ന്യൂദല്‍ഹി: സി.ജെ.പി കോഡിനേറ്റര്‍ അഭിജിത് ദീപ്‌കെ, സഹ കോഡിനേറ്റര്‍മാരായ അഷുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളായിട്ടും അവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് സംഘടനയുടെ ഓര്‍ഗണൈസേഷന്‍ ഇന്‍ചാര്‍ജ് അജിങ്ക്യ ഷിന്‍ഡെ. ഇവരെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്കെഴുതിയ കത്ത് ഷിന്‍ഡെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ഈ നടപടിയെ തങ്ങള്‍ ശക്തമായി അപലപിക്കുന്നതായും സംഘടന വ്യക്തമാക്കി. ദീപ്‌കെ അടക്കമുള്ളവര്‍ എവിടെയാണെന്ന വിവരം ഉടന്‍ ലഭ്യമാക്കണമെന്നും സംഘടന ആവവശ്യപ്പെട്ടു. കസ്റ്റഡിയിലുള്ള നേതാക്കള്‍ക്ക് അവരുടെ അഭിഭാഷകരെ കാണാന്‍ അവസരമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘മുംബൈയില്‍ നിന്ന് ന്യൂദല്‍ഹിയിലെത്തിയ ഉടന്‍ തന്നെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി കണ്‍വീനര്‍ അഭിജീത് ദിപ്‌കെ, സഹ-കണ്‍വീനര്‍മാരായ സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ അടിയന്തരമായി അറിയുന്നതിനാണ് ഞാന്‍ ഈ കത്തെഴുതുന്നത്. വിമാനത്തിനുള്ളില്‍ വെച്ചാണ് അവരെ കസ്റ്റഡിയിലെടുത്തത്.

12 മണിക്കൂര്‍ പിന്നിട്ടിട്ടും അവരെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല,’ എന്ന് ശനിയാഴ്ച രാത്രി 11 മണിക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തില്‍ പറയുന്നു.

കസ്റ്റഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.ജെ.പി നേതാക്കളുടെ കുടുംബാംഗങ്ങളെ പൊലീസ് അറിയിച്ചിട്ടില്ല. അഭിഭാഷകര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നില്ല. അവരെ എവിടേക്കാണ് കൊണ്ടുപോയതെന്നോ, ഒരുമിച്ചാണോ അതോ വെവ്വേറെയാണോ പാര്‍പ്പിച്ചിരിക്കുന്നതെന്നോ അറിയില്ല. ഏത് ഏജന്‍സിയാണ് അവരെ കസ്റ്റഡിയിലെടുത്തതെന്ന് ആര്‍ക്കും അറിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് തികച്ചും അംഗീകരിക്കാനാവാത്ത കാര്യമാണ്. അവരുടെ കസ്റ്റഡിയിലെടുക്കലിന്റെ നിയമസാധുതയെക്കുറിച്ചും മൗലികാവകാശങ്ങളുടെ ലംഘനത്തെക്കുറിച്ചും ഇത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ വിവരങ്ങള്‍ അറിയിക്കാതെ വ്യക്തികളെ പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കുന്നു. ഇത് അടിയന്തരമായി സര്‍ക്കാര്‍ ഉത്തരം പറയേണ്ട ഗൗരവകരമായ വിഷയമാണെന്നും സി.ജെ.പി വ്യക്തമാക്കി.

അതേസമയം, അഭിജിത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സംസാരിക്കാന്‍ പോലും കുടുംബത്തെ പൊലീസ് അനുവദിക്കുന്നില്ലെന്ന് സി.ജെ.പി പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് അക്ഷയ് മറാത്തെ പറഞ്ഞു. അഭിജിതിനെതിരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ല. ഒന്നിനും വേണ്ടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുമില്ല. പോലീസ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും മറാത്തെ പറഞ്ഞു.

മാനവികത വിജയിക്കുമെന്നും, അദ്ദേഹം ഉടന്‍ മോചിപ്പിക്കപ്പെടുമെന്നും പ്രത്യാശിക്കുന്നു. ഈ കഷ്ടപ്പാട് നിറഞ്ഞ അവസ്ഥയില്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ദുഖം പങ്കുവെക്കാനെങ്കിലും ദീപ്‌കെയെ അനുവദിക്കുമെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ നിന്ന് ദല്‍ഹിയിലെത്തിയ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ശനിയാഴ്ച രാവിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ കയറി പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlight: 12 hours, No information, No accountability: CJP Demands Immediate Demand of Abhijeet Dipke, Saurav Das and Ashuthosh Ranka