മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് ഭാവന സ്റ്റുഡിയോസിന്റെ തങ്കം. ബിജു മേനോന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് ശ്രീനിവാസന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. അടുത്തിടെ മലയാള സിനിമയെ വിട്ടുപോയ കൊച്ചു പ്രേമനും സിനിമയില്‍ ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കൊച്ചു പ്രേമനെ ഓര്‍മിപ്പിച്ചുകൊണ്ട് തന്നെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരുപാട് ഹാസ്യ വേഷങ്ങള്‍ ചെയ്ത മലയാളികളെ ചിരിപ്പിച്ച നടന്റെ വേറിട്ടൊരു വേഷമാണ് തങ്കത്തിലേത്. മകന്‍ നഷ്ടപ്പെട്ട അച്ഛനായിട്ടാണ് ചിത്രത്തില്‍ കൊച്ചു പ്രേമനുള്ളത്.

സിനിമയില്‍ ഒരു ഗോവണിക്ക് താഴെ അദ്ദേഹം നില്‍ക്കുന്ന സീനുണ്ട്. ഒരു ഡയലോഗുപോലുമില്ലാത്ത ആ സീനില്‍ വെറും മുഖഭാവങ്ങളിലൂടെയാണ് അച്ഛന്റെ നോവ് അദ്ദേഹം അവതരിപ്പിക്കുന്നത്. നിസ്സഹായനായ ഒരു അച്ഛനെയാണ് കൊച്ചു പ്രേമന്‍ ചിത്രത്തില്‍ വരച്ചിട്ടത്.

ഒരു തോറ്റുപോയ മനുഷ്യനായാണ് കൊച്ചു പ്രേമനെ കാണിച്ചിട്ടുള്ളത്. കഥാപാത്രത്തിന്റെ മുഖഭാവവും ശരീര ഭാഷയും പോലും അതുപോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മകന്റെ വിയോഗത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് തന്റെ അവസ്ഥയെക്കുറിച്ചും അദ്ദേഹത്തിന്റെ കഥാപാത്രം പറയുന്നുണ്ട്.

കോയമ്പത്തൂരില്‍ ചായക്കടയായിരുന്നു. ഒരു സ്ഫോടനത്തില്‍ കട കത്തി നശിച്ചു. എങ്ങുമെത്താനാകാതെ പോയി. പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനിടയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം പറഞ്ഞു. മകന്‍ കണ്ണനെ പോലെ എങ്ങും എത്താതെ പോയ ഒരു കഥാപാത്രമായാണ് കൊച്ചു പ്രേമന്റെ കഥാപാത്രത്തെയും ചിത്രത്തില്‍ കാണിക്കുന്നത്.

അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രമാണ് തങ്കം. അദ്ദേഹം മരിച്ച സമയത്ത് തങ്കത്തിന്റെ കാര്‍ണോര്‍ക്ക് വിട എന്നായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കുറിച്ചത്. 2022 ഡിസംബര്‍ മൂന്നിനാണ് കൊച്ചു പ്രേമന്‍ മരിച്ചത്.

CONTENT HIGHLIGHT: ACTOR KOCHU PREMAN IN THE MOVIE THANKAM