ചില ചിത്രങ്ങളില്‍ അര ദിവസം ചിലതില്‍ രണ്ട് ദിവസം, എന്റെ പെട്ടിക്കടയുടെ മുതലാളി ഞാനാണ്: ടൊവിനോ തോമസ്
Malayalam Cinema
ചില ചിത്രങ്ങളില്‍ അര ദിവസം ചിലതില്‍ രണ്ട് ദിവസം, എന്റെ പെട്ടിക്കടയുടെ മുതലാളി ഞാനാണ്: ടൊവിനോ തോമസ്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 9th April 2026, 5:40 pm

വില്ലന്‍ വേഷത്തിലായാലും നായകവേഷത്തിലായാലും തന്റെ പ്രകടനമികവ് കൊണ്ട് എപ്പോഴും തിളങ്ങി നില്‍ക്കുന്ന അഭിനേതാവാണ് ടൊവിനോ തോമസ്. ഒട്ടനവധി കഥപാത്രങ്ങളിലൂടെ മലയാളത്തില്‍ ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരം തന്റെ സ്റ്റാര്‍ഡം പരിഗണിക്കാതെ പല ചിത്രങ്ങളിലും ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോകഃയിലൂടെയും നരിവേട്ടയിലിലൂടെയും കഴിഞ്ഞ വര്‍ഷം പ്രേക്ഷകരെ ഞെട്ടിച്ച ടൊവിനോയുടെ പുതുതായി വരാനിരിക്കുന്ന ചിത്രങ്ങളാണ് ഏപ്രില്‍ 14 പുറത്തിറങ്ങുന്ന പള്ളിച്ചട്ടമ്പിയും മെയ് 14 ന് റിലീസിനൊരുങ്ങുന്ന അതിരടിയും.

പള്ളിച്ചട്ടമ്പി. Photo: District

പള്ളിച്ചട്ടമ്പിയുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ തന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളെക്കുറിച്ചും സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയണെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ഇനി വരാനിരിക്കുന്ന ചിത്രങ്ങളില്‍ പള്ളിച്ചട്ടമ്പിയുണ്ട് അതിന് ശേഷം മെയില്‍, അതിരടിയുണ്ട്. മറ്റ് പല ചിത്രങ്ങളും അനൗണ്‍സ് ചെയ്തിട്ടില്ല. ഒരു ചിത്രത്തില്‍ ഞാന്‍ പോയി പതിനഞ്ച് ദിവസം വര്‍ക്ക് ചെയ്തിട്ടുണ്ട്. അത് എനിക്ക് ഭയങ്കര ഇഷ്ടമാണ്, അടിപൊളിയായിരിക്കും. മറ്റൊരു ചിത്രത്തില്‍ പന്ത്രണ്ട് ദിവസം ചെയതിട്ടുണ്ട് അതും അടിപൊളി ആയിരിക്കും. ഒരു പടത്തില്‍ രണ്ട് ദിവസം ചെയ്തിട്ടുണ്ട്. ഇനിയൊന്നില്‍ അര ദിവസം ചെയ്യും.

ഞാനാരോടും ആന്‍സറബിള്‍ അല്ല. എന്റേത് ഒരു പെട്ടിക്കടയാണെങ്കിലും ഞാനാണതിന്റെ മുതലാളി.വലിയൊരു മാളില്‍ എടുത്തുകൊടുക്കാന്‍ നില്‍ക്കുന്ന ആളല്ല. അതുകൊണ്ട് ധൈര്യമായിട്ട് എനിക്കിഷ്ടമുള്ള തീരുമാനങ്ങള്‍ എടുത്ത് മുമ്പോട്ട് പോകാം. മറ്റുള്ളവരെ ഉപദ്രവിക്കാത്തിടത്തോളം കാലം എന്റെ ജീവിതം എന്റെ സ്വന്തം ഇഷ്ടത്തിന് ഞാന്‍ ജീവിക്കുകയാണ്,’ടൊവിനോ പറഞ്ഞു.

നേരത്തേ ജൂനിയര്‍ എന്‍.ടി. ആറിനെ നായകനാക്കി കെ.ജി.എഫിന്റെ ഡയറക്ടര്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഡ്രാഗണില്‍ ടൊവിനോ വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം ഷൂട്ട് ചെയ്യാനെടുക്കുന്ന കാലതാമസം കാരണം താന്‍ പിന്മാറുകയാണെന്ന് ടൊവിനോ അറിയിക്കുകയായിരുന്നു. അന്യഭാഷയില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്ന സമയം കൊണ്ട് മലയാളത്തില്‍ തനിക്ക് രണ്ടോ മൂന്നോ ചിത്രങ്ങളുടെ ഭാഗമാകാമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

പള്ളിച്ചട്ടമ്പി. Photo: The Hindu

ഏപ്രില്‍ 10ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന പള്ളിച്ചട്ടമ്പി പിന്നീട് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ഏപ്രില്‍ 14ലേക്ക് മാറ്റുകയായിരുന്നു. ജനഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയില്‍ കയാദു ലോഹാര്‍, ബാബുരാജ്, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Tovino Thomas talks about his upcoming projects and Script selection

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.