ബ്രസല്‍സ്: ഗസയില്‍ അഞ്ച് വയസ്സുകാരിയായ ഹിന്ദ് റജബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കാളിത്തമുള്ളതായി കരുതുന്ന ഇസ്രഈലി സെനികനെ വിചാരണ ചെയ്യാന്‍ യു.എസ് നീതിന്യായ വകുപ്പിനോട് ആവശ്യമുന്നയിച്ച് മനുഷ്യാവകാശ സംഘടന. ഗസയില്‍ 2024-ല്‍ അഞ്ച് വയസ്സുകാരിയായ ഹിന്ദ് റജബിനെ കൊലപ്പെടുത്തിയ സൈനിക കമ്പനിയില്‍ ഉള്‍പ്പെട്ടിരുന്ന സീന്‍ ഗ്ലാസ് എന്ന കമാന്‍ഡര്‍ നിലവില്‍ യു.എസിലുള്ളതായാണ് വിവരം. ഇയാളെ വിചാരണ ചെയ്യാനാണ് മനുഷ്യാവകാശ സംഘടയായ ഹിന്ദ് റജബ് ഫൗണ്ടേഷന് (എച്ച്.ആര്.എഫ്) ആവശ്യപ്പെട്ടത്.
ബ്രസല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്. സൈനിക കമാന്‍ഡറെ അറസ്റ്റ് ചെയ്യാനും വിചാരണ ചെയ്യാനും യു.എസ് നീതിന്യായ വകുപ്പിനോട് സംഘടന ആവശ്യപ്പെട്ടു.
നിലവില്‍ യു.എസിലുള്ള സീന്‍ ഗ്ലാസ് 401-ാം ആര്‍മര്‍ഡ് ബ്രിഗേഡിന്റെ ഭാഗമായ 52-ാം ആര്‍മര്‍ഡ് ബറ്റാലിയനിലെ ‘വാമ്പയര്‍ എംപയര്‍’ സൈനിക കമ്പനിക്ക് നേതൃത്വം നല്‍കിയിരുന്നതായി ഹിന്ദ് റജബ് ഫൗണ്ടേഷന് പ്രസ്താവനയില്‍ പറഞ്ഞു.
‘സംഭവസമയത്ത് ഹിന്ദ് സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടടുത്ത് ഇയാളും ഇയാളുടെ സൈനികരും ഉണ്ടായിരുന്നുവെന്ന് എച്ച്.ആര്.എഫിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്,’ എന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സംഘടന വ്യക്തമാക്കി. ‘ഇന്ന്, സീന്‍ ഗ്ലാസ് യാതൊരു തടസ്സവുമില്ലാതെ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ സ്വതന്ത്രനായി നടക്കുന്നുവെന്നും മനുഷ്യാവകാശ സംഘടന പറഞ്ഞു.
യു.എസ് നിയമപ്രകാരം ഇയാള്‍ യുദ്ധക്കുറ്റങ്ങളും വംശഹത്യയും നടത്തിയെന്ന് ഫൗണ്ടേഷന് പ്രസ്താവനയില്‍. വാഹനത്തിന് നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടത് ഒരുപക്ഷേ ഇയാളായിരിക്കാം എന്നും എച്ച്.ആര്.എഫ് പറയുന്നു.
അതേസമയം, യു.എസിലെ ഡെമോക്രാറ്റിക് പ്രതിനിധി സഭാ അംഗം റാഷിദ ത്വലൈബ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ എച്ച്.ആര്.എഫിന്റെ ആവശ്യത്തെ പിന്തുണച്ചു.
‘വംശഹത്യ തടയുന്നതിനുള്ള കണ്‍വെന്‍ഷനിലും ജനീവ കണ്‍വെന്‍ഷനുകളിലും ഒപ്പുവെച്ച രാജ്യമെന്ന നിലയില്‍, ഇത്തരം യുദ്ധക്കുറ്റങ്ങള്‍ക്കും വംശഹത്യാപരമായ നടപടികള്‍ക്കും ഇയാളെ അറസ്റ്റ് ചെയ്യാനും അന്വേഷണം നടത്താനും നമ്മുടെ സര്‍ക്കാരിന് ബാധ്യതയുണ്ട്,’ റാഷിദ ത്വലൈബ് കുറിച്ചു.
2024 ജനുവരി 29-നാണ് ഹിന്ദ് കൊല്ലപ്പെട്ടത്. അവളും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഹിന്ദ്, പലസ്തീന് റെഡ് ക്രസന്റ് സൊസൈറ്റിയിലേക്ക് ഫോണ്‍ വിളിച്ച് സഹായത്തിനായി അപേക്ഷിച്ചിരുന്നു.
ഹിന്ദിനെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട യൂസഫ് സെയ്നോ, അഹമ്മദ് അല്‍-മധൂന് എന്നീ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും അന്ന് കൊല്ലപ്പെട്ടിരുന്നു. 12 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരുടെയും ഹിന്ദിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹിന്ദ് റജബിന്റെ സ്മരണയ്ക്കായാണ് ഹിന്ദ് റജബ് ഫൗണ്ടേഷന് ആ പേര് സ്വീകരിച്ചത്.
Content Highlight: Rights group urges US to arrest Israeli commander linked to Hind Rajab’s killing
