ന്യൂദല്‍ഹി: പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്റായ നെസ്‌ലെ മാഗിയുടെ പാക്കറ്റില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി. മുംബൈ കല്യാണ്‍ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. പാകം ചെയ്യുന്നതിനായി എടുത്ത മാഗി പാക്കറ്റില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്നും 2027 വരെ കാലാവധിയുള്ള പാക്കറ്റിനാണ് ഇത് സംഭവിച്ചതെന്നും ഉപഭോക്താവ് പറയുന്നു. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വീഡിയോ പ്രചരിച്ചതോടെ കമ്പനി പ്രതികരണവുമായി രംഗത്തെത്തി. മാധ്യമ വാര്‍ത്തകളിലൂടെയാണ് തങ്ങള്‍ സംഭവമറിഞ്ഞതെന്നും പരാതിക്കാരന്‍ ഇതുവരെ തങ്ങളേയോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ ബന്ധപ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു.

‘ പ്രചരിക്കുന്ന വാര്‍ത്തയുടെ ആധികാരികത വ്യക്തമല്ല, പരാതിക്കാരന്‍ ഇതുവരെ ഞങ്ങളുമായി ബന്ധപ്പെട്ടില്ല, അതിനാല്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ കഴിയില്ല,’ കമ്പനി പറയുന്നു.

ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് ബാധകമായ എല്ലാ ഗുണനിലവാര സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അസംസ്‌കൃത വസ്തുക്കളുടെ ഉറവിടം മുതല്‍ നിര്‍മാണ, പാക്കേജിങ് ഘട്ടങ്ങള്‍ വരെ ഓരോ ഉത്പന്നവും ഒന്നിലധികം ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കാറുണ്ടെന്നും കമ്പനി പറയുന്നു.

ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ വിപണിയിലുള്ള വിവിധ ബാച്ചിലുള്ള മാഗിയുടെ സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഉപഭോക്തൃ സംഘടനകളുടെ ആവശ്യം.

 

Content Highlight: Worms in Maggi: Nestle responds after video goes viral.