ഈ പിള്ളേര് ചെയ്യുന്ന കാര്യങ്ങളെല്ലാം ഞാന്‍ നോക്കുന്നുണ്ട്, തുറന്നുപറയാല്ലോ പലതും നമ്മളെ കൊണ്ട് പറ്റില്ല: മമ്മൂട്ടി
Movie Day
ഈ പിള്ളേര് ചെയ്യുന്ന കാര്യങ്ങളെല്ലാം ഞാന്‍ നോക്കുന്നുണ്ട്, തുറന്നുപറയാല്ലോ പലതും നമ്മളെ കൊണ്ട് പറ്റില്ല: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th April 2026, 12:22 pm

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ എത്തുന്ന പേട്രിയറ്റ്. മലയാളത്തിന്റെ ബിഗ് എം സ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല.

ഒപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൂടി എത്തുന്നതോടെ ചിത്രത്തിന്റെ ഹൈപ്പ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്.

ഹാഷിറും കൂട്ടരും ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ യുവനിര 200 കോടി തൂക്കി ബോക്‌സ് ഓഫീസിന്റെ അമരത്ത് നില്‍ക്കുമ്പോഴാണ് ബിഗ് എംസ് പേട്രിയറ്റുമായി എത്തുന്നത് എന്നൊരു പ്രത്യേകത കൂടി ഇത്തവണയുണ്ട്.

പേട്രിയറ്റ് സിനിമാ പോസ്റ്റര്‍ Photo: Theatrical Release Poster

യുവതാരങ്ങളെ കുറിച്ചും അവരുമായി സിനിമ ചെയ്യുമ്പോള്‍ അവരില്‍ നിന്നും താന്‍ പഠിക്കുന്ന ചില കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബനുമൊത്ത് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മമ്മൂട്ടി.

കൂടെ അഭിനയിക്കുന്നവരില്‍ നിന്ന് എന്തെങ്കിലും പഠിക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉറപ്പായും ചെയ്യാറുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അവര്‍ പറഞ്ഞാല്‍ താന്‍ കേള്‍ക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

‘അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങള്‍ ഡയലോഗ് പറഞ്ഞു നോക്കും. അങ്ങനെ പറയണം. എല്ലാം ഒരു ലേണിങ് ആണ്. ഇതൊന്നും വലിയ അത്ഭുതമല്ല. ടു ബി വെരി ഫ്രാങ്ക്. 100 ശതമാനം ഫ്രാങ്കായി ഞാന്‍ പറയുകയാണ്. ഞാന്‍ ഈ പിള്ളേര്‍ കാണിക്കുന്ന കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കാറുണ്ട്.

എന്താ ഇവന്‍മാര് ചെയ്യുന്നത് എന്ന് നോക്കുന്നുണ്ട്. നമുക്ക് വല്ലതും പറ്റുമോ എന്ന് അറിയേണ്ടേ? അവര്‍ കാണിക്കുന്നത് എല്ലാം നമുക്ക് പറ്റില്ല. എങ്കിലും ചിലത് നമ്മളെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യും. നമ്മള്‍ ആരും എക്‌സ്‌പേര്‍ട്ടുകളല്ല. എല്ലാവരും എഫേര്‍ട്ട് ഇടുന്ന ആള്‍ക്കാരാണ്,’ മമ്മൂട്ടി പറഞ്ഞു.

അണ്‍പ്രഡിക്ടബിള്‍ ആക്ടര്‍ എന്നാണല്ലോ താങ്കളെ കുറിച്ച് പറയാറ്. സിനിമയോടുള്ള പാഷന്‍ എന്നതിന് അപ്പുറത്തേക്ക് സിനിമയ്ക്കായി എടുക്കുന്ന എഫേര്‍ട്ട് എന്താണെന്ന ചോദ്യത്തിന് അങ്ങനെ ഒരു എഫേര്‍ട്ട് ഒരു പ്രത്യേക സിനിമയ്ക്കായി എടുക്കുന്നതല്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

‘ഒരു സിനിമ ഡിമാന്റ് ചെയ്യുന്ന എഫേര്‍ട്ട് വേണം. ഒന്നും ഈസിയല്ല. കണ്ടാല്‍ തോന്നും ഈസിയാണെന്ന്. എല്ലാത്തിനും എഫേര്‍ട്ടുണ്ട്. അത് ഇട്ടേ പറ്റൂ. അത് ഏത് സിനിമയ്ക്കാണെങ്കിലും. എല്ലാത്തിലും നമ്മുടേതായ ശ്രമം വേണം,’ മമ്മൂട്ടി പറഞ്ഞു.

മമ്മൂക്ക ആണെങ്കില്‍ ഡയലോഗിന്റെ മോഡുലേഷന്‍ പറഞ്ഞുതരുമെന്ന് കോ സ്റ്റാര്‍സ് പറയാറുണ്ട്. പാട്രിയറ്റില്‍ അത്തരത്തില്‍ ഇടപെടല്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തില്‍ ഇല്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

എന്നാല്‍ ഉണ്ടെന്നും താന്‍ ഒരു ഡയലോഗിന്റെ സ്പീഡും ഗ്യാപും തിരുത്തിയിട്ടുണ്ടെന്നായിരുന്നു കുഞ്ചാക്കോ ബോന്റെ മറുപടി. ഒരു ഡയലോഗ് മറ്റൊരു രീതിയില്‍ പ്ലേസ് ചെയ്യാന്‍ മമ്മൂക്ക പറഞ്ഞിരുന്നെന്നും താന്‍ ആ രീതിയില്‍ അതിനെ മാറ്റിയെന്നും ചാക്കോച്ചന്‍ പറഞ്ഞു.

Content Highlight: Actor Mammoott about Newgen Actors