തിയേറ്ററുകൾ ഇളക്കി മറിക്കുകയാണ് ടീം അതിരടി. റിലീസിന് പിന്നാലെ തന്നെ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാപ്രേമികൾക്കിടയിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
മാസ് മുഹൂർത്തങ്ങളും കോമഡി ട്രാക്കുകളും ആക്ഷൻ രംഗങ്ങളും ഒരുമിച്ച് കൊണ്ടുവന്ന ചിത്രം പ്രേക്ഷകരെ പൂർണമായും എന്റർടൈൻ ചെയ്യുന്നതായാണ് വിലയിരുത്തൽ.
ബേസിൽ ജോസഫ് നായകനായും ടൊവിനോ തോമസ് ശക്തമായ വില്ലൻ കഥാപാത്രമായും എത്തിയ ചിത്രത്തിൽ ഇരുവരുടെയും സ്ക്രീൻ പ്രസൻസ് വലിയ കൈയടി നേടുന്നുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന ‘കുട്ടൻ’ എന്ന കഥാപാത്രം സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നായാണ് മാറിയിരിക്കുന്നത്.
അതിരടി, Photo: YouTube/ Screengrab
നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നിട്ടും പ്രേക്ഷകരെ ദേഷ്യപ്പെടുത്താതെ സ്റ്റൈലും മാനറിസങ്ങളും കൊണ്ട് കൈയ്യടി നേടുകയാണ് താരം. ‘ആവേശം’ സിനിമയിലെ രംഗണ്ണനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള എനർജിയും പ്രകടനവുമാണ് ടൊവിനോ ചിത്രത്തിൽ നൽകുന്നതെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം.
എന്നാൽ ചിത്രത്തിൽ ഏറ്റവും വലിയ സർപ്രൈസായി മാറിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. സംഗീത സംവിധായകനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ഷാൻ, അഭിനയത്തിലും തനിക്ക് മികച്ച കഴിവുണ്ടെന്ന് ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
വലിയ താരനിരയ്ക്കൊപ്പം എത്തുമ്പോഴും ഒരു നിമിഷം പോലും പിന്നിലാകാതെ സ്വന്തം പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഷാനിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് കോമഡി രംഗങ്ങളിലെ ടൈമിംഗും സ്വാഭാവിക അഭിനയും ചിത്രത്തിന് കൂടുതൽ രസമേകുന്ന ഘടകങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
ചെറിയ സീനുകൾ പോലും തന്റെ പ്രകടനത്തിലൂടെ ഓർമിക്കപെടുന്ന തരത്തിലാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ എന്ന ഇമേജ് പൂർണമായും മാറ്റുന്ന തരത്തിലാണ് ഷാന്റെ അഭിനയമെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തൽ.
ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രവും ഏറെ സസ്പെൻസ് നിറച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. കഥയുടെ പ്രധാന ഘട്ടങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്ന കഥാപാത്രമായാണ് വിനീത് എത്തുന്നത്. അതേസമയം ബേസിൽ ജോസഫിന്റെ പുതിയ ലുക്കും സ്റ്റൈലിഷ് അവതരണവും ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ‘അതിരടി’ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ്. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായിരുന്ന അരുൺ, ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായി മാറുകയാണ്. പക്കാ തിയേറ്റർ എന്റർടൈനറായി മാറിയ ചിത്രം വരും ദിവസങ്ങളിലും മികച്ച പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
Content Highlight: About Shaan Rahman’s performance in the movie Athiradi
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.