ഗെയ്ക്വാദല്ല, സഞ്ജുവിനൊപ്പം അവന്‍ ഓപ്പണിങ് ഇറങ്ങട്ടെ; നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം
Cricket
ഗെയ്ക്വാദല്ല, സഞ്ജുവിനൊപ്പം അവന്‍ ഓപ്പണിങ് ഇറങ്ങട്ടെ; നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം
Sudev A
Thursday, 21st May 2026, 3:20 pm

2026 ഐ.പി.എല്ലിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. സീസണിലെ അവസാന മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് സി.എസ്.കെ കളത്തിലിറങ്ങുന്നത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം. ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടാണ് ഗുജറാത്തിനെതിരെ കളത്തിലിറങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്.

മറുഭാഗത്ത് ഗുജറാത്ത് ഇതിനോടകം തന്നെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഹൈദരാബാദ് ചെന്നൈയെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഗുജറാത്ത് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയത്.നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിന് ടേബിള്‍ ടോപ് ഉറപ്പാക്കണമെങ്കില്‍ ചെന്നൈക്കെതിരെ വിജയം അനിവാര്യമാണ്. 13 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവുമായി 16 പോയിന്റാണ് ഗുജറാത്തിനുള്ളത്.

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ചെന്നൈ ബാറ്റിങ് നിരയില്‍ വരുത്തേണ്ട ചില നിര്‍ണായകമായ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഋതുരാജ് ഗെയ്ക്വാദ് മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് പറഞ്ഞ ജാഫര്‍ ഉര്‍വില്‍ പട്ടേല്‍ ഓപ്പണിങ്ങില്‍ കളിക്കണമെന്നും നിര്‍ദേശിച്ചു. പവര്‍പ്ലേയില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചുകൊണ്ട് റണ്‍സ് നേടണമെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‌ഫോയിലൂടെ സംസാരിക്കുകയായിരുന്നു വസിം ജാഫര്‍.

‘പവര്‍ പ്ലേയില്‍ സഞ്ജു കൂടുതല്‍ ആക്രമിച്ചു കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയുമെന്ന് സഞ്ജു ആത്മവിശ്വാസം കാണിക്കണം. ഇത് മറ്റുള്ള ബാറ്റര്‍മാരിലേക്കും പകരും. ഗെയ്ക്വദ് ഡിഫന്‍സ് ചെയ്ത് കളിക്കുകയായണെങ്കില്‍ ഉര്‍വില്‍ ഓപ്പണറായി ഇറങ്ങണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തിന് മൂന്നോ നാലോ നമ്പറില്‍ ബാറ്റ് ചെയ്യാനാവും. പവര്‍ പ്ലേ കഴിഞ്ഞ ശേഷം വന്ന് ഇന്നിങ്സ് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാനാവും. ചെന്നൈ ജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ മത്സരം കൂടുതല്‍ രസകരമായി മാറും,’ വസിം ജാഫര്‍ പറഞ്ഞു.

ഋതുരാജ് ഗെയ്ക്വാദ്, Photo: NDTV Sports

ഹൈദരാബാദിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഗെയ്ക്വാദ് നിരാശപ്പെടുത്തിയ പ്രകടനമാണ് നടത്തിയത്. 21 പന്തുകള്‍ നേരിട്ട താരം വെറും 15 റണ്‍സാണ് നേടിയത്. ഒരു ബൗണ്ടറി പോലും ചെന്നൈ ക്യാപ്റ്റന്‍ ഈ ഇന്നിങ്സിനിടയില്‍ നേടിയിരുന്നില്ല. ഇത് സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് സമ്മര്‍ദം നല്‍കിയെന്ന വലിയ വിമര്‍ശനം ഗെയ്ക്വാദിനെതിരെ ഉയര്‍ന്നിരുന്നു.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

അതേസമയം ഈ സീസണില്‍ 13 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. അവസാന മത്സരത്തില്‍ സഞ്ജു തിളങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Wasim Jaffer talks about the major changes Chennai super kings batting order

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.