തന്നെ പലരും പണ്ട് കായംകുളം വാള്‍ എന്നായിരുന്നു വിളിച്ചിരുന്നതെന്ന് പറയുകയാണ് നടന്‍ മുകേഷ്. താന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളില്‍ മാറിമാറി അഭിനയിക്കുന്ന കാലത്തുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം. മുകേഷ് സ്പീക്കിങ്ങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുകേഷ്.

‘എന്നെ പലരും പണ്ട് വിളിച്ചിരുന്നത് കായംകുളം വാള്‍ എന്നായിരുന്നു. അന്ന് രണ്ട് ടീമുണ്ടായിരുന്നു. അതായത് മോഹന്‍ലാല്‍ തിരുവനന്തപുരം ടീമും മമ്മൂട്ടി എറണാകുളം ടീമുമായിരുന്നു.

രണ്ടുപേരുടെ പടത്തിലും എല്ലാര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ പറ്റില്ല. മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുന്നവര്‍ അവിടെ നിന്ന് അഭിനയിക്കും. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നവര്‍ അവിടെ നിന്ന് അഭിനയിക്കും.

രണ്ടുപേരും വളരെ തിരക്കിലാണ്. എന്നാല്‍ ഞാന്‍ രണ്ടുപേരുടെയും പടത്തില്‍ അഭിനയിക്കും. അതുകൊണ്ടാണ് എന്നെ കായംകുളം വാളെന്ന് വിളിച്ചിരുന്നത്. എനിക്ക് അങ്ങോട്ട് പോയാലും ഇങ്ങോട്ട് പോയാലും ഓക്കേയാണ്.

ഒരു മോഹന്‍ലാല്‍ പടം കഴിഞ്ഞ് അടുത്തതായി മമ്മൂട്ടി പടത്തിലേക്ക് പോകുമ്പോള്‍ ഇനിയിപ്പോള്‍ കുറച്ച് ദിവസം മമ്മൂട്ടിയുടെ കൂടെയാകുമല്ലേയെന്ന് എല്ലാവരും പറയും.

മോഹന്‍ലാലിന്റെ കൂടെ നില്‍ക്കുമ്പോള്‍ അവിടെ ഭയങ്കര ഭക്ഷണമാണ്. പുള്ളി പല സ്ഥലങ്ങളില്‍ നിന്നും കഴിക്കാനുള്ള സാധനങ്ങള്‍ വാങ്ങി കൊണ്ടുവരും. ബിരിയാണികളും ചിക്കന്‍ കറിയുമൊക്കെയാകും അത്.

അങ്ങനെ ഏകദേശം പത്തിരുപത് ദിവസം കൊണ്ട് ഞാന്‍ ഒരു നാലഞ്ചു കിലോയൊക്കെ കൂടും. മറ്റുള്ളവര്‍ക്ക് ഞാന്‍ അത്രയും ഭാരം കൂടിയത് മനസിലാകില്ലെങ്കിലും എനിക്ക് മനസിലാകുമായിരുന്നു.

ഞാന്‍ ചെറുതായി തടിച്ച് കവിളൊക്കെ ചാടിയിട്ടുണ്ടാകും. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഞാന്‍ മോഹന്‍ലാലിന്റെ കൂടെയുള്ള സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടിയുടെ അടുത്തേക്ക് പോകുന്നത്.

അവിടെ ചെന്ന് കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ പരിശോധനയാകും. ‘കൊണ്ട് കളഞ്ഞല്ലോടെ, അവന്റെ കൂടെ കൂടിയപ്പോഴേ ഇരുപത്തിയഞ്ചു ദിവസം കൊണ്ട് നിന്റെ ഫിഗര്‍ മാറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു,’ എന്ന് മമ്മൂട്ടി പറഞ്ഞു.

അത്ര മാറ്റമൊന്നും വന്നിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ‘നിനക്കെന്തറിയാം, എനിക്കറിയാലോ. നിന്റെ ഫിഗറ് മാറി. ഇതൊക്കെ ഫാറ്റാണ്. ആ മോഹന്‍ലാലിന് അതൊന്നും മനസിലാവില്ല,’ എന്നാണ് മമ്മൂട്ടി പറഞ്ഞത്,’ മുകേഷ് പറഞ്ഞു.

Content Highlight: Actor Mukesh Talks About Mammootty And Mohanlal