റെ അടുത്തേക്ക് പോകുമ്പോള്‍ ഞാന്‍ ആദ്യമേ തീരുമാനം എടുത്തിരുന്നു. ലാലേട്ടനോടുള്ള നമ്മുടെ എല്ലാ സ്‌നേഹവും ആരാധനയും ഷൂട്ടിന് മുന്‍പ് മതി. ഷൂട്ട് തുടങ്ങിയാല്‍ അത് പിടിക്കരുത് എന്ന്. എന്തോ ഒരു ക്രാക്ക് ദൈവം അനുഗ്രഹിച്ച് കിട്ടുന്നതാണ്. ഇതില്‍ നിന്നൊക്കെ ഡിറ്റാച്ച്ഡ് ആയിട്ട് ഈ പറഞ്ഞ രീതിയിലേക്ക് പോകുക എന്നുള്ളത്. എന്ത് തന്നെ സംഭവിച്ചാലും ആ കഥാപാത്രത്തെ നന്നായി ചെയ്തുതീര്‍ക്കാന്‍ പറ്റണമെന്ന കോണ്‍ഫിഡന്‍സ് ഉണ്ടാക്കിയിട്ടാണ് പോയത്,’ സംഗീത് പറഞ്ഞു.
ഒരു കഥാപാത്രമായി നില്‍ക്കുമ്പോള്‍ സഹതാരത്തിന്റെ തോളില്‍ കൈയിടുന്നതും സൗഹൃദത്തോടെ തട്ടുന്നതുമെല്ലാം അഭിനയത്തിന്റെ സ്വാഭാവിക ഭാഗമാണ്. എന്നാല്‍, മോഹന്‍ലാലിനെപ്പോലൊരു താരത്തോട് അത്തരത്തില്‍ ഇടപെടാന്‍ പലരും മടിക്കുമെന്ന് സംഗീത് പറയുന്നു. അവിടെയാണ് മോഹന്‍ലാല്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം പ്രധാനമാകുന്നതെന്നും സംഗീത് പറഞ്ഞു.

‘നമ്മള്‍ ഒരു ക്യാരക്ടറില്‍ നില്‍ക്കുകയാണെങ്കില്‍ പോലും ലാലേട്ടന്റെ തോളത്ത് കൈയിടാനോ ഒന്ന് തട്ടാനോ ഉള്ള ധൈര്യം ആരും എടുക്കില്ല. മിക്കവരും എടുക്കില്ല. പക്ഷേ ലാലേട്ടന്‍ ആദ്യം മുതലേ ശ്രമിക്കുന്നത് ഓപ്പോസിറ്റ് നില്‍ക്കുന്ന എല്ലാവര്‍ക്കും ഈ സ്പേസ് കൊടുക്കാനാണ്. ലാലേട്ടന്‍ അദ്ദേഹത്തെ അങ്ങനെ ഏലിയനേറ്റ് ചെയ്യേണ്ട, ഞാന്‍ നിങ്ങളുടെ കൂടെ നിന്നോളാം എന്ന രീതിയിലാണ്,’ സംഗീത് പറഞ്ഞു.
ആര്‍ട്ട് വിഭാഗത്തിലുള്ളവരോടും സിനിമയുടെ യൂണിറ്റിലെ മറ്റ് അംഗങ്ങളോടുമെല്ലാം മോഹന്‍ലാല്‍ ഇടപെടുന്ന രീതി തനിക്ക് അദ്ദേഹത്തോടൊപ്പം കൂടുതല്‍ കംഫര്‍ട്ടബിളാകാന്‍ സഹായിച്ചെന്നും സംഗീത് പറയുന്നു. എല്ലാവരോടും അടുത്തിടപഴകാനും അവരുടെ സംഭാഷണങ്ങളില്‍ പങ്കുചേരാനും താത്പര്യം കാണിക്കുന്ന മോഹന്‍ലാലിന്റെ ഈ സ്വഭാവം താന്‍ പരമാവധി ഉപയോഗപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ സെറ്റില്‍ തമ്മില്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ലാലേട്ടന്‍ അടുത്തെത്തി എന്താണ് സംസാരിക്കുന്നതെന്ന് ചോദിക്കും. അപ്പോള്‍ പലരും ഒന്നിമില്ല ലാലേട്ടാ എന്ന് മറുപടി പറയാറുണ്ട്. എന്നാല്‍, താന്‍ സംസാരിച്ചുകൊണ്ടിരുന്ന കാര്യം ലാലേട്ടനോട് തുറന്നുപറയുമായിരുന്നെന്നും അദ്ദേഹം അതില്‍ താത്പര്യത്തോടെ ഇടപെടുമായിരുന്നെന്നും സംഗീത് ഓര്‍ക്കുന്നു. ഈ അടുപ്പം സിനിമയിലെ സീനുകള്‍ അവതരിപ്പിക്കുമ്പോഴും വലിയ ഗുണമായെന്നും താരം പറയുന്നു.
‘സീനുകളില്‍ നമ്മള്‍ ഓരോന്ന് ചെയ്യുമ്പോള്‍ ഭയങ്കര കംഫര്‍ട്ടബിളാണ്. ഞാന്‍ ചിലപ്പോള്‍ ഇടയ്ക്ക് ഒരു അടി കൊടുക്കാന്‍ സാധ്യതയുള്ള കഥാപാത്രമാണ്. അത് ചെയ്യുമ്പോള്‍ ലാലേട്ടന്‍ ഭയങ്കര ഓക്കെയാണ്. ചിലപ്പോള്‍ ഷോട്ടില്‍ ഇംപ്രവൈസ് ചെയ്തായിരിക്കും അത് ചെയ്യുന്നത്. ആ ഷോട്ടില്‍ തന്നെ തിരിച്ചൊരു അടി തരും. അങ്ങനെയായിരിക്കും അത് പോകുന്നത്. അത് അദ്ദേഹം തരുന്ന സ്പേസിന്റേതാണ്,’ സംഗീത് പറഞ്ഞു.
Content Highlight: Actor sangeet prathap share his experiance with mohanlal
