ടി-20 ഫോര്‍മാറ്റിലെ തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തി മിസ്റ്റര്‍ 360 എ.ബി ഡി വില്ലിയേഴ്‌സ്. റാഷിദ് ഖാനാണ് താന്റെ എക്കാലത്തേയും പ്രിയപ്പെട്ട ടി-20 താരമെന്നാണ് അദ്ദേഹം പറഞ്ഞത്.
ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് താരം റാഷിദ് ഖാന്റെ പേര് പറഞ്ഞത്. തന്റെ സഹതാരങ്ങളായ വിരാട് കോഹ്‌ലിയുടെയോ ക്രിസ് ഗെയ്‌ലിന്റെയോ പേര് പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചുകൊണ്ടായികുന്നു ഡി വില്ലിയേഴ്‌സ് റാഷിദ് ഖാന്റെ പേര് പറഞ്ഞത്.
റാഷിദ് ഖാന് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വിസ്മയം തീര്‍ക്കുന്ന താരമാണെന്നും അദ്ദേഹത്തിന് സിംഹത്തിന്റെ മനസാനിധ്യമാണെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു. സൂപ്പര്‍സ്‌പോര്‍ട് ടി.വിയുടെ ക്യു ആന്‍ഡ് എ സെഷനിലായിരുന്നു ഡി വില്ലിയേഴ്‌സ് ഇക്കാര്യം പറഞ്ഞത്.


‘എന്റെ ഏറ്റവും ഇഷ്യപ്പെട്ട ടി-20 താരം, അത് മറ്റാരുമല്ല റാഷിദ് ഖാനാണ്. അവന്‍ ബാറ്റുകൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. രണ്ട് ഡിപ്പാര്‍ട്‌മെന്റിലും മാച്ച് വിന്നറാണ് റാഷിദ് ഖാന്‍. അവന്‍ ഗ്രൗണ്ടില്‍ ഏറെ പ്രസരിപ്പോടെയാണ് കളിക്കുന്നത്, സിംഹത്തിന്റെ മനസാണ് അവനുള്ളത്.
അവനെപ്പോഴും വിജയിക്കണം എന്ന ചിന്തയാണുള്ളത്. ഏറെ മത്സരബുദ്ധിയോടെയാണ് അവന്‍ കളിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടി-20 താരങ്ങളുടെ പട്ടികയെടുത്താല്‍ അവന്‍ അതിലുണ്ടാകും. അവന്‍ മികച്ച താരങ്ങളില്‍ ഒരാളല്ല, അവനാണ് മികച്ചത്,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
