താന്‍ വിവാഹം കഴിച്ചത് അറേഞ്ച് മാരേജിലൂടെയാണെന്ന് നടന്‍ പിഷാരടി. വിവാഹം ആലോചിച്ച് മഹാരാഷ്ട്ര വരെ പോവേണ്ടി വന്നുവെന്നും ധര്‍മജന്റെ ഒപ്പമാണ് പെണ്‍കുട്ടിയെ ചെന്ന് കണ്ടതെന്നും പിഷാരടി പറഞ്ഞു.

ലവിനായി താന്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും എന്നാല്‍ കോളേജില്‍ കൂടെ പഠിച്ച ആരെയും താന്‍ പ്രേമിച്ചിട്ടില്ലെന്നും പിഷാരടി പറഞ്ഞു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ ഭാര്യ നല്ല സപ്പോര്‍ട്ടാണ്. ഞങ്ങളുടേത് ലവ് മാരേജ് ഒന്നുമല്ല. ഭയങ്കര അറേഞ്ച്ഡ് മാരേജ് അല്ലെ. എനിക്ക് പെണ്ണ് ആലോചിച്ച് മഹാരാഷ്ട്രക്ക് അപ്പുറത്ത് പൂനെ വരെ എത്തി. എനിക്ക് ബോംബെയില്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു.

പ്രോഗ്രാം കഴിഞ്ഞ് അവിടന്ന് ഒരു വണ്ടിയില്‍ ഞാനും ധര്‍മജനും കൂടിയാണ് പെണ്ണ് കാണാന്‍ പോയത്. പെണ്ണ് കാണാന്‍ അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ ലോകത്ത് അന്ന് വരെ ഇല്ലാത്ത മഴയും പെയ്തു. അവിടെ ചെന്നിട്ട് കണ്ട് ഇറങ്ങുമ്പോള്‍ ഞാന്‍ അപ്പോള്‍ തന്നെ ഇഷ്ടപെട്ടു എന്ന് പറഞ്ഞു.

അങ്ങോട്ട് പോവുന്നതിന് മുമ്പേ ഇഷ്ടമാണെന്ന് പറയണം എന്ന ധാരണയില്‍ തന്നെയാണ് പോയത്. ഫോട്ടോയും കാര്യങ്ങളും ഒക്കെ ഉള്ള കാലത്ത് അവിടെ ചെന്നിട്ട് ഇഷ്ടപെട്ടില്ലെന്ന് പറയാന്‍ പാടില്ലാലോ. അതുകൊണ്ട് അവിടെ നിന്ന് ചായയും കുടിച്ച് ഇറങ്ങുമ്പോള്‍ ഇഷ്ടമാണെന്ന് പറഞ്ഞു.

ധര്‍മജന്‍ അവളുടെ ഫോണ്‍ വാങ്ങിട്ട് ഒരു നമ്പര്‍ തെറ്റിച്ച് സേവ് ചെയ്തു കൊടുത്തു. ഞാന്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമായും അറേഞ്ച് മാരേജ് ആയിരുന്നു എന്റേത്.

കോളേജില്‍ ഞാന്‍ ഒരാളെ ഫോക്കസ് ചെയ്തിട്ടില്ല. ഞാന്‍ എല്ലാവരെയും നോക്കുമായിരുന്നു. കോളേജില്‍ കൂടെ പഠിച്ച ആരെയും ഞാന്‍ പ്രേമിച്ചിട്ടില്ല,” രമേഷ് പിഷാരടി പറഞ്ഞു.

content highlight: actor ramesh pisharody about his marriage