മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ നായികയായ വാണി വിശ്വനാഥ് ഒരിടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചുവരികയാണ്. 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭര്‍ത്താവും നടനുമായ ബാബുരാജിന്റെ നായികയായാണ് വാണി സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

‘ദി ക്രിമിനല്‍ ലോയര്‍’ എന്ന് പേരിട്ടിരിക്കുന്ന ക്രൈം ത്രില്ലര്‍ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്തുവെച്ച് നടന്നിരുന്നു.

മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് വാണി വിശ്വനാഥ്. വീണ്ടും മലയാളി പ്രേക്ഷകരെ കാണാന്‍ പോകുന്നതില്‍ സന്തോഷമുണ്ടെന്നും തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നത് കൂടുതല്‍ സന്തോഷം പകരുന്നെന്നും താരം പറഞ്ഞു.

റിയലിസ്റ്റിക് സിനിമകള്‍ മാത്രം കാണുന്ന മലയാളിപ്രേക്ഷകര്‍ക്കിടയില്‍ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്ത് കയ്യടി വാങ്ങിച്ച ആളാണ് താനെന്ന് പറഞ്ഞ വാണി തിരിച്ചുവരവിലും തന്നെ പിന്തുണയ്ക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ടു.

ഇങ്ങനെയൊരു കഥാപാത്രത്തിന് വേണ്ടിയായിരുന്നോ കാത്തിരുന്നതെന്ന് എല്ലാവരും ചോദിച്ചിരുന്നെന്നും എന്നാല്‍ അങ്ങനെയല്ല തന്റേതായ ചില കാര്യങ്ങള്‍ക്കുവേണ്ടി സിനിമ മാറ്റിവെച്ചതാണെന്നും നടി പറഞ്ഞു. തിരിച്ചുവന്നപ്പോള്‍ അതൊരു നല്ല കഥാപാത്രത്തിലൂടെയാകുന്നത് നിമിത്തം മാത്രമാണെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

”ക്രൈം-ത്രില്ലര്‍ സിനിമകളുടെ ആരാധികയാണ് ഞാന്‍. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും നല്ലൊരു കഥാപാത്രമാണ്.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ജോജി എന്നീ സിനിമകളിലെ ബാബുവേട്ടന്റെ വേഷങ്ങള്‍ പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേതും. മാന്നാര്‍ മത്തായി സിനിമയ്ക്കു ശേഷം എനിക്ക് നിങ്ങള്‍ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം,” താരം പറഞ്ഞു.

നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ്.മോഹനാണ്. തേര്‍ഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

2014ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി 2വിലാണ് വാണി അവസാനമായി അഭിനയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vani Viswanath talking about her coming back movie