ആശങ്ക കുറയുന്നു; രണ്ട് ഇന്ത്യന്‍ എല്‍.പി.ജി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു
India
ആശങ്ക കുറയുന്നു; രണ്ട് ഇന്ത്യന്‍ എല്‍.പി.ജി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു
അനിത സി
Saturday, 28th March 2026, 9:27 pm

ന്യൂദല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയാകുന്നതിനിടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസ് കടക്കുന്നതായി റിപ്പോര്‍ട്ട്.

ട്രാക്കിങ് ഡാറ്റകള്‍ അവലോകനം ചെയ്താണ് ഇന്ത്യന്‍ പതാകയേന്തിയ രണ്ട് കപ്പലുകള്‍ ഹോര്‍മുസ് കടക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എല്‍.എസ്.ഇ.ജി, കെപ്ലര്‍ എന്നിവര്‍ പുറത്തുവിട്ട കപ്പല്‍ ട്രാക്കിങ് ഡാറ്റയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എല്‍.പി.ജി ടാങ്കറുകളായ ബി.ഡബ്ല്യു ടൈര്‍, ബി.ഡബ്ല്യു എലെം എന്നീ രണ്ട് കപ്പലുകളാണ് ഹോര്‍മുസിലൂടെ ഗതാഗതം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ കടന്ന കപ്പലുകള്‍ നിലവില്‍ കടലിടുക്കിന്റെ കിഴക്കന്‍ ഭാഗത്ത് എത്തിയിരിക്കുന്നെന്നും ഡാറ്റകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയിലേക്കാണ് കപ്പലുകള്‍ യാത്ര പുറപ്പെട്ടിരിക്കുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ കപ്പലുകള്‍ എത്തിച്ചേരുന്ന തുറമുഖങ്ങള്‍ ഏതാണെന്ന് വെളിപ്പെടുത്താനാകില്ലെന്ന് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്നതിനിടെ ആശ്വാസമാവുകയാണ് രാജ്യത്തെ തുറമുഖത്തേക്കെത്തുന്ന ടാങ്കറുകള്‍.

രണ്ടാഴ്ച മുമ്പ് ചരക്കുകളുമായി യാത്ര ആരംഭിച്ച ഈ കപ്പലുകള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഇറാന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഈ കപ്പലുകള്‍ സുരക്ഷിതമായി യാത്ര പൂര്‍ത്തിയാക്കിയാല്‍ സംഘര്‍ഷത്തിന് ശേഷം എല്‍.പി.ജി വഹിച്ച് ഹോര്‍മുസ് കടന്ന ഇന്ത്യന്‍ കപ്പലുകളുടെ എണ്ണം ആറായി ഉയരും. നേരത്തെ, ശിവാലിക്, നന്ദാദേവി, പൈന്‍ ഗ്യാസ്, ജഗ് വസന്ത് എന്നീ ടാങ്കറുകള്‍ ഹോര്‍മുസ് കടന്ന് ഇന്ത്യയിലെത്തിയിരുന്നു.

20 ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസ് കടക്കാനുള്ള അനുമതി തേടി ഉള്‍ക്കടലില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇറാനെതിരെ ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും സംയുക്തമായി ആക്രമണം ആരംഭിച്ചതിന് ശേഷം ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് സാരമായ പ്രതിസന്ധികളാണ് നേരിടുന്നത്. ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്കിലൂടെ ശത്രുക്കളല്ലാത്ത കപ്പലുകള്‍ക്ക് മാത്രമായിരിക്കും കടന്നുപോകാന്‍ അനുമതിയെന്ന് ഇറാന്‍ സൈന്യം അറിയിച്ചിരുന്നു.

യു.എസുമായും ഇസ്രഈലുമായും സഖ്യമുള്ള രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ക്കും ഈ രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ നിന്നും പുറപ്പെടുന്ന കപ്പലുകള്‍ക്കും ഹോര്‍മുസിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കില്ലെന്ന് ഐ.ആര്‍.ജി.സി അറിയിച്ചിരുന്നു. മൈനുകള്‍ ഉള്‍പ്പെടെ നിരത്തി പ്രതിരോധിക്കുമെന്നാണ് മുന്നറിയിപ്പ്.

Content Highlight: Two Indian LPG ships pass through Strait of Hormuz, Reports

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.