ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിന് ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.
ഞങ്ങളുടെ ദിനങ്ങള്‍ തിരിച്ചുവന്നാല്‍ എന്താണ് സംഭവിക്കുകയെന്നും സര്‍ക്കാര്‍ മാറിവരുമെന്നത് ഓര്‍ത്തോളൂ എന്നുമായിരുന്നു ശിവരാജ് സിങ്ങിന്റെ ഭീഷണി.
” പശ്ചിമബംഗാളില്‍ മമതാ ദീദി ഞങ്ങളെ നിലത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. അതിന് ശേഷമിതാ കമല്‍നാഥ് ദാദ വന്നിരിക്കുന്നു. പ്രിയപ്പെട്ട കളക്ടര്‍, ഞാന്‍ പറയുന്നത് ശ്രദ്ധിച്ചുകേട്ടോളൂ.. ഞങ്ങളുടെ ദിനങ്ങള്‍ തിരിച്ചു വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ മാറി വരും. അക്കാര്യം ഓര്‍ത്തോളൂ”- ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
ചിന്ദ്‌വാരയിലെ ഉംറേത്തില്‍ ഇന്നലെ വൈകീട്ട് 5 30 നായിരുന്നു ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അഞ്ച് മണിക്ക് ലാന്റിങ് നടത്തണമെന്നും അല്ലാത്തപക്ഷം അനുമതി നല്‍കാനാവില്ലെന്നും അധികാരികള്‍ അറിയിക്കുകയായിരുന്നു.
” 5 30 ന് ഉംറേത്തില്‍ എത്താനായിരുന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അഞ്ച് മണിക്ക് മാത്രമേ അനുമതി നല്‍കൂവെന്ന് സ്റ്റാഫ് വന്ന് പറഞ്ഞു. ഞാന്‍ വിവിധ സംസ്ഥാനങ്ങളില്‍ റാലികള്‍ നടത്തുന്നുണ്ട്. അവിടെ എവിടേയും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. ആറ് മണിയോടെ തനിക്ക് അനുമതി നല്‍കണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. ഇത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. സര്‍ക്കാര്‍ വരും പോകും. ഇത്തരത്തില്‍ ആരും പ്രവര്‍ത്തിക്കാന്‍ പാടില്ല”- ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
അതേസമയം ശിവരാജ് സിങ്ങിന്റെ പ്രസ്താവനയ്ക്കതിരെ കളക്ടര്‍ ശ്രീനിവാസ് ശര്‍മ രംഗത്തെത്തി. നിയമം അനുസരിച്ച് മാത്രമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുള്ളൂവെന്നായിരുന്നു കളക്ടര്‍ പറഞ്ഞത്.’ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് ഹെലികോപ്റ്റര്‍ ലാന്റിങ്ങിന് അനുമതി. 5:20 നാണ് അവര്‍ അനുമതി ചോദിച്ചത്. അതുകൊണ്ടാണ് അത് നിഷേധിച്ചത്’- ശ്രീനിവാസ് ശര്‍മ പറഞ്ഞു.
കളക്ടറെ ഭീഷണിപ്പെടുത്തിയ ശിവരാജ് സിങ് ചൗഹാനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സാലൂജയും രംഗത്തെത്തി. നിയമം അനുസരിച്ച് മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും 13 വര്‍ഷം മുഖ്യമന്ത്രി പദത്തിലിരുന്നിട്ടും അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ അങ്ങേയറ്റം മോശമാണെന്നും സാലൂജ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ശിവരാജ് സിങ് ചൗഹാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
