അമേരിക്ക-ഇറാന്‍ സംഘര്‍ഷം; യുദ്ധതന്ത്രങ്ങള്‍ തേടി അമേരിക്കന്‍ സൈന്യം
World News
അമേരിക്ക-ഇറാന്‍ സംഘര്‍ഷം; യുദ്ധതന്ത്രങ്ങള്‍ തേടി അമേരിക്കന്‍ സൈന്യം
അഞ്ജു ചന്ദ്രന്‍
Tuesday, 4th August 2026, 4:14 pm

 

വാഷിങ്ടണ്‍: അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിനുശേഷം പുതിയ ആശയങ്ങള്‍ തേടി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (സെന്‍കോം). കഴിഞ്ഞകുറച്ചു ദിവസങ്ങളായി തുടരുന്ന വ്യോമാക്രമണങ്ങള്‍ ലക്ഷ്യം കാണാതെ വന്നതോടെയാണ് സൈന്യത്തിനുള്ളില്‍ തന്നെ പുതിയ വഴികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്.

‘ഇറാനെ സമ്മര്‍ദത്തിലാക്കാനും തിരിച്ചടിക്കാനുമുള്ള പുതിയ ക്രിയാത്മകവും വ്യത്യസ്തവുമായ വഴികള്‍ ഞങ്ങള്‍ അന്വേഷിക്കുകയാണ്’,ഇറാനുമായുള്ള യുദ്ധം ഏകോപിപ്പിക്കുന്ന സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥന്റെ ഇ-മെയില്‍ പറയുന്നു.

പുതിയ ആശയങ്ങള്‍ തേടാന്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഉദ്യോഗസ്ഥന്‍ ആശയങ്ങള്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് മുന്നൊരുക്കങ്ങള്‍ നടത്തിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ ആളുകളുടെ അന്വേഷണങ്ങള്‍ ഇ-മെയില്‍ വഴി തേടുന്നത് സൈന്യത്തില്‍ നിന്നുള്ള അസാധാരണമായ ഒരു നീക്കമാണ്.

‘യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന് നൂതനമായ രീതിയില്‍ ചിന്തിച്ചതിനും പ്രവര്‍ത്തിച്ചതിനും നീണ്ട ചരിത്രമുണ്ട്’ സെന്‍കോമിന്റെ വക്താവ് ക്യാപ്റ്റന്‍ ടിമോത്തി ഹോക്കിന്‍സ് സി.എന്‍.എന്നിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

സൗദിയുടെ ഇടപെടല്‍

കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ നടത്തുമെന്ന് ആഹ്വാനം ചെയ്തതിന് മുമ്പാണ് സെന്‍കോമിന്റെ ഇ-മെയില്‍ വന്നത്.

തുടര്‍ന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍സാദ് ട്രംപിനെ വിളിച്ച് സംഘര്‍ഷം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ അത് പിന്‍വലിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

മേഖലയില്‍ വീണ്ടുമൊരു യുദ്ധസാധ്യത ഒഴിവാക്കാന്‍ ഉന്നതതല നയതന്ത്ര ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടല്‍ ശക്തമാണെങ്കിലും അമേരിക്കയുടെ നിലവിലെ ആക്രമണങ്ങള്‍ ഫലം കാണാത്ത സ്ഥിതിക്ക് ശക്തമായ മുന്നൊരുക്കങ്ങള്‍ അമേരിക്കയുടെ ഭാഗത്തുനിന്നും വരും ദിവസങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Content Highlight: US-Iran Tensions: US Military Seeks War Strategies

 

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.