പൊന്നുതമ്പുരാന്റെ ബയോപിക് എടുക്കാന്‍ ഇതിലും നല്ലൊരു ഓപ്ഷനില്ല, രണ്‍വീറിനെ രാജാവാക്കി ട്രോളുകള്‍... ചിരിയുണര്‍ത്തി കമന്റുകള്‍
Indian Cinema
പൊന്നുതമ്പുരാന്റെ ബയോപിക് എടുക്കാന്‍ ഇതിലും നല്ലൊരു ഓപ്ഷനില്ല, രണ്‍വീറിനെ രാജാവാക്കി ട്രോളുകള്‍... ചിരിയുണര്‍ത്തി കമന്റുകള്‍
അമര്‍നാഥ് എം.
Tuesday, 28th July 2026, 9:00 pm

രാജഭരണത്തില്‍ ജനാധിപത്യത്തിലേക്ക് ഇന്ത്യ മാറിയെങ്കിലും ഇപ്പോഴും ചിലയാളുകളുടെ രാജഭക്തി മാറിയിട്ടില്ല. കേരളത്തില്‍, പ്രത്യേകിച്ച് തിരുവനന്തപുരം നഗരത്തിലെ ചിലര്‍ ഇപ്പോഴും രാജാവിനോട് അടിമ മനോഭാവമുള്ളവരാണ്. ജനാധിപത്യം കൊണ്ട് കാര്യമില്ലെന്നും രാജഭരണകാലമായിരുന്നു നല്ലതെന്നുമാണ് ഇക്കൂട്ടരുടെ വാദങ്ങള്‍.

അമിതമായ രാജഭക്തി കാരണം ഇക്കൂട്ടരെ സോഷ്യല്‍ മീഡിയ യാതൊരു ദയയുമില്ലാതെ ട്രോളുന്നത് സ്ഥിരം കാഴ്ചയാണ്. തിരുവിതാംകൂര്‍ രാജവംശത്തിലെ അംഗമായ ആദിത്യ വര്‍മയുടെ പല റീലുകളിലും ഫോട്ടോകളിലും രാജഭക്തര്‍ ഹാജര്‍ വെക്കാറുണ്ട്. ആദിത്യ വര്‍മയെ വാനോളം പുകഴ്ത്തിക്കൊണ്ടും ജനാധിപത്യത്തെ കുറ്റം പറഞ്ഞുകൊണ്ടുമുള്ള കമന്റുകള്‍ ചിരിയുണര്‍ത്തുന്നുണ്ട്.

ഇത്തരം കമന്റുകള്‍ക്ക് ട്രോളിലൂടെയാണ് പലരും മറുപടി നല്‍കുന്നത്. അത്തരത്തില്‍ കഴിഞ്ഞദിവസം വൈറലായ ഒരു ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ജെന്‍ ജി എന്ന ഐ.ഡി ഫേസ്ബുക്കില്‍ പങ്കുവെച്ച റീല്‍ പലരിലും ചിരിപടര്‍ത്തിയിരിക്കുകയാണ്. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനെ ആദിത്യ വര്‍മയാക്കിക്കൊണ്ടാണ് ട്രോള്‍ വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

സിംബ എന്ന ചിത്രത്തില്‍ രണ്‍വീറിന്റെ ലുക്കും ആദിത്യ വര്‍മയുടെ ലുക്കും ഏതാണ്ട് ഒരുപോലെയാണ്. ഈ സാമ്യത വെച്ചുകൊണ്ട് സിംബയിലെ സീനുകള്‍ക്ക് ആദിത്യ വര്‍മയുടെ വീഡിയോക്ക് നല്‍കുന്ന പാട്ടുകള്‍ മിക്‌സ് ചെയ്താണ് ട്രോള്‍ വീഡിയോ നിര്‍മിച്ചത്. സിംബയിലെ ഇന്‍ട്രോ സീനിന് ആദിത്യ വര്‍മയുടെ വീഡിയോക്ക് സ്ഥിരമായി നല്‍കുന്ന ‘കൊരളലി ബസുമരു’ എന്ന പാട്ട് മിക്‌സ് ചെയ്ത ട്രോള്‍ വീഡിയോ ഇതിനോടകം പലരും കണ്ടുകഴിഞ്ഞു.

ആദ്യ വീഡിയോ ഹിറ്റായപ്പോള്‍ അതിനെ പിന്തുടര്‍ന്ന് സിംബയിലെ മറ്റ് സീനുകളിലും ‘കൊരളരി ബസുമരു’ പ്ലെയ്‌സ് ചെയ്ത ട്രോള്‍ വീഡിയോ പുറത്തുവിട്ടത് ചിരി ഇരട്ടിയാക്കി. ‘ഹംസ അലിയായി ഗംഭീര പെര്‍ഫോമന്‍സ് നടത്തിയ രണ്‍വീര്‍ സിങ് തന്നെ ‘പൊന്നുതമ്പുരാന്റെ’ ബയോപിക് ചെയ്യാന്‍ യോഗ്യന്‍’, ‘പൊന്നുതമ്പുരാന്‍ എപ്പോഴാ സിനിമയില്‍ അഭിനയിച്ചത്’ എന്നിങ്ങനെയാണ് കമന്റുകള്‍. ഭൂരിഭാഗം ആളുകളും ഈ ട്രോള്‍ വീഡിയോ ആസ്വദിച്ചപ്പോള്‍ വളരെ കുറച്ച് ആളുകള്‍ ‘രാജാവിനെ’ കളിയാക്കിയത് ശരിയല്ലെന്ന അഭിപ്രായം പങ്കുവെച്ചു.

‘ജനാധിപത്യം നില്‍ക്കുന്നത് തന്നെ അവരുടെ മണ്ണിലാണ്, രാജ കല്പന ഈ ജനാധിപത്യത്തിലും അനുസരിച്ച് പോകുന്നു’, ‘കേരളം ഈ നിലയിലാകാന്‍ തിരുവിതാംകൂര്‍ രാജവംശം നടത്തിയ പ്രയത്‌നം ചെറുതല്ല. നീയൊക്കെ ഇവിടെ സുഖിച്ച് ജീവിക്കുന്നതിന്റെ കാരണം തിരക്കി പോയാല്‍ ഈ രാജാവും അദ്ദേഹത്തിന്റെ മുന്‍തലമുറക്കാരും ഒഴുക്കിയ വിയര്‍പ്പും രക്തവുമുണ്ട്,’ എന്നൊക്കെയാണ് രാജഭക്തരുടെ കമന്റുകള്‍.

Content Highlight: Trolls about Adithya Varma comparing his look with Ranveer Singh

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം