എന്തുകൊണ്ട് അപകടമുണ്ടായി? അജിത് പവാറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിങ്ങും
India
എന്തുകൊണ്ട് അപകടമുണ്ടായി? അജിത് പവാറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിങ്ങും
രാഗേന്ദു. പി.ആര്‍
Wednesday, 28th January 2026, 4:37 pm

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എം.പിയുമായ ദിഗ്‌വിജയ് സിങ്.

അജിത് പവാറിന്റെ മരണത്തില്‍ ദുഖമുണ്ടെന്നും ഒരു നീണ്ട രാഷ്ട്രീയ ജീവിതമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. വാര്‍ത്താ ഏജന്‍സികളായ എ.എന്‍.ഐയോടും പി.ടി.ഐയോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജിത് പവാര്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടതിലും ദിഗ്‌വിജയ് സിങ് ആശങ്കയറിയിച്ചു. എന്തുകൊണ്ട് ഈ അപകടം സംഭവിച്ചുവെന്ന് കോണ്‍ഗ്രസ് എം.പി ചോദിച്ചു.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് മൂന്ന് വര്‍ഷം മുമ്പ് ഇതേ കമ്പനിയുടെ വിമാനം മുംബൈയില്‍ വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു. കുറഞ്ഞ ദൃശ്യപര്യത മൂലമാണ് അന്ന് അപകടമുണ്ടായത്. സമാനമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അങ്ങനെയാണെങ്കില്‍ അപകടത്തില്‍പ്പെട്ട എയര്‍ക്രാഫ്റ്റ് കമ്പനിയുടെ വിമാനത്തിന്റെ അറ്റകുറ്റപണികള്‍ ആരാണ് ചെയ്യുന്നതെന്നും ദിഗ്‌വിജയ് ചോദിച്ചു. അപകടത്തില്‍ ഡി.ജി.സി.എ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് (ബുധന്‍) രാവിലെ 8.45നാണ് സ്വകാര്യ വിമാനം തകര്‍ന്ന് അജിത് പവാര്‍ കൊല്ലപ്പെട്ടത്. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.

വിമാനത്താവളത്തിന് സമീപത്തുള്ള വയലിലാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ അജിത് പവാര്‍ അടക്കം വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചു.

വിമാനം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിയത്. അപകടത്തില്‍ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനായി ബാരാമതിയിലേക്ക് പോകവെയാണ് അജിത് പവാര്‍ കൊല്ലപ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കമുള്ള നേതാക്കള്‍ ബാരാമതി വിമാനത്താവളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള കൃത്യമായ അന്വേഷണം നടത്തണമെന്നാണ് മമത ആവശ്യപ്പെട്ടിരിക്കുന്നത്.

നാളെ (വ്യാഴം) രാവിലെ 11 മണിക്ക് അജിത് പവാറിന്റെ സംസ്‌കാരം നടക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

Content Highlight: Why did the accident happen? Digvijay Singh demands investigation into Ajit Pawar’s death

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.