തമിഴിലെ മികച്ച നടന്മാരിലൊരാളായ വിശാല്‍ ആദ്യമായി സംവിധാനം ചെയ്ത മഗുഡം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മാസ് ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ എന്റര്‍ടൈനറായൊരുങ്ങിയ ചിത്രത്തിന് മോശം പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ മഗുഡത്തെ വിശേഷിപ്പിക്കുന്നത്.

ഇരട്ടവേഷത്തില്‍ വിശാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുതരത്തിലും പ്രേക്ഷകരെ പിടിച്ചിരുത്തിയിട്ടില്ല. മോശം തിരക്കഥയും അതിലും മോശം മേക്കിങ്ങും ചിത്രത്തിന് തിരിച്ചടിയായിട്ടുണ്ട്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് സിനിമയുടേത്. മാര്‍ക്ക് ആന്റണിയുടെ അതേ ട്രീറ്റ്‌മെന്റ് ആവര്‍ത്തിക്കാനുള്ള വിശാലിന്റെ ശ്രമം അമ്പേ പരാജയമായി. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രം പലരുടെയും ക്ഷ്മ പരീക്ഷിക്കുന്നുണ്ട്.

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ ആകെ രണ്ട് കോടി മാത്രമാണ് മഗുഡത്തിന് ലഭിച്ചത്. ഇതില്‍ ആദ്യദിനം വെറും 88 ലക്ഷം മാത്രമാണ് ചിത്രം വേള്‍ഡ്‌വൈഡായി നേടിയത്. എത്ര മോശം സിനിമയാണെങ്കിലും ഒരു മുന്‍നിര താരത്തിന്റെ സിനിമക്ക് മിനിമം മൂന്ന് കോടിയെങ്കിലും ലഭിക്കുന്ന സമയത്താണ് വിശാലിന്റെ ഈ മോശം കളക്ഷന്‍.

30 കോടിയോളം ചെലവഴിച്ച് ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ബി.ടി.എസ് വീഡിയോ റിലീസ് ദിവസം തന്നെ വിശാല്‍ പുറത്തുവിട്ടിരുന്നു. ഒരേസമയം അഭിനയിക്കുകയും അതിനൊപ്പം സംവിധാനം ചെയ്യുകയും ചെയ്യുന്ന വിശാലിന്റെ വീഡിയോക്ക് വലിയ രീതിയില്‍ ട്രോളുകള്‍ ലഭിക്കുന്നുണ്ട്.

ഏതെങ്കിലും അസിസ്റ്റന്റിനെ വെച്ച് ഷൂട്ട് ചെയ്യുന്നതിന് പകരം ഇങ്ങനെ ഓടിനടന്ന് ഷൂട്ട് നടത്തണമായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. ഒരുകാലത്ത് മികച്ച സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന വിശാലിന്റെ ഡൗണ്‍ഫാള്‍ സിനിമാപ്രേമികള്‍ക്ക് നിരാശ സമ്മാനിക്കുന്നുണ്ട്. പഴയതിനെക്കാള്‍ ശക്തമായി തന്നെ വിശാല്‍ തിരിച്ചുവരുമെന്നാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്.

ദുഷാര വിജയന്‍, അഞ്ജലി, ജോണ്‍ വിജയ്, അബു സലിം തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ സൂപ്പര്‍ ഗുഡ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മഗുഡം മാറിക്കഴിഞ്ഞു.

Content Highlight: Vishal’s Magudam movie moving to biggest flop in Box Office