എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യണമെന്നില്ല; മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെയായിരുന്നില്ലല്ലോ: വി.എസ് അച്യുതാനന്ദന്‍
എഡിറ്റര്‍
Tuesday 14th March 2017 10:28am

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരവകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നതെങ്കിലും അങ്ങനെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍.

മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെ ആയിരുന്നില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം പൊലീസിന്റെ മേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് താന്‍ കരുതുന്നില്ലെന്നും വി.എസ് വിശദീകരിച്ചു. മാതൃഭൂമി ആഴ്ചപ്പതിന് വേണ്ടി മനില സി മോഹന്‍ നടത്തിയ ദീര്‍ഘമായ അഭിമുഖത്തിനിടെയായിരുന്നു വി.എസിന്റെ പരാമര്‍ശം.

പൊലീസിനെ നിഷ്‌ക്രിയമാക്കാനോ അനാവശ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ ഈ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.
എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ താന്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ടെന്ന് വി.എസ് പറഞ്ഞു.

പൊലീസിനെ ഇടംവലം തിരിയാന്‍ അനുവദിക്കാതെ ഉപയോഗപ്പെടുത്തുന്ന ഭരണകൂടങ്ങളുണ്ടെന്നും എന്നാല്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്ര്യമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യം പൊലീസിന് നല്‍കുന്നതാണ് ശരിയെന്നും വി.എസ് പറയുന്നു.

എന്നാല്‍ അതിനര്‍ത്ഥം അനിയന്ത്രിതമായ അധികാര പ്രയോഗത്തിന് പൊലീസിനെ കയറൂരി വിടണമെന്നല്ല. ഇവിടെയാണ് സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയോടെ പൊലീസിന് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയേണ്ടത്.

വളരെ സൂക്ഷ്മമായി വിലയിരുത്തുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ഒരു വിപത്തായി വര്‍ഗീയ രാഷട്രീയം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഫാഷിസം വളരുന്ന വഴികളിലൂടെ തന്നെയാണ് ബി.ജെ.പിയും വളരുന്നത്. ഫാഷിസത്തിന്റെ തന്ത്രങ്ങള്‍ തന്നെയാണ് അവര്‍ പയറ്റുന്നത്. നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കുന്നതും വ്യക്തികേന്ദ്രീകൃതമായ ഏകാധിപത്യ പ്രവണതകള്‍ പ്രകടിപ്പിക്കുന്നതും കുലമഹിമയില്‍ ഊറ്റംകൊള്ളുന്നതും കപട ദേശീയത പ്രചരിപ്പിക്കുന്നതും കോര്‍പ്പറേറ്റുകളുമായി കൈകോര്‍ക്കുന്നതുമെല്ലാം നാസി ഭരണകൂടത്തെപ്പോലെ ബി.ജെ.പിയും ചെയ്യുന്നുണ്ട്.


Dont Miss മതപാഠശാലകളില്‍ പോകുന്നവര്‍ക്കുമാത്രം ക്ഷേത്രഭരണ സമിതി അംഗത്വം: തീവ്ര വര്‍ഗീയ നിലപാടുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍ 


ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ട്ടിയാണോ അല്ലയോ എന്നുള്ള സി.പി.ഐ.എമ്മിനത്തെ തര്‍ക്കത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി വി.എസ് വിശദീകരിക്കുന്നു.

ഫാഷിസത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയിലാണ് ഇന്ത്യയില്‍ ഇന്ന് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തില്‍ അധികാരത്തിലേറിയ ആര്‍.എസ്.എസ് നയിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് കൂട്ടുകെട്ട് രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയ്ക്ക് ഭീഷണിയാണ് എന്ന് സി.പി.ഐ.എം അതിന്റെ പാര്‍ട്ടി പരിപാടിയില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.

ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് തിരഞ്ഞെടുപ്പിലും കളവ് കാണിക്കുന്നു എന്നാണ്. വര്‍ഗീയ സ്വതബോധത്തെ സംഘപരിവാര്‍ ശക്തികള്‍ സമര്‍ത്ഥമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ആളുകളെ വര്‍ഗീയമായി സംഘടിപ്പിക്കുന്നത് വര്‍ഗപരമായി സംഘടിപ്പിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ്.

മതനിരപേക്ഷക്കെതിരെ ഭൂരിപക്ഷ വര്‍ഗീയതയുടെ വിഷവാതക പ്രയോഗമാണ് അവര്‍ നടത്തുന്നത്. കപട ദേശീയതയിലൂന്നി പാക്കിസ്ഥാന്‍, മുസ്‌ലീം, കമ്മ്യൂണിസ്റ്റുകാര്‍ എന്നിങ്ങനെ ശത്രുക്കളെ നിശ്ചയിക്കുകയാണ്. എന്നാല്‍ അവരുടെ ഹിന്ദുനിര്‍വചനത്തില്‍ ദളിതരും ആദിവാസികളും വരുന്നുമില്ല.

വര്‍ഗീയ ഫാസിസ്റ്റുകളുടെ ഇത്തരമൊരു ബഹുമുഖ ആക്രമണ തന്ത്രത്തെ പ്രതിരോധിക്കാനുള്ള ഇച്ഛാശക്തി സി.പി.ഐ.എമ്മിനുണ്ട്. എന്നാല്‍ ഇച്ഛാ ശക്തികൊണ്ടുമാത്രം ഫാഷിസത്തെ തടയാനാവില്ല. ഫാഷിസത്തിന്റെ എല്ലാ ആയുധങ്ങളും ഇടതുപക്ഷത്തിന് എടുത്തുപയോഗിക്കാനും കഴിയില്ല. ഉന്മൂലത്തെ ഉന്മൂലനം കൊണ്ട് എതിര്‍ക്കാന്‍ സാധ്യമല്ലല്ലോ നുണകളെ നേരുകൊണ്ട് നേരിടുമ്പോഴും ഈ പരിമതി ഇടതുപക്ഷം അഭിമുഖീകരിക്കുന്നുണ്ടെന്നും വി.എസ് പറയുന്നു.

യു.എ.പി.എ വിഷയത്തിലും വി.എസ് തന്റെ നിലപാട് വിശദീകരിച്ചു. ഏതൊരു സാധാരണ പൗരനേയും രാഷ്ട്രീയ നേതാവിനേയും ജനാധിപത്യ വിരുദ്ധമായി തടവിലിടാനുള്ള ഉപാധിയായി യു.എ.പി.എ മാറിയെന്ന് വി.എസ് പറയുന്നു.

പഴയ പോട്ട നിയമവും ടാഡ നിയമവുമെല്ലാം ഈ നിയമത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടുവെങ്കിലും ആ നിയമങ്ങള്‍ പൗരനനുവദിച്ചിരുന്ന സംരക്ഷണങ്ങളെല്ലാം എടുത്തുകളയപ്പെടുകയാണുണ്ടായത്. സമരം ചെയ്യുന്നവരെപ്പോലും തുറങ്കിലടക്കാന്‍ ഉപയോഗപ്പെടുത്താവുന്ന വിധമാണ് നിയമത്തിലെ വകുപ്പുകള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന നിയമമായതിനാല്‍ തന്നെ യു.എ.പി.എ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നെന്നും വി.എസ് പറയുന്നു.

സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഈ നിയമത്തിന്റെ ദുരുപയോഗ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2008 ലെ ഭേദഗതികളെ പാര്‍ലമെന്റില്‍ എതിര്‍ത്ത ഏക പാര്‍ട്ടി സി.പി.ഐ.എം ആയിരുന്നെന്നും വി.എസ് പറയുന്നു.

 

Advertisement