പിതാവിന്റെ രക്തത്തിന് പകരം ചോദിക്കും, ഓരോ ശത്രുവിനും പട്ടികയുണ്ട്: മൊജ്തബ ഖാംനഇ
World News
പിതാവിന്റെ രക്തത്തിന് പകരം ചോദിക്കും, ഓരോ ശത്രുവിനും പട്ടികയുണ്ട്: മൊജ്തബ ഖാംനഇ
ആദർശ് എം.കെ.
Saturday, 11th July 2026, 7:39 pm

ടെഹ്‌റാന്‍: യു.എസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖാംനഇ.

പിതാവിന്റെയും യുദ്ധത്തില്‍ കൊല്ലപ്പെട്ട മറ്റ് ‘രക്തസാക്ഷികളുടെയും’ രക്തത്തിന് പകരം ചോദിക്കുമെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ സന്ദേശത്തിലൂടെ വെളിപ്പെടുത്തി.

ഇറാന്റെ പ്രതികാരം തീര്‍ച്ചയായും നടപ്പിലാക്കുമെന്ന് മൊജ്തബ വ്യക്തമാക്കി. ഈ പ്രതികാരം തന്റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ നിലനില്‍പ്പിനെ ആശ്രയിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മള്‍ സന്നിഹിതരാണെങ്കിലും ഇല്ലെങ്കിലും അത് സംഭവിക്കും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിതാവിന്റെ രക്തത്തിന് പകരം ചോദിക്കുക എന്നത് ഇറാനിലെ ജനങ്ങളുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ശത്രുവിനും പ്രത്യേക പട്ടികയുണ്ടെന്നും ക്രിമിനലുകളായ കൊലയാളികളോട് പകരം വീട്ടുമെന്നും അദ്ദേഹം ശപഥം ചെയ്തു.

2026 ഫെബ്രുവരി 28ന് ടെഹ്‌റാനിലെ ഓഫീസിന് നേരെ നടന്ന യു.എസ്-ഇസ്രായേല്‍ ആക്രമണത്തിലാണ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തിന് മാസങ്ങള്‍ക്ക് ശേഷം നടന്ന സംസ്‌കാര ചടങ്ങുകളുടെ വേളയിലാണ് മൊജ്തബ ഈ പ്രതികാര പ്രസ്താവന പുറത്തിറക്കിയത്.

വ്യാഴാഴ്ച രാത്രി മഷാദിലെ ഇമാം റെസയിലായിരുന്നു സംസ്‌കാരം.

ടെഹ്‌റാന്‍, ഖോം, നജാഫ്, കര്‍ബല, മഷാദ് എന്നിവിടങ്ങളില്‍ നടന്ന വിലാപയാത്രകളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തതിനെ ‘ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്ന ജനപങ്കാളിത്തം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

മൊജ്തബയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. തന്നെ വധിക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ആ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ബോംബ് ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി ട്രംപ് പറഞ്ഞു.

വര്‍ഷങ്ങളായി താന്‍ ഇറാന്റെ വധഭീഷണി പട്ടികയിലുണ്ടെന്നും എന്നാല്‍ പുതിയ നീക്കങ്ങളെക്കുറിച്ച് വിവരമില്ലെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

 

Content Highlight: We will exact revenge for my father’s blood; there is a list for every enemy: Mojtaba Khamenei.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.