മമ്മൂട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വണ്‍ എന്ന സിനിമയില്‍ അഭിനയിച്ചതെന്ന് നടന്‍ മധു. ദേശാഭിമാനി ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്‍ ആയിരുന്നു താന്‍ അവസാനം അഭിനയിച്ച സിനിമയെന്നും മമ്മൂട്ടി സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചപ്പോള്‍ നോ പറയാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ സിനിമയില്‍ ഒറ്റ സീനില്‍ മാത്രമേ താന്‍ ഉണ്ടായിരുന്നുള്ളൂ എന്നും മമ്മൂട്ടി വീട്ടില്‍ വന്നാണ് ആ സിനിമയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത് എന്നും മധു പറഞ്ഞു.

‘ ഒറ്റ സീനില്‍ മാത്രമേ ആ സിനിമയില്‍ ഞാന്‍ ഉണ്ടായിരുന്നുള്ളൂ. മമ്മൂട്ടിയുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് മുന്നില്‍ എനിക്ക് നോ പറയാനായില്ല. അത് കൊണ്ട് മാത്രം അഭിനയിച്ച സിനിമയാണ് വണ്‍. കൊവിഡിന് മുമ്പ് മമ്മൂട്ടി വീട്ടില്‍ വന്നാണ് വണ്ണില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത്.

ആ സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവായി ഞാന്‍ തന്നെ അഭിനയിക്കണമെന്നും എന്നെയല്ലാതെ വേറൊരാളെയും ആ സീനിലേക്ക് കാണാനാകില്ലെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിക്ക് ഞാന്‍ വാക്ക് കൊടുക്കുകയും ചെയ്തു. കണ്ണമൂലയിലെ എന്റെ വീടിനടുത്ത് തന്നെയുള്ള മറ്റൊരു വീട്ടിലായിരുന്നു ഷൂട്ടിങ്ങ്. വൈകീട്ട് ആറ് മണിക്ക് ചെന്ന് ഒമ്പത് മണിക്ക് തീര്‍ത്ത് പോരുകയും ചെയ്തു. അതായിരുന്നു ഒടുവില്‍ അഭിനയിച്ച സിനിമ,’ മധു പറഞ്ഞു.

സര്‍ഗാത്മകമായി താന്‍ ആഗ്രഹിച്ചതെല്ലാം തന്നിലേക്ക് തേടി വന്നിട്ടുണ്ടെന്നും മധു ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘ ആഗ്രഹിച്ചതിനപ്പുറമുള്ള വേഷങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമായി കരുതുന്നു ആളാണ് ഞാന്‍. മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതെല്ലാം. അതിലപ്പുറം വലിയൊരു വേഷം ഇനിയെന്നെ തേടി വരാനും പോകുന്നില്ല,’ മധു പറഞ്ഞു.

content highlights: Actor Madhu said that he acted in the movie One under Mammootty’s insistence