സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് ചെമ്പിൽ അശോകൻ സിനിമയിലെത്തുന്നത്. സഹനടനായും ഹാസ്യനടനായും മലയാളി പ്രേക്ഷർക്ക് സുപരിചിതനാണ് ചെമ്പിൽ അശോകൻ. ഒ.ടി.ടിയിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലും താരം ഭാഗമായിട്ടുണ്ട്. സിനിമയിൽ മമിതയുടെ കഥാപാത്രമായ ആഷ്‌ലിയുടെ ഗ്രാൻഡ് ഫാദറായാണ് നടൻ വേഷമിട്ടിരിക്കുന്നത്.
‘ഇവിടം സ്വർഗമാണ്’ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ കിട്ടിയ കയ്യടിയെപ്പറ്റിയും നടൻ തിലകൻ തന്നെ അഭിനന്ദിച്ചതിന്റെ ഓർമകളും പറയുകയാണ് ചെമ്പിൽ അശോകൻ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
‘ഇവിടം സ്വർഗമാണ് എന്ന സിനിമയിൽ തിലകനുമായിട്ടു ഒരു സെന്റിമെന്റൽ സീനുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോൾ ഭയങ്കര കയ്യടിയായിരുന്നു. എനിക്ക് ആദ്യമായിട്ടായിരുന്നു കയ്യടി കിട്ടിയത്. അന്ന് ഞാൻ സിനിമയിലെത്തിയിട്ട് കുറച്ചേ ആയിട്ടുള്ളു. അവിടെ ഉള്ളവർ പരസ്പരം അതാരാണെന്നൊക്കെ ചോദിക്കുകയും പുതിയ പയ്യനാണെന്നൊക്കെ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

ചെമ്പിൽ അശോകൻ Photo: IMDb/Screen Grab
ആ ഷോട്ട് കഴിഞ്ഞ് തിലകൻ ചേട്ടൻ എന്നെ വാടാ എന്ന വിളിച്ച് കൈയൊക്കെ തന്നു. അപ്പൊത്തന്നെ ഓസ്കർ കിട്ടിയ പോലെയായിരുന്നു. പൊന്നമ്മ ചേച്ചി ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അവിടെ വയ്യാതെ ഇരിക്കുകയായിരുന്നു. ചേച്ചിയും അടുത്തേക്ക് വിളിച്ച് അഭിനന്ദിച്ചു. തുടക്കക്കാരൻ എന്ന നിലയിൽ എനിക്കത് വലിയ സംഭവമായിരുന്നു.’ താരം പറഞ്ഞു.
ഭാഗ്യദേവത സിനിമ അഭിനയിച്ചിട്ട് തനിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലായെന്നും നടൻ പറഞ്ഞു. ഭാഗ്യദേവതയിൽ തനിക്ക് മൂന്ന് സീനേയുള്ളു പക്ഷെ നോട്ടബിൾ ആണെന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞതെന്നും അശോകൻ കൂട്ടിച്ചേർത്തു. സിനിമയിലെ തങ്കു ആശാൻ എന്ന കഥാപാത്രം ആദ്യം തനിക്ക് ദഹിച്ചില്ലെന്നും താരം പറഞ്ഞു. കഥാപാത്രവും ഡയലോഗും തമ്മിലുള്ള വൈരുധ്യം കാരണമാണ് ആദ്യം ദഹിക്കാതിരുന്നത് പിന്നീട് സംവിധായകനുമായി സംസാരിച്ചപ്പോൾ ശരിയായയെന്നും നടൻ വ്യക്തമാക്കി.

ചെമ്പിൽ അശോകൻ Photo: IMDb/Screen Grab
സിനിമയിൽ എത്തുന്നതിനു മുമ്പ് പ്രൊഫഷണൽ നാടക രംഗത്ത് സജീവമായിരുന്നു നടൻ. പിന്നീട് അരനാഴികനേരം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മിനിസ്ക്രീനിലെത്തി. അതിനു പിന്നാലെയാണ് സിനിമയിലേക്കെത്തുന്നത്. ഇരുന്നൂറോളം സിനിമയിൽ ഭാഗമായ താരം ഇപ്പോൾ മലയാള സിനിമയിൽ സജീവമാണ്. സെല്ലുലോയ്ഡ് , കഥ തുടരുന്നു , ജാൻ.എ.മൻ , സർവ്വം മായ തുടങ്ങിയവയാണ് ചെമ്പിൽ അശോകൻ അഭിനയിച്ച മറ്റു സിനിമകൾ.
Content Highlight: When Thilakan Chettan shook my hand, it felt like winning an Oscar; as a newcomer, it was a huge moment for me said Chembil Ashokan
