ഞങ്ങള്‍ സയണിസ്റ്റുകളല്ല, ഇറാന്റെ അവിഭാജ്യ ഘടകം; പുതിയ പരമോന്നത നേതാവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഇറാനിലെ ജൂതസമൂഹം
Trending
ഞങ്ങള്‍ സയണിസ്റ്റുകളല്ല, ഇറാന്റെ അവിഭാജ്യ ഘടകം; പുതിയ പരമോന്നത നേതാവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഇറാനിലെ ജൂതസമൂഹം
നിഷാന. വി.വി
Friday, 22nd May 2026, 7:51 am

ടെഹ്‌റാന്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളില്‍ ഇറാന്റെ പ്രതിരോധത്തെ പിന്തുണച്ച് ഇറാനിലെ ജൂത സമൂഹം.

ദേശീയ അധികാരം നിലനിര്‍ത്താന്‍ പ്രതിജ്ഞയെടുക്കുകയും ഇറാന്റെ പുതിയ പരമോന്നത നേതാവായ ആയത്തുല്ലാ മൊജ്തബാ ഖാംനഇക്ക് തങ്ങളുടെ വിശ്വാസ്യതയും പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. ജൂതന്മാരുടെ വലിയ ഉത്സവമായ ഷാരൂത്തിന് മുമ്പായി ഇസ്ഫഹാനില്‍ നടന്ന പരിപാടിയിലായിരുന്നു ഇറാന്‍ ഭരകൂടത്തിനുള്ള തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്.

നേരത്തെയും ജൂതസമൂഹം ഭരണകൂടത്തിന് പൂര്‍ണ പിന്തുണയറിയിച്ചിരുന്നു. ചടങ്ങില്‍ പഴയ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്കും മറ്റ് രക്തസാക്ഷികള്‍ക്കും അവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

ഇറാന്റെ നിയമ ചട്ടക്കൂട് മതന്യൂനപക്ഷങ്ങളുടെ നിയമാനുസൃത അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച ഇസ്‌റഫഹാന്‍ ചീഫ് ജസ്റ്റിസ് അസതുല്ലാ ജാഫരി പറഞ്ഞു.

ബിസിനസ് മേഖലകളിലെ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകള്‍ കുറഞ്ഞത് പ്രവിശ്യയില്‍ നിലനില്‍ക്കുന്ന നിസ്വാര്‍ത്ഥതയുടെയും സഹവര്‍ത്തിത്വത്തേയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂതസമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജുഡീഷ്യറി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ഭരണഘടന വോട്ടവകാശം, പാര്‍ലമെന്റില്‍ സ്വതന്ത്ര സീറ്റ് എന്നിവയുള്‍പ്പടെയുള്ള അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും ജാഫരി പറഞ്ഞു.

ജൂതസമൂഹത്തിന് ഇത് ആഘോഷത്തിന്റെ ഉത്സവമാണെങ്കിലും രക്തസാക്ഷികളായ നേതാക്കളുടെ വിയോഗത്തിലുള്ള ദുഖം തങ്ങളെ ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് ഇറാനിയന്‍ പാര്‍ലമെന്റിലെ ജൂതപ്രതിനിധി ഹോമയൂണ്‍ സമേയ് നജഫാബാദി പറഞ്ഞു.

‘ഈ സമൂഹം ഒരിക്കലും സയണിസ്റ്റ് ആയിരുന്നില്ല, ഇപ്പോഴുമല്ല. ഇറാന്റെ ശത്രുക്കള്‍ ചൂഷണം ചെയ്യുന്ന ഈ തെറ്റായ ധാരണ പൊതുജനമധ്യത്തില്‍ തിരുത്തപ്പെടണം,’ അദ്ദേഹം പറഞ്ഞു. ജൂതമതത്തെയും സയണിസത്തെയും കൃത്യമായി വേര്‍തിരിച്ചു കാണണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

ഇറാനെ നശിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഇസ്രഈലും അമേരിക്കയും ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ പരമോന്നത നേതാവിന്റെ വിയോഗം രാജ്യത്തെ തകര്‍ക്കുമെന്ന് ശത്രുക്കള്‍ കരുതി, എന്നാല്‍ രാജ്യത്തിന്റെ പ്രതിരോധ ശേഷി അവരെയാണ് മുട്ടുകുത്തിച്ചത്. അപമാനകരമായ പരാജയത്തിലേക്കാണ് ശത്രുക്കളെത്തിയത്,’ ജഫാബാദി പറഞ്ഞു.

ജൂതന്മാര്‍ എപ്പോഴും ഇറാന്റെ അവിഭാജ്യ ഘടകമായി കണക്കാക്കിയിട്ടുണ്ടെന്നും, ഇസ്മിക വിപ്ലവത്തിന് മുമ്പും ശേഷവും, പ്രത്യേകിച്ച് ഇറാനെതിരായ ഇറാഖി യുദ്ധത്തിന്റെയും പുനര്‍നിര്‍മ്മാണ പ്രക്രിയയുടെയും എട്ട് വര്‍ഷങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും നിയമസഭാംഗം പറഞ്ഞു.

ഇസ്ഫഹാന്റെ ജൂത സംഘടനയെ പ്രതിനിധീകരിച്ച് വായിച്ച ഒരു ഔപചാരിക പ്രസ്താവന, നേതാവിനോടുള്ള കൂറ് പുതുക്കുകയും ആയത്തുല്ല മൊജ്തബ ഖമേനിയുടെ മാര്‍ഗനിര്‍ദേശത്തിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

പിന്നോക്കം നില്‍ക്കുന്നവരെ സേവിക്കുന്നതിനുള്ള പ്രസിഡന്റ് റെയ്സിയുടെ പാത തുടരുമെന്നും എല്ലാ ഇറാനിയന്‍ വംശീയ വിഭാഗങ്ങള്‍ക്കും മതങ്ങള്‍ക്കും ഇടയിലുള്ള ഐക്യം ശക്തിപ്പെടുത്തുമെന്നും പ്രസ്താവന പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ദൈവികവും ദേശീയവുമായ ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധത പുതുക്കാനുള്ള വിലപ്പെട്ട അവസരമായാണ് സംഘാടകര്‍ ഷാവൂത്തിനെ വിശേഷിപ്പിച്ചത്. ഇറാന്റെ പുരോഗതി, വികസനം, സുസ്ഥിര സുരക്ഷ എന്നിവയില്‍ ജൂത സമൂഹത്തിന്റെ ഫലപ്രദവും വിലപ്പെട്ടതുമായ പങ്കുണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ജൂത സമൂഹങ്ങളിലൊന്നായ ഇറാനിലെ ജൂത സമൂഹം 2,500 വര്‍ഷത്തിലേറെയായി രാജ്യത്ത് സാന്നിധ്യം നിലനിര്‍ത്തുന്നു. ഇറാന്റെ ഭരണഘടന പ്രകാരം ഈ സമൂഹത്തെ ഔദ്യോഗികമായി മതന്യൂനപക്ഷമായി അംഗീകരിക്കുകയും പാര്‍ലമെന്റില്‍ ഒരു സീറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Content Highlight: We are not Zionists, we are an integral part of Iran; Iran’s Jewish community declares full support for new Supreme Leader

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.