ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ തകര്‍പ്പന്‍ വിജയം നേടിയിരിക്കുകയാണ്. ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ സെഞ്ച്വറി കരുത്തില്‍ 32 പന്ത് ശേഷിക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയ്ക്കും സഞ്ജു സാംസണും കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അഭിഷേക് പത്ത് പന്തില്‍ 21 റണ്‍സടിച്ചപ്പോള്‍ ഒമ്പത് പന്തില്‍ 11 റണ്‍സുമായാണ് സഞ്ജു പുറത്തായത്.

തന്റെ സ്വതസിദ്ധമായ വെടിക്കെട്ട് പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്താന്‍ അഭിഷേകിനായി. അന്താരാഷ്ട്ര ടി-20 മത്സരങ്ങളുടെ ആദ്യ ഓവറുകളില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്.

അഭിഷേക് ശര്‍മ

ഈ മത്സരത്തിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മാത്യു ഫോര്‍ഡിനെ സിക്‌സറടിച്ചതടക്കം 13 തവണയാണ് ഒന്നാം ഓവറില്‍ അഭിഷേക് സിക്‌സര്‍ നേടിയത്.

ടി-20യില്‍ ഇന്ത്യയ്ക്കായി ആദ്യ ഓവറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – നേരിട്ട പന്തുകള്‍ – സിക്‌സര്‍ എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 168 – 13*

രോഹിത് ശര്‍മ – 401 – 12

ഇഷാന്‍ കിഷന്‍ – 114 – 8

സഞ്ജു സാംസണ്‍ – 110 – 7

വിരേന്ദര്‍ സേവാഗ് – 37 – 4

യശസ്വി ജെയ്‌സ്വാള്‍ – 85 – 4

കെ.എല്‍. രാഹുല്‍ – 181 – 2

അഭിഷേക് ശര്‍മ. Photo: BCCI/x.com

അതേസമയം, ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.

ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയാണ് വേദി.

 

Content Highlight: Abhishek Sharma surpassed Rohit Sharma in most 6s for India in 1st over of T20I