അടുത്ത നൂറ് കോടിക്ക് കളമൊരുക്കി പ്രദീപ് രംഗനാഥന്‍; ഗ്യാരന്റിയുമായി എല്‍.ഐ.കെ ട്രെയ്‌ലര്‍
Indian Cinema
അടുത്ത നൂറ് കോടിക്ക് കളമൊരുക്കി പ്രദീപ് രംഗനാഥന്‍; ഗ്യാരന്റിയുമായി എല്‍.ഐ.കെ ട്രെയ്‌ലര്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 5th April 2026, 12:12 pm

ചുരുങ്ങിയ കാലം കൊണ്ട് തന്നെ വമ്പന്മാര്‍ വിഹരിക്കുന്ന തമിഴ് സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് പ്രദീപ് രംഗനാഥന്‍. ഡ്രാഗണ്‍, ഡ്യൂഡ്, ലവ് ടുഡേ തുടങ്ങിയ റോം-കോമിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരം ഇന്ന് തമിഴ് സിനിമയില്‍ മിനിമം നൂറ് കോടി ഗ്യാരണ്ടി നല്‍കാന്‍ സാധിക്കുന്ന അഭിനേതാക്കളിലൊരാളാണ്.

ലവ് ഇന്‍ഷുറന്‍സ് കമ്പനി. Photo: Book My Show

മലയാളികളുടെ പ്രിയ താരം മമിതയെ നായികയാക്കി ഒരുക്കിയ ഡ്യൂഡിന്റെ മികച്ച വിജയത്തിന് ശേഷം പ്രദീപ് രംഗനാഥന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി അഥവാ ലൈക്ക്. തമിഴിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നിര്‍മിച്ച് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലറാണ് ഇപ്പോള്‍ തമിഴ്‌സിനിമാ ലോകത്തെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്.

സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്ത ലൈക്കിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 2040കളില്‍ സെറ്റ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രണയിക്കുന്നവര്‍ തമ്മിലുള്ള ബോണ്ടിങ്ങ് കണ്ട് പിടിക്കുന്നതിനുള്ള ആപ്പുമായി ബന്ധപ്പെട്ടാണ് ലൈക്ക് കഥ പറയുന്നത്. എസ്.ജെ സൂര്യ വില്ലനായത്തുന്ന ചിത്രം പ്രദീപ് രംഗനാഥന്റെ മുന്‍ചിത്രങ്ങളിലേതിന് സമാനമായ കഥാ സാഹചര്യങ്ങളിലൂടെ തന്നെയാണ് കടന്നുപോകുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

എന്നാല്‍ ഒന്നരപതിറ്റാണ്ടുകള്‍ക്കപ്പുറം നടക്കുന്ന ചിത്രമായതിനാല്‍ ചിത്രത്തിലെ പല സെറ്റിങ്ങുകളും കൈയടി നേടുന്നുണ്ട്. ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന റോബോട്ടും സാങ്കേതിവിദ്യകളുമെല്ലാം പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. കൃതി ഷെട്ടി നായികയാത്തെന്നുന്ന ചിത്രത്തില്‍ സെക്കന്റ് ഹീറോയിനായി മലയാളി താരം ഗൗരി കൃഷ്ണയും വേഷമിടുന്നുണ്ട്. വ്യത്യസ്ത ഗെറ്റപ്പില്‍ കോമഡി റോളില്‍ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ട യോഗി ബാബുവും കമന്റ് ബോക്‌സില്‍ കൈയടി നേടുന്നുണ്ട്. ഇവര്‍ക്ക് പുറമെ ഷാ റാഹ്, മാളവിക തുടങ്ങിയവരും ലൈക്കില്‍ പ്രധാന വേഷത്തിലെത്തുന്നു.

ലവ് ഇന്‍ഷുറന്‍സ് കമ്പനി. Photo: T Series/ X.com

കാത്തുവാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ലൈക്കിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. കഴിഞ്ഞ വര്‍ഷം ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും പല കാരണങ്ങളാലും റിലീസ് നീണ്ടുപോകുകയായിരുന്നു. പ്രദീപ് രംഗനാഥന്‍ പ്രതിഫലം കൂട്ടിച്ചോദിച്ചതാണ് റിലീസിലെ അനിശ്ചിതത്ത്വത്തിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ഏപ്രില്‍ 10ന് ചിത്രം തിയേറ്ററുകളിലേക്കെത്തും

Content Highlight: Trailer of Pradeep Ranganathan’s New Movie Love Insurance Kompany released

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.