റോസാപ്പൂ കൈയില്‍ തുപ്പാക്കി വിളയാടി... പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം തമിഴിലെ റീ എന്‍ട്രി അതിരടി മാസ്സാക്കി വാമിക
Indian Cinema
റോസാപ്പൂ കൈയില്‍ തുപ്പാക്കി വിളയാടി... പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം തമിഴിലെ റീ എന്‍ട്രി അതിരടി മാസ്സാക്കി വാമിക
അമര്‍നാഥ് എം.
Sunday, 9th August 2026, 4:27 pm

അങ്ങ് പഞ്ചാബില്‍ നിന്ന് ഗുസ്തി പഠിക്കാന്‍ കേരളത്തിലെത്തിയ അതിഥി എന്ന കഥാപാത്രത്തെ മലയാളികള്‍ മറക്കാനിടയില്ല. തന്റെ സ്വപ്‌നത്തിന് വേണ്ടി എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ തയാറായ അതിഥിയെ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. റിയല്‍ ലൈഫിലും പഞ്ചാബിയായ വാമിക ഗബ്ബിയാണ് അതിഥിയായി വേഷമിട്ടത്. ആദ്യ മലയാളചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വാമിക പല ഭാഷകളിലും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക്, പഞ്ചാബി, ഹിന്ദി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാനാണ് താരം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ഡി.സിയുടെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്ന് വാമികയുടെ പ്രകടനമാണ്. ചന്ദ്ര എന്ന കഥാപാത്രം വാമികയുടെ കരിയറിലെ നാഴികക്കല്ലുകളിലൊന്നാണ്.

അരുണ്‍ മാതേശ്വരന്‍ അണിയിച്ചൊരുക്കിയ ഡി.സിയില്‍ ഇതുവരെ കാണാത്ത വാമികയെ നമുക്ക് കാണാന്‍ സാധിക്കും. ആറാം വയസ് മുതല്‍ ലൈംഗികത്തൊഴിലാളിയായി ജീവിക്കേണ്ടി വന്ന ചന്ദ്രയുടെ നിരാശയും വിരക്തിയുമെല്ലാമാണ് ആദ്യത്തെ കുറച്ച് സീനുകളില്‍ കാണാന്‍ സാധിക്കുക. ചന്ദ്ര തടവില്‍ നിന്ന് പുറത്തുകടന്ന് സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവെക്കുന്നിടത്താണ് ചിത്രത്തിന്റെ ഇന്റര്‍വെല്‍.

പുറംലോകത്തിന്റെ സ്വാതന്ത്ര്യം ചന്ദ്രയെ എങ്ങനെ മാറ്റുന്നു എന്നത് രണ്ടാം പകുതിയില്‍ സംവിധായകന്‍ കാണിച്ചുതരുമ്പോള്‍ തിയേറ്ററുകളില്‍ കൈയടിയുടെ പൂരമായിരുന്നു. സാരിയുടുത്ത്, കൂളിങ് ഗ്ലാസും വെച്ചുകൊണ്ടുള്ള വരവ് ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച സെക്കന്‍ഡ് ഇന്‍ട്രോകളിലൊന്നാണ്.

എന്നാല്‍ ഇതിനെക്കാള്‍ മാസ് ഇനി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അനിരുദ്ധിന്റെ ബി.ജി.എമ്മില്‍ ഒരു പുതപ്പും പുതച്ച് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന സീന്‍ സ്‌ക്രീനുകളെ ഇളക്കിമറിച്ചു. റൈഫിള്‍ ക്ലബ്ബിലെ ഡയലോഗ് കടമെടുത്ത് പറഞ്ഞാല്‍ ‘റോസാപ്പൂ കൈയില്‍ തുപ്പാക്കി വിളയാടി’. ഈയടുത്ത് കണ്ട ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് ചന്ദ്രയെന്ന് സംശയമില്ലാതെ പറയാം.

ഇമോഷണല്‍ സീനുകളും ആക്ഷന്‍ സീക്വന്‍സും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടിമാര്‍ ഇന്ത്യന്‍ സിനിമയില്‍ വളരെ കുറവാണ്. ആ ഗ്യാപ്പ് വാമികക്ക് ഫില്‍ ചെയ്യാനാകുമെന്ന് ഡി.സി കാണുന്ന ഓരോരുത്തരും എടുത്തുപറയുമെന്ന് ഉറപ്പാണ്. ഗോദക്ക് ശേഷം വാമികയുടെ കഥാപാത്രത്തിന് തിയേറ്റര്‍ മുഴുവന്‍ കൈയടിക്കുന്ന കാഴ്ചക്കും ഡി.സി കാരണമായി.

‘ഉയിരില്ലാ റോസാപ്പൂവിനെ എന്ത് വേണമെങ്കിലും ചെയ്യാം. അതിന് ഒന്നും സംഭവിക്കില്ല’ എന്ന ഡയലോഗിനെ അന്വര്‍ത്ഥമാക്കുന്ന പെര്‍ഫോമന്‍സായിരുന്നു വാമികയുടേത. പത്തുവര്‍ഷത്തിന് ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഡി.സിക്കുണ്ട്.

Content Highlight: Wamiqa Gabbi’s performance in DC Movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം