ഒമ്പത് ലോകകപ്പോ! വരിമിച്ച രോഹിത്തിനും കളത്തിലില്ലാത്ത ഷാകിബിനും കൂട്ടായി ഇനി ക്യാപ്റ്റന്‍ സ്‌റ്റെര്‍ലിങ്ങും
T20 world cup
ഒമ്പത് ലോകകപ്പോ! വരിമിച്ച രോഹിത്തിനും കളത്തിലില്ലാത്ത ഷാകിബിനും കൂട്ടായി ഇനി ക്യാപ്റ്റന്‍ സ്‌റ്റെര്‍ലിങ്ങും
ആദര്‍ശ് എം.കെ.
Sunday, 8th February 2026, 10:09 pm

ഏറ്റവുമധികം ടി-20 ലോകകപ്പുകളില്‍ ഭാഗമായ താരം, ഈ റെക്കോഡില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസനുമൊപ്പവുമെത്തി ചരിത്രമെഴുതിയിരിക്കുകയാണ് ഐറിഷ് നായകന്‍ പോള്‍ സ്‌റ്റെര്‍ലിങ്. കരിയറിലെ ഒമ്പതാം ലോകകപ്പിനാണ് സ്റ്റെര്‍ലിങ് ഇത്തവണ കളത്തിലിറങ്ങിയത്.

ലോകകപ്പിന്റെ ആദ്യ എഡിഷനായ 2007ല്‍ മാത്രമാണ് സ്റ്റെര്‍ലിങ് ബിഗ് ഇവന്റിന്റെ ഭാഗമാകാതെ പോയത്. അന്ന് അയര്‍ലന്‍ഡ് ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. ഒരുപക്ഷേ ഐറിഷ് ആര്‍മി യോഗ്യത നേടിയിരുന്നെങ്കിലും 2009ല്‍ ടി-20 അരങ്ങേറ്റം കുറിച്ച താരം ടീമിന്റെ ഭാഗമാവുകയും ചെയ്യുമായിരുന്നില്ല.

2007 മുതല്‍ 2024 വരെ എല്ലാ ലോകകപ്പുകളിലും കളിച്ച രോഹിത്തും ഷാകിബും 2026 ലോകകപ്പിന്റെ ഭാഗമാകാതെ പോയതോടെയാണ് ഇരുവര്‍ക്കുമൊപ്പം സ്റ്റെര്‍ലിങ്ങും ഇടം പിടിച്ചത്.

ഏറ്റവുമധികം ടി-20 ലോകകപ്പുകളുടെ ഭാഗമായ താരങ്ങള്‍

(താരം – ടീം – എത്ര ലോകകപ്പ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 9

ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 9

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 9*

മഹ്‌മദുള്ള – ബംഗ്ലാദേശ് – 8

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 8

മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 8

(ഒരു ലോകകപ്പ് എഡിഷനില്‍ ചുരുങ്ങിയത് ഒരു മത്സരമെങ്കിലും കളിച്ചിരിക്കണം)

അതേസമയം, ചരിത്രമെഴുതിയ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സ്‌റ്റെര്‍ലിങ്ങിന് സാധിച്ചില്ല. 13 പന്തില്‍ ആറ് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. കുശാല്‍ മെന്‍ഡിസിന്റെ അര്‍ധ സെഞ്ച്വറിയുടെയും കാമിന്ദു മെന്‍ഡിസിന്റെ വെടിക്കെട്ടിന്റെയും കരുത്തിലാണ് ലങ്ക മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

കുശാല്‍ മെന്‍ഡിസ് 43 പന്ത് നേരിട്ട് 56 റണ്‍സ് നേടി. അഞ്ച് ഫോറടക്കം 130.23 എന്ന സ്‌ട്രൈക് റേറ്റിലായിരുന്നു താരം സ്‌കോര്‍ ചെയ്തത്.

രണ്ട് സിക്‌സറും സിക്‌സറിന്റെ ഇരട്ടി ഫോറും അടങ്ങുന്നതായിരുന്നു കാമിന്ദു മെന്‍ഡിസിന്റെ പ്രകടനം. 19 പന്ത് നേരിട്ട താരം 44 റണ്‍സ് നേടി. 231.58 എന്ന സ്‌ട്രൈക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

അയര്‍ലന്‍ഡിനായി ജോര്‍ജ് ഡോക്രെല്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഗാരത് ഡിലാനി, മാര്‍ക് അഡയര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content Highlight: 2026 T20 World Cup: Paul Stirling has set the record for the most appearances in the Men’s T20 World Cups.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.