രാക്ഷസനിലൂടെ ശ്രദ്ധ നേടിയ വിഷ്ണു വിശാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗട്ടാ ഗുസ്തി 2. ചെല്ലാ അയ്യാവു സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ഗട്ടാ ഗുസ്തിയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫാമിലി- കോമഡി എലമെന്റുകള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് ഴോണറും ചേര്‍ത്താണ് ചിത്രം ഒരുക്കിയത്.
എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ഗട്ടാ ഗുസ്തിക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. പ്രൊമോഷന്റെ ഭാഗമായി നായകന്‍ വിഷ്ണു വിശാല്‍ നല്‍കിയ അഭിമുഖത്തില്‍ രജിനികാന്തിനെ അനുകൂലിച്ച് സംസാരിച്ചതാണ് ഒരുകൂട്ടമാളുകളെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ റിലീസിന് ശേഷവും സൈബര്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
വിഷ്ണു വിശാല്‍ Photo: Screen grab/ SS Music
ഇത്തരം ആക്രമണങ്ങളോട് പ്രതികരിക്കുകയാണ് നായകന്‍ വിഷ്ണു വിശാല്‍. തന്റെ സിനിമക്ക് നേരെ മനപൂര്‍വം ഡീഗ്രേഡിങ് നടക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് വിഷ്ണു വിശാല്‍ പറഞ്ഞു. എന്തിനാണ് ഈ സിനിമക്ക് നേരെ ഇത്തരം അറ്റാക്കെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ആരെയും മനപൂര്‍വം ദ്രോഹിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു വിശാല്‍.
‘ടി.വി.കെയെ സപ്പോര്‍ട്ട് ചെയ്യുന്ന ചില ഐ.ഡികളും വിജയ് ഫാന്‍സെന്ന് അവകാശപ്പെടുന്ന ചിലരും എന്നെ മെസേജയച്ച് ചീത്തവിളിക്കുന്നുണ്ട്. എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് ഇപ്പോഴും മനസിലായിട്ടില്ല. വിജയ് സാറിനെതിരെ ഒരുവാക്ക് പോലും ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ ചിലര്‍ കുറ്റപ്പെടുത്തുന്നത് ഈ പടം വിതരണം ചെയ്തത് റെഡ് ജയന്റ്‌സായതുകൊണ്ടാണ്.
ഗട്ടാ ഗുസ്തി 2 Photo: Theatrical poster
തമിഴ് സിനിമയിലെ നമ്പര്‍ വണ്‍ വിതരണക്കാരിലൊരാളാണ് റെഡ് ജയന്റ്‌സ്. 13 വര്‍ഷത്തിലേറെയായി അവര്‍ തമിഴ് സിനിമയില്‍ പ്രധാന റോള്‍ വഹിക്കുകയാണ്. അവര്‍ ഈ സിനിമ വിതരണം ചെയ്യുന്നതു കണ്ട് ചിലര്‍ അതിനെയും രാഷ്ട്രീയപരമായി വിമര്‍ശിക്കുന്നുണ്ട്. ഈ സിനിമക്ക് യാതൊരു രാഷ്ട്രീയവുമില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്?’ വിഷ്ണു വിശാല്‍ ചോദിക്കുന്നു.
കുടുംബപ്രേക്ഷകര്‍ക്ക് ഈ സിനിമ ഇഷ്ടമായെന്നും ഡീഗ്രേഡിങ് ഒന്നും ഏല്‍ക്കുന്നില്ലെന്നും താരം പറഞ്ഞു. നല്ല സിനിമകളെ പ്രേക്ഷകര്‍ ഒരിക്കലും കൈവിടില്ലെന്നും ഗട്ടാ ഗുസ്തി 2 അത്തരത്തിലൊന്നാണെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. സിനിമ 100 കോടി കളക്ഷന്‍ നേടുന്നത് കാണാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.
Content Highlight: Vishnu Vishal reacts to cyber attack against Gatta Gusthi 2 movie