ന്യൂദല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യവ്യാപകമായ പ്രതിഷേധം വിജയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചതിന് പിന്നാലെ തങ്ങളുടെ ഭാവി പരിപാടികള്‍ വ്യക്തമാക്കി സി.ജെ.പി. നിലവില്‍ പൂര്‍ണ സമയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ലെന്നാണ് സി.ജെ.പി നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ ഭാവിയില്‍ അതിനുള്ള സാധ്യതകള്‍ പൂര്‍ണമായും അടച്ചിട്ടില്ലെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു.
ടൈംസ് നൗവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സി.ജെ.പി വക്താവിന്റെ വെളിപ്പെടുത്തല്‍. യുവാക്കളുടെ നേതൃത്വത്തിലുള്ള ഈ പ്രസ്ഥാനത്തെ താഴെ തട്ടില്‍ ശക്തമാക്കുക എന്നതാണ് തങ്ങളുടെ നിലവിലെ പ്രധാന മുന്‍ഗണയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി തങ്ങള്‍ ഇന്ത്യയിലുടനീളം സഞ്ചരിക്കുമെന്നും രാജ്യത്തെ യുവാക്കളോട് സംസാരിക്കുമെന്നും സി.ജെ.പി പറഞ്ഞു. കോക്രോച്ച് ജനത പാര്‍ട്ടി മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദാസിന്റെ പ്രതികരണം.
സി.ജെ.പിയുടെ നേതൃത്വത്തിലുള്ള രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങള്‍ തന്നെ കടുത്ത വിഷമത്തിലാക്കിയെന്നും ഇത് വ്യക്തിപരമായ അന്തസ്സിന്റെ പ്രശ്‌നമല്ലെന്നും രാജി സന്ദേശത്തില്‍ പ്രധാന്‍ വ്യക്തമാക്കി.
ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കുന്നത് തടയാനും, രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനും, ഒരു വിദ്യാര്‍ത്ഥിയുടെ പോലും ഭാവി നിയമ കുരുക്കുകളില്‍ പെടാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരമൊരുക്കാനുമാണ് താന്‍ രാജിവെക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് പൊതുവിവാദങ്ങളെ തുടര്‍ന്ന് രാജിവെക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് ധര്‍മ്മേന്ദ്ര പ്രധാന്‍. 2018-ല്‍ മീ ടു വെളിപ്പെടുത്തലുകളെ തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രി എംജെ. അക്ബര്‍ രാജിവെച്ചതായിരുന്നു ഇതിന് മുമ്പത്തെ ഏക സംഭവം. അതേസമയം ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ കേന്ദ്ര ഭക്ഷ്യ മന്ത്രിയായ പ്രള്‍ഹാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയായി നിയോഗിച്ചു. ഇത് തന്നെ അധികാരമേല്‍ക്കുമെന്നാണ് സൂചന.
Content Highlight: What is the cockroaches’ future plan? Heading into active politics?
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.