ജ്യോതിഷിയുടെ നിയമനം; വിവാദ ഉത്തരവ് റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍
Daily News
ജ്യോതിഷിയുടെ നിയമനം; വിവാദ ഉത്തരവ് റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2026, 2:01 pm

ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ നിയമിക്കാനുള്ള വിവാദ ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. രാധന്‍ പണ്ഡിറ്റിന്റെ നിയമനത്തില്‍ സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമുയര്‍ന്നിരുന്നു. വിശ്വാസവോട്ടെടുപ്പ് നേരിടാനൊരുങ്ങുന്ന വിജയ് യുടെ തീരുമാനത്തിനെതിരെ നിയമസഭയ്ക്കകത്തും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിറകെയാണ് ഈ നടപടി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത്.

പ്രതിപക്ഷത്തിന് പുറമെ ഭരണകക്ഷി ടിവികെയുടെ സഖ്യകക്ഷികളും രാധന്‍ പണ്ഡിറ്റിന്റെ നിയമനത്തെ ചോദ്യം ചെയ്തിരുന്നു. അനുചിതമായ തീരുമാനമാണിതെന്നും ഇത് ഭരണഘടനാപരമായ ഒരു സ്ഥാപനത്തെ നാണം കെടുത്തുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

നിയമസഭയ്ക്കകത്ത് വലിയ വിമര്‍ശനമാണ് രാധന്‍ പണ്ഡിറ്റിന്റെ നിയമനത്തിനെതിരെ ഉയര്‍ന്നത്. എന്തിനാണ് ഒരു ജ്യോത്സനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനശേഷിയുള്ള ഭരണപരമായ പദവിയില്‍ നിയമിച്ചതെന്ന് വിവിധ പാര്‍ട്ടികള്‍ സഭയില്‍ ചോദിച്ചു.

ജ്യോതിഷി രാധന്‍ പണ്ഡിറ്റിനെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ച നടപടി അപലപനീയമാണെന്ന് ഡി.എം.ഡി.കെ ജനറല്‍ സെക്രട്ടറി എം.എല്‍.എ പ്രേമലത വിജയകാന്ത് അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ വി.സി.കെയും സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു. രാധന്‍ പണ്ഡിറ്റിന്റെ നിയമനത്തില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തത തേടുന്നുവെന്നും വി.സി.കെ അംഗങ്ങള്‍ സഭയില്‍ പറഞ്ഞിരുന്നു.

ഒരു വര്‍ഷം മുമ്പ് തന്നെ വിജയ് രാഷ്ട്രീയത്തില്‍ വിജയിക്കുമെന്നും മുഖ്യമന്ത്രിയാകുമെന്നും രാധന്‍ പണ്ഡിറ്റ് പ്രവചിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ പബ്ലിക് ഡിപ്പാര്‍ട്ട്‌മെന്റ് 2026 മെയ് 12ന് പുറപ്പെടുവിച്ച ഉത്തരവ് (Office Proceedings No. 675) പ്രകാരമായിരുന്നു പണ്ഡിറ്റിന് ഔദ്യോഗിക പദവി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

നിലവില്‍ തമിഴക വെട്രി കഴകം വക്താവ് കൂടിയാണ് രാധന്‍ പണ്ഡിറ്റ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ തന്റെ പാര്‍ട്ടി 140 മുതല്‍ 170 വരെ സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിക്കുമെന്നും 45 ശതമാനത്തോളം വോട്ട് വിഹിതം ലഭിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിജയ്യുടെ രാഷ്ട്രീയപരവും വ്യക്തിപരവുമായ പ്രധാന ചടങ്ങുകളില്‍ രാധന്‍ പണ്ഡിറ്റ് സജീവ സാന്നിധ്യമായിരുന്നു.

Content Highllight: Vijay Government Cancels Appointment Of Astrologer To Key Post