ഇന്നലെ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.

ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 16 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

വില്‍ ജാക്‌സിന്റെ സെഞ്ച്വറിയുടേയും വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലുമാണ് റോയല്‍ ചലഞ്ചേഴ്‌സ് ജയിച്ചു കയറിയത്.

44 പന്തില്‍ 70 റണ്‍സ് നേടി കോഹ്ലി ബെംഗളൂരുവിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആറു ഫോറുകളും മൂന്ന് സിക്‌സുകളും ആണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുടെ ബാറ്റില്‍ നിന്നും പിറന്നത്. 159 സ്ട്രൈക്ക്റേറ്റിലാണ് താരം ബാറ്റ് വീശിയത്.

2024 സീസണില്‍ താരം 500 റണ്‍സ് സ്വന്തമാക്കി റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ്. ഇതോടെ വിരാട് ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കുകയാണ് ഇപ്പോള്‍. ഒരു ഐ.പി.എല്‍ ചെയ്‌സിങ്ങില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.

വിരാട് കോഹ്‌ലി – 3540*

ശിഖര്‍ ധവാന്‍ – 3284

കെ.എല്‍. രാഹുല്‍ – 2926

വിരാടിന് പുറമെ 41 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടിക്കൊണ്ടായിരുന്നു വില്‍ ജാക്‌സിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും പത്ത് കൂറ്റന്‍ സിക്‌സുകളും ആണ് ഇംഗ്ലണ്ട് താരം അടിച്ചെടുത്തത്. 243.90 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അതേസമയം 49 പന്തില്‍ 84 റണ്‍സ് നേടിയ സായ് സുദര്‍ശന്റെയും 30 പന്തില്‍ 58 റണ്‍സ് നേടിയ ഷാരൂഖ് ഖാന്റെയും ഇന്നിങ്സിന്റെ കരുത്തിലാണ് ഗുജറാത്ത് മികച്ച ടോട്ടലിലേക്ക് നീങ്ങിയത്.

 

Content Highlight: Virat Kohli In New Record Achievement