അവൻ ധോണിയേക്കാൾ ഒരുപടി മുകളിൽ നിൽക്കും: വസീം ജാഫർ
Cricket
അവൻ ധോണിയേക്കാൾ ഒരുപടി മുകളിൽ നിൽക്കും: വസീം ജാഫർ
സുദേവ് എ
Friday, 21st August 2026, 8:08 pm

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ റിഷബ് പന്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വസിം ജാഫർ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീമിനെ തെരഞ്ഞെടുക്കുകയാണെങ്കിൽ പന്ത് തീർച്ചയായും ടീമിൽ ഉണ്ടായിരിക്കുമെന്നാണ് പറഞ്ഞത്.

വിക്കറ്റ് കീപ്പിങ്ങിലെയും ബാറ്റിങ്ങിലെയും പന്തിന്റെ മികവ് എടുത്തു പറഞ്ഞ വസീം ജാഫർ ഇതിഹാസ നായകൻ എം.എസ് ധോണിയെക്കാൾ മുകളിൽ പന്ത് വരുമെന്നും വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

‘ഇന്ത്യയിലെ എക്കാലത്തെയും മികച്ച ടീമിനെ തെരഞ്ഞെടുക്കുകയാണെങ്കിൽ പന്ത് തീർച്ചയായും ടീമിൽ ഉണ്ടാകണമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് കഴിവും മികച്ച ഇന്നിങ്സുകളുമാണ്‌ അതിന് കാരണം. ടെസ്റ്റ്‌ ടീമിൽ പന്ത് ഒരു ഓട്ടോമാറ്റിക് ചോയ്സാണ്. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ്ങും മെച്ചപ്പെട്ടു വരുന്നുണ്ട്. എന്നാൽ പ്രധാനമായും അദ്ദേഹത്തിന്റെ ബാറ്റിങ് മികവും മത്സരങ്ങൾ വിജയിപ്പിക്കാനുള്ള കഴിവുമാണ് ശ്രദ്ധേയം. ചെറിയ കരിയറിൽ തന്നെ അദ്ദേഹം മികച്ച ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ട്. അതിനാൽ എം.എസ് ധോണിയെക്കാൾ ഞാൻ റിഷബ് പന്തിനാണ് ഒരുപടി മുൻതൂക്കം നൽകുന്നത്,’ വസീം ജാഫർ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ റിഷബ് പന്തിന്റെ ചെറുത്തുനിൽപായിരുന്നു ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും കരകയറ്റിയത്. 69 പന്ത് നേരിട്ട താരം 66 റൺസ് നേടി മടങ്ങി. എട്ട് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്.

Photo: BCCI/x.com

രണ്ടാം ഇന്നിങ്‌സിൽ രണ്ട് സിക്‌സുകൾ നേടിയതോടെ ടെസ്റ്റ് കരിയറിൽ 100 സിക്‌സുകൾ പൂർത്തിയാക്കാനും പന്തിന് സാധിച്ചു. ഇന്ത്യയ്ക്കായി ഈ വമ്പൻ മൈൽസ്റ്റോണിലെത്തുന്ന ആദ്യ താരമാണ് റിഷബ് പന്ത്. മറ്റൊരു ഇന്ത്യൻ താരത്തിനും ഇതുവരെ 100 സിക്സർ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിൽ 100 സിക്സർ പൂർത്തിയാക്കുന്ന നാലാമത്തെ താരമായിരിക്കുകയാണ് പന്ത്.

സിക്‌സുകളുടെ റെക്കോഡുകൾക്ക് പുറമെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും റിഷബ് പന്ത് സ്വന്തമാക്കി. നായകൻ ശുഭ്മൻ ഗില്ലിനെ മറികടന്നുകൊണ്ടായിരുന്നു പന്തിന്റെ മുന്നേറ്റം. 2872 റൺസാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

 

Content Highlight: Wasim Jaffer talks about Rishab Pant

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.