ജോഷിയും ഞാനും ഒന്നിച്ച് പഠിച്ചവരാണ്, എന്നുവെച്ച് സെറ്റില്‍ അദ്ദേഹത്തെ എടാ ജോഷി എന്നൊന്നും വിളിക്കില്ല: വിജയരാഘവന്‍
Malayalam Cinema
ജോഷിയും ഞാനും ഒന്നിച്ച് പഠിച്ചവരാണ്, എന്നുവെച്ച് സെറ്റില്‍ അദ്ദേഹത്തെ എടാ ജോഷി എന്നൊന്നും വിളിക്കില്ല: വിജയരാഘവന്‍
അമര്‍നാഥ് എം.
Saturday, 1st August 2026, 9:00 am

നാല് പതിറ്റാണ്ടിലേറെയായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് വിജയരാഘവന്‍. കാപാലിക എന്ന ചിത്രത്തിലൂടെ കരിയറാരംഭിച്ച താരം സഹനടനായും നായകനായും വില്ലനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒന്നിന് പിന്നാലെ ഒന്നായി മികച്ച കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്ത് സിനിമാലോകത്തെ ഞെട്ടിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

സിനിമയുടെ രീതികള്‍ മാറിയപ്പോഴും അതുമായി ചേര്‍ന്ന് നിന്ന് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വിജയരാഘവന്‍ പറയുന്നു. പുതിയ കാലത്തെ മേക്കിങ്ങും താന്‍ വന്നപ്പോഴുള്ള രീതിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും രണ്ടും താന്‍ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ ഈ വ്യത്യാസം തോന്നിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ എല്ലാവരും പറയുന്ന റിയലിസ്റ്റിക് ആക്ടിങ്. അത് അത്ര വലുതാണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. സത്യം പറഞ്ഞാല്‍ റിയലിസ്റ്റിക് ആക്ടിങ് എന്നൊന്നില്ല. പണ്ട് നമ്മള്‍ സാധാരണയായി ചെയ്ത കാര്യം ഇന്ന് കുറച്ച് പ്രാധാന്യത്തോടെ ചെയ്യുമ്പോള്‍ അത് റിയലിസ്റ്റിക്കായി തോന്നുന്നു എന്ന് മാത്രം. അല്ലാതെ വേറൊന്നുമില്ല,’ വിജയരാഘവന്‍ പറഞ്ഞു.

പുതിയ കാലത്തെ സംവിധായകരുമായുള്ള വര്‍ക്കിങ് എക്‌സ്പീരിയന്‍സിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എല്ലാ സംവിധായകരെയും താന്‍ ഒരുപോലെയാണ് കാണുന്നതെന്നും സീനിയര്‍ ജൂനിയര്‍ വ്യത്യാസമൊന്നും നോക്കാറില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. വണ്‍ ടു ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പഴയ സംവിധായകരായാലും പുതിയ സംവിധായകരായാലും എല്ലാവരെയും ഒരുപോലെയാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ ജോഷിയുടെ കാര്യമെടുത്താല്‍, ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരാണ്. അന്ന് ഞാന്‍ മഹാ അലമ്പായിട്ടുള്ള ആളായിരുന്നു. സകല പരിപാടിക്കും ഞാന്‍ ഇറങ്ങും. ജോഷി എന്റെ കൂടെ തന്നെയുണ്ടാകും. പക്ഷേ അലമ്പിനൊന്നും കൂടെയുണ്ടാകില്ല.

ഒന്നിച്ച് പഠിച്ചവരാണെന്ന് കരുതി സെറ്റില്‍ നില്‍ക്കുമ്പോള്‍ ‘എടാ, ജോഷി’ എന്നൊന്നും വിളിക്കാന്‍ നില്‍ക്കില്ല. പുള്ളി എന്നെ ‘എടാ കുട്ടാ’ എന്നൊക്കെ വിളിക്കും. പക്ഷേ, തിരിച്ച് ഞാന്‍ അതുപോലെ വിളിക്കില്ല. ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ സാര്‍ എന്ന് മാത്രമേ ഞാന്‍ വിളിക്കാറുള്ളൂ. ജോഷിയെ മാത്രമല്ല, പുതിയ സംവിധായകന്മാരോടും അതുപോലെ തന്നെയാണ് ഞാന്‍ പെരുമാറുന്നത്,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan about his friendship with director Joshiy

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം