നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ മുട്ടുമടക്കിക്കുക എന്നത് അസാധ്യമായ ഒരു കാര്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിന്റെ വിജയം.
കേന്ദ്ര മന്ത്രിസഭയിലെ മൂന്നാമനെന്നോ നാലാനെന്നോ വരെ വിശേഷിപ്പിക്കാവുന്ന ധര്‍മേന്ദ്ര പ്രധാന്റെ വിക്കറ്റ് തെറിപ്പിക്കാന്‍ ഒരുമാസത്തിലധികം നീണ്ട സി.ജെ.പി സമരത്തിന് കഴിഞ്ഞു.കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിനൊടുവിലെ ധര്‍മേന്ദ്ര പ്രധാന്റെ രാജി വിലയിരുത്തപ്പെടുന്നു.
വിലക്കയറ്റം മുതല്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ബുള്‍ഡോസര്‍ രാജും നിയമ ഭേദഗതികളും വരെയുള്ള ജനദ്രോഹ നയങ്ങള്‍ നടപ്പാക്കിയ മോദി സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം ഉയരുന്നത് ഇതാദ്യമായല്ല. എന്നാല്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കേന്ദ്രത്തിന് മുട്ട് മടക്കേണ്ടി വന്ന ഒരു പ്രതിഷേധം ഇതാദ്യമായാണ്. ഇതിന് കാരണങ്ങള്‍ പലതാണ്.
1- ജന്തര്‍ മന്ദറിനെ വളയുന്ന ജനസഞ്ചയം
കൂട്ടം കൂട്ടമായും ഒറ്റയ്ക്കും നിരവധി പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദല്‍ഹിയിലെ സമരപ്പന്തലിലേക്ക് ഒഴുകിയത്. സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലേക്ക് ഈ കാലയളവില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ കണക്കെടുത്താല്‍ തന്നെ കേന്ദ്രം തോല്‍വി സമ്മതിക്കാനുള്ള കാരണം വ്യക്തമാക്കും.
പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കോക്രോച്ചുകളുടെ സമരത്തെ പിന്തുണച്ചു. സി.ജെ.പിക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും യുവജന, വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തില്‍ പങ്കാളികളായി. കര്‍ഷക സമരം അടക്കമുള്ള മുന്‍കാല സമരങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചവരും ജന്തര്‍ മന്ദറിലെത്തിലെത്തി.
2- ഗോദി മീഡിയയെ മറികടന്ന് ബദല്‍ മാധ്യമങ്ങള്‍
സമരത്തെ തീവ്രവാദ ചാപ്പയടിച്ച് അടിച്ചമര്‍ത്താനുള്ള ഗോദി മീഡിയയുടെ ശ്രമങ്ങളും കോക്രോച്ച് സമരത്തിന് മുന്നില്‍ പരാജയപ്പെട്ടു. കോക്രോച്ച് ജനതാ പാര്‍ട്ടിയുടേത് അടക്കമുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ സമരത്തെക്കുറിച്ചും സമരത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ജനം മനസ്സിലാക്കി.
ഇന്‍ഫ്‌ളുവന്‍സര്‍മാരും ബദല്‍ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന് വിധേയപ്പെടാത്ത ചില മുഖ്യധാരാ മാധ്യമങ്ങളും ഈ സമരത്തെക്കുറിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ പ്രൊപ്പഗണ്ടയെ പരാജയപ്പെടുത്തുകയും ചെയ്തു.
ജന്തര്‍ മന്ദറില്‍ നിന്ന് അധികം ദൂരെയല്ല പല മുഖ്യധാരാ ദേശീയ മാധ്യമങ്ങളുടെയും ഓഫീസുകള്‍. എന്നിട്ടും മാനേജ്‌മെന്റ് വിലക്ക് കാരണം സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് പോകാന്‍ സാധിച്ചില്ലെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
സമരക്കാര്‍ക്കെതിരെ ഗോദി മീഡിയ സ്ഥിരം പ്രചാരണങ്ങളും നടത്തിയിരുന്നു, തീവ്രവാദ ആരോപണവും വിദേശ ഫണ്ടിങ് ആരോപണവും അടക്കമുള്ള ആരോപണങ്ങള്‍. പക്ഷേ അവയെല്ലാം ചീറ്റിപ്പോവുകയായിരുന്നു.
ഗോദി മീഡിയയുടെ കള്ളങ്ങള്‍ക്ക് പകരം ബദല്‍ മാധ്യമങ്ങളില്‍ നിന്നും ഇന്‍ഫ്‌ലൂവന്‍സര്‍മാരില്‍ നിന്നും സി.ജെ.പിയുടേത് അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും വസ്തുതകള്‍ ജനത്തിന് മുന്നിലെത്തി. ഗോദി മീഡിയ അവതാരകരുടെ ഗര്‍ജനങ്ങള്‍ ഉണ്ടയില്ലാ വെടികള്‍ മാത്രമായൊതുങ്ങി
3- രാജ്യം മൊത്തം വ്യാപിച്ച സമരം
ജന്തര്‍ മന്ദറിലെ സമരം സമീപ ദിവസങ്ങളിലായി രാജ്യത്തൈ വിവിധ നഗരങ്ങളിലേക്ക് വ്യാപിച്ചിരുന്നു. കേരളത്തില്‍ തന്നെ എല്ലാ ജില്ലകളിലും ഒന്നിലധികം നഗരങ്ങളിലും പട്ടണങ്ങളിലുമായി നിരവധി ഐക്യദധാര്‍ഢ്യ പരിപാടികള്‍ നടന്നു.
രാജ്യത്തെ മെട്രോ നഗരങ്ങളില്‍ മാത്രമല്ല സംസ്ഥാനങ്ങളിലെ ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളിലും ജന്തര്‍ മന്ദര്‍ സമരത്തിന്റെ ചെറിയ രൂപങ്ങളെന്ന പോലുള്ള വലിയ പ്രക്ഷോഭങ്ങള്‍ നടന്നു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ച കുത്തഴിഞ്ഞ വിദ്യാഭ്യാസ നയത്തിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ മറ്റ് ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനും ജനം ഈ പ്രതിഷേധങ്ങളിലേക്ക് ഒഴുകിയെത്തി. രാജ്യമാകെ പ്രതിഷേധം വ്യാപിച്ചു.
4- മധ്യവര്‍ഗത്തിന്റെ സാന്നിദ്ധ്യം
ഇന്ത്യയില്‍ ബി.ജെ.പിയുടെ വോട്ടുബാങ്കായി വിലയിരുത്തപ്പെടാറുള്ള മധ്യവര്‍ഗത്തില്‍ നിന്നുള്ളവര്‍ തന്നെ സി.ജെ.പി സമരകാലത്ത് തങ്ങളുടെ നിലപാടുകള്‍ മാറ്റി കേന്ദ്ര നയങ്ങളെ എതിര്‍ത്തു. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച എന്ന വിഷയം മിഡില്‍ ക്ലാസിന് റിലേറ്റ് ചെയ്യാന്‍ പറ്റിയ ഒരു വിഷയം കൂടിയായിരുന്നു.
മേയ് മാസത്തില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ച കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സംഘപരിവാരം സൈബര്‍ ആക്രമണം നടത്തിയിരുന്നു. തങ്ങള്‍ പിന്തുണക്കുന്ന സംഘപരിവാരം നാളെ തങ്ങളുടെ മക്കള്‍ക്കെതിരെയും തിരിഞ്ഞേക്കാമെന്ന് മധ്യവര്‍ഗ കുടുംബങ്ങളെ ബോധിപ്പിക്കുന്നതായി മാറി ഇത്തരം സംഭവങ്ങള്‍.
ഇത്രയും കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരെ തീവ്രവാദ മുദ്രകുത്തി അപരവല്‍ക്കരിച്ച നയമായിരുന്നു ഈ രാജ്യത്തെ ഭരണാധികാരികളില്‍ നിന്നും അവരെ പിന്തുണക്കുന്നവരില്‍ നിന്നുമുണ്ടായത്. ഇത്തരം മുദ്രകുത്തുകള്‍ ഏറ്റുപറഞ്ഞവര്‍ക്ക് വരെ ഇന്നോ നാളെയോ തങ്ങളും ഇത്തരം മുദ്രകുത്തലുകള്‍ നേരിടേണ്ടി വരാം എന്ന തോന്നല്‍ വരാനും നിലവിലെ സാഹചര്യങ്ങള്‍ കാരണമായി.
5- സമരങ്ങളുടെ രൂപമാറ്റം
സമരങ്ങളുടെ രൂപങ്ങള്‍ ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. ഡിജിറ്റല്‍ നേറ്റീവ് ആയ ഒരു തലമുറയാണ് ഇപ്പോള്‍ സി.ജെ.പി സമരത്തില്‍ പങ്കാളികളായത്.
യു.എസില്‍ ഡോണാള്‍ഡ് ട്രംപിനെ ഒരു ബഹുമാനവുമില്ലാതെ ട്രോളുന്ന മീമുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വളരെ കൂളായി മീമുകളിലൂടെ ഓണ്‍ലൈനിലും മുദ്രാവാക്യങ്ങളിലൂടെ ഓഫ്‌ലൈനിലും ട്രോളിക്കൊണ്ട് സമരവും പ്രചാരണവും മുന്നോട്ട് കൊണ്ട് പോവാന്‍ സമരക്കാര്‍ക്ക് സാധിച്ചു.
പലപ്പോഴും ഇവിടെ ഒപ്രഷന്‍ അനുഭവിക്കുന്നവര്‍ മാത്രമായിരുന്നു ഇവിടത്തെ ഭരണകൂടത്തോട് ധീരമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. ഭരണാധികാരികളോട് നേര്‍ക്ക് നിന്ന് ഏറ്റുമുട്ടാനുള്ള ധൈര്യവും അവര്‍ പ്രകടിപ്പിച്ചിരുന്നു. അതുപോലെ ഡിസന്റ് എന്നതിനെ ഒരു റിബല്യസ് ആക്ട് എന്ന നിലയില്‍ മാത്രം പ്രകടിപ്പിക്കാനായിരുന്നു മുന്‍ കാലങ്ങളില്‍ പറ്റിയത്.
ഡിസന്റ് വില്ലനൈസ് ചെയ്യപ്പെടുക എന്നതും ഹിന്ദുത്വത്തിന്റെ വിദ്വേഷ രാഷ്ട്രീയം സ്വാഭാവിക വത്കരിക്കപ്പെടുക എന്നതുമായിരുന്നു 2014ല്‍ മോദി ഭരണകൂടം അധികാരത്തിലേറ്റ ശേഷം രാജ്യത്തുണ്ടായ അനേകം മോശം മാറ്റങ്ങളിലൊന്ന്. എന്നാല്‍ സമീപ കാലത്ത് നടത്ത പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരവും, കര്‍ഷക സമരവും ഈ ഡിസന്റ് വില്ലനൈസ് ചെയ്യപ്പെടുന്ന അവസ്ഥയില്‍ നിന്ന് ഡിസന്റിനെ സ്വാഭാവികമായ ഒരു കാര്യമാക്കി അവതരിപ്പിക്കുന്ന അവസ്ഥയിലേക്കുള്ള വഴി തുറുന്നു.
ഇപ്പോള്‍ സി.ജെ.പി സമരം ഡിസന്റിനെ കൂടുതല്‍ നോര്‍മലൈസ് ചെയ്തു. ഭരണകൂടത്തോടുള്ള വിമര്‍ശനത്തെ കൂടുതല്‍ സ്വാഭാവിക വത്കരിക്കാന്‍ പറ്റി. ഭരണകൂട പക്ഷത്തിന്റെ വെറുപ്പും വംശീയതയും സ്വാഭാവിക വത്കരിക്കപ്പെട്ട ഒരു അന്തരീക്ഷം ക്രമേണ മാറുകയും ഡിസന്റ് സ്വാഭാവിക വത്കരിക്കപ്പെട്ട അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്തു.
ധര്‍മേന്ദ്ര പ്രധാന്റ വിക്കറ്റും സീക്വലുകളും
ഈ വര്‍ഷം മേയിലാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ഒരു ഓണ്‍ലൈന്‍ എന്റിറ്റിയായി പ്രവര്‍ത്തനം തുടങ്ങുന്നത്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കം ഈ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിലുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി തന്നെ ആയിരുന്നു സി.ജെ.പിയുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍.
രാജ്യത്തെ യുവാക്കളില്‍ നിന്നും സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി എന്നിവയുടെ നേതാക്കളില്‍ നിന്നും സര്‍ക്കാരിനെതിരെ വിമര്‍ശനാത്മക നിലപാട് എടുക്കുന്ന ആക്ടിവിസ്റ്റുകളില്‍ നിന്നുമെല്ലാം അന്ന് സി.ജെ.പിയുടെ ഇടപെടലുകള്‍ക്ക് പിന്തുണ ലഭിച്ചിരുന്നു.
ജൂണ്‍ ആറിനാണ് സി.ജെ.പി ആദ്യമായി ഓണ്‍ലൈനില്‍ നിന്ന് ഓഫ്‌ലൈനിലേക്ക് വ്യാപിച്ചത്. സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ യു.എസിലെ ബോസ്റ്റണില്‍ നിന്ന് ദല്‍ഹിയില്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ജന്തര്‍ മന്ദറില്‍ സി.ജെ.പിയുടെ ആദ്യ പ്രതിഷേധ പരിപാടി.
ആ പ്രതിഷേധ പരിപാടി കഴിഞ്ഞതിന് പിന്നാലെ അഭിജീത് ദീപ്‌കെ പറഞ്ഞിരുന്നു ഇതൊരു ട്രെയ്‌ലര്‍ മാത്രമാണെന്ന്. അത് ശരിയായിരുന്നു. പിക്ചര്‍ അപ്പോഴും ബാക്കിയുണ്ടായിരുന്നു.
ട്രെയ്‌ലറിന് പിന്നാലെ ജൂണ്‍ 11 മുതല്‍ 19 വരെ പൂനെ, ബെംഗലൂരു, ഹൈദരാബാദ്, അമൃത്സര്‍, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിലും സി.ജെ.പി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. അതിന് പിന്നാലെ ജൂണ്‍ 20ന് ജന്തര്‍ മന്ദറില്‍ അനിശ്ചിത കാല പ്രതിഷേധവും സി.ജെ.പി ആരംഭിച്ചു.
ജൂണ്‍ 20ന് ജന്ദര്‍ മന്തറില്‍ കോക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധം ഒരുമാസത്തിലധികം നീണ്ട ശേഷമാണ് ഇപ്പോള്‍ ധര്‍മേന്ദ്ര പ്രധാന്റെ വിക്കറ്റ് തെറിച്ചിരിക്കുന്നത്. സോനം വാങ്ചുക്കിന്റെ നിരാഹാര സമരവും ഇതിനിടെ ആരംഭിച്ചു.
ദിവസങ്ങള്‍ കഴിയും തോറും സമരത്തിന് ജനപിന്തുണ വര്‍ധിച്ചു. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഐസ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളും സമരത്തില്‍ പങ്കാളികളായി.
അവസാന ദിവസങ്ങളിലേക്കെത്തുമ്പോള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിനൊപ്പം ചേര്‍ന്നു. സെലിബ്രിറ്റികളടക്കമുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചു. മോദി സര്‍ക്കാരിന്റെ നിലപാട് ഒരു മയവുമില്ലാതെ വലിച്ചുകീറാന്‍ ജനങ്ങള്‍ക്ക് പറ്റി.
ഓരാ ദിവസവും ഓരോ മണിക്കൂറിലും ഓരോ മിനിറ്റിലും സമരത്തിനുള്ള ജന പിന്തുണ വര്‍ധിക്കുകയും സമരം കൂടുതല്‍ ശക്തമാവുകയും ചെയ്തു. ഇതോടെ മറ്റ് ഗതിയില്ലാതെ ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തിന് മുന്നില്‍ കേന്ദ്രം മുട്ട് മടക്കി.
ജൂണ്‍ ആറിന് നടത്തിയ സമരത്തെക്കുറിച്ച് അന്ന് അഭിജീത് ദീപ്‌കെ പറഞ്ഞത് ഇത് വെറും ട്രെയ്‌ലറാണെന്നും പിച്ചര്‍ അഭി ബാക്കി ഹേ എന്നുമായിരുന്നു. ആ പിക്ചര്‍ ആണ് ജൂണ്‍ 20ന് ആരംഭിച്ചത്. ഇപ്പോള്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി അതിന്റെ ക്ലൈമാക്‌സും. ധാരാളം സീക്വലുകള്‍ക്കുള്ള പ്രതീക്ഷ ബാക്കിവെക്കുന്ന ക്ലൈമാക്‌സ്.
Content Highlight: 5 Reasons Behind Success of Cockroach Janata Party Protest
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.