പശ്ചിമേഷ്യൻ പ്രതിസന്ധി: ഹൈക്കോടതികളോട് ഓൺലൈനായി വാദം കേൾക്കാൻ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ്
India
പശ്ചിമേഷ്യൻ പ്രതിസന്ധി: ഹൈക്കോടതികളോട് ഓൺലൈനായി വാദം കേൾക്കാൻ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ്
മുഹമ്മദ് നബീല്‍
Thursday, 21st May 2026, 2:39 pm

ന്യൂദൽഹി: പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഇന്ധന പ്രതിസന്ധി അനുഭവിക്കുന്നതിനാൽ രാജ്യത്തെ ഹൈക്കോടതികൾക്ക് ഓൺലൈനായി വാദം കേൾക്കാൻ നിർദ്ദേശം നൽകിയതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

ഡൽഹിയിലെ മുഴുവൻ കോടതികളും ഓൺലൈനായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷക സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

‘ഞാൻ ഇതിനോടകം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ഓൺലൈനിലേക്ക് മാറണമെന്ന് ആവശ്യപെട്ടിട്ടുണ്ട്, ചിലർ ഇത് നടപ്പാക്കിയിട്ടുമുണ്ട്. ബാർ അസോസിയേഷനുകളും ഭരണഘടനാ ബെഞ്ചുകളും സ്വമേധയാ നടപ്പിലാക്കേണ്ട കാര്യമാണിത്,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ താത്പര്യം കണക്കിലെടുത്ത് മൂന്നുമാസത്തേക്കെങ്കിലും ഓൺലൈനായി വാദം കേൾക്കാൻ ജില്ലാ കോടതികൾക്ക് നിർദ്ദേശം നൽകണമെന്ന് ഹരജി സമർപ്പിച്ച അഭിഭാഷക സുപ്രീം കോടതിയെ അറിയിച്ചു.

‘ജില്ലാ കോടതികൾ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്നതാണ് ആ കാര്യത്തിൽ ഹൈക്കോടതികൾ തീരുമാനമെടുക്കട്ടെ, ഞാൻ ജില്ലാ കോടതികളുടെ കാര്യവും സൂചിപ്പിച്ചിട്ടുണ്ട്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അനാവശ്യ ചിലവുകൾ ഒഴിവാക്കണമെന്നും തൽക്കാലത്തേക്ക് തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഓൺലൈനായി വാദം കേൾക്കണമെന്നും തിങ്കളാഴ്ചതന്നെ ചീഫ് ജസ്റ്റിസ് ഹൈക്കോടതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് 15 മുതൽ വീഡിയോ കോൺഫറൻസ് വഴി വാദം കേൾക്കുമെന്ന് തീരുമാനിച്ച സുപ്രീം കോടതി ജഡ്‌ജിമാർ ഓരോരുത്തരും ഓരോ വാഹനം ഉപയോഗിക്കുന്നതിന്‌ പകരം ഒരുമിച്ച് യാത്ര ചെയ്യുമെന്നും തീരുമാനിച്ചു.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി പ്രതിസന്ധിയിലായിരുന്നു, ഈ സാഹചര്യത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയുടെ ഈ തീരുമാനം.

Content Highlight: West Asia crisis: Chief Justice asks high courts to hear arguments

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം