ഇന്ദ്രന്‍സ് നായകനായി കഴിഞ്ഞയാഴ്ച റിലീസായ ഹൊറര്‍ സൈക്കോ ത്രില്ലര്‍ വാമനന് തമിഴില്‍ റീമേക്ക് വരുന്നു. ചിത്രം കണ്ട് ഇഷ്ടപ്പെട്ട പ്രമുഖ തമിഴ് നടന്‍ റീമേക്കിന് സമ്മതിക്കുകയായിരുന്നു. താരത്തിന്റെ വിവരങ്ങള്‍ പിന്നണി പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായ ഉടല്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഉടലിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക.

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മിച്ച് എ.ബി ബിനില്‍ സംവിധാനം ചെയ്ത വാമനനില്‍ ഒരു റിസോര്‍ട്ട് മാനേജറായിട്ടാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്. സീമ ജി. നായര്‍, ബൈജു, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നത്. പുതിയതായി വാങ്ങിയ വീട്ടിലേക്ക് വാമനന്‍ കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അതിനു ശേഷം അവിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു.

സമ അലി സഹ നിര്‍മാതാവായ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ രഘു വേണുഗോപാല്‍, ഡോണ തോമസ്, രാജീവ് വാര്യര്‍, അശോകന്‍ കരുമത്തില്‍, ബിജുകുമാര്‍ കവുകപറമ്പില്‍, സുമ മേനോന്‍ എന്നിവരാണ്. അരുണ്‍ ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മിഥുന്‍ ജോര്‍ജ് ആണ്. എഡിറ്റര്‍- സൂരജ് അയ്യപ്പന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, ആര്‍ട്ട്- നിഥിന്‍ എടപ്പാള്‍, മേക്കപ്പ് – അഖില്‍ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖര്‍. പി.ആര്‍ ആന്റ് മാര്‍ക്കറ്റിങ്- കണ്‍ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ ഒപ്പറ. സാഗ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം തിയേറ്ററില്‍ എത്തിച്ചത്.

Content Highlight: Vamana movie to Tamil; The leading actor will be the hero