വമ്പന്‍ ഹൈപ്പിലും പ്രൊമോഷനിലും മെയ് 14ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത അതിരടി. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഷാന്‍ റഹ്‌മാന്‍, വിനീത് ശ്രീനിവാസന്‍, റിയ ഷിബു, ദര്‍ശന രാജേന്ദ്രന്‍, വിഷ്ണു അഗസ്ത്യ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ബേസില്‍ ജോസഫ് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ചിത്രമെന്ന പ്രത്യേകതയും അതിരടിയ്ക്കുണ്ടായിരുന്നു.

അതിരടി. Photo: District

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ നിമിഷ നേരത്തേക്ക് വന്നുപോകുന്ന ഒരു അഭിനേതാവിനെ കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡയയിലും സിനിമാ പേജുകളിലും നിറയുന്നത്. ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിച്ച തോട്ട കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ചിരിക്കുന്നത് താരത്തിന്റെ മകനായ തഹാന്‍ ടൊവിനോ ആണെന്ന കൗതുകകരമായ വാര്‍ത്തയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ തോട്ട കുട്ടന്റെ ഫ്‌ളാഷ് ബാക്കെന്നോണം കാണിക്കുന്ന രംഗങ്ങളിലാണ് ടൊവിനോയുടെ മകന്‍ പ്രത്യക്ഷപ്പെടുന്നത്. അമ്മയുടെ കൈയില്‍ പിടിച്ച് വട്ടം കറങ്ങുന്ന രംഗം ചിത്രത്തിലെ നിര്‍ണായക സീനില്‍ ഇമോഷന്‍ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. അതിരടിയില്‍ ഏറ്റവും പ്രധാനപ്പെട്ട അമ്മപ്പുഴയേ എന്ന ഗാനത്തിന്റെ അകമ്പടിയിലാണ് ബാലതാരം പ്രത്യക്ഷപ്പെടുന്നതെന്ന് കാണാം. വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലുള്ള ഗാനത്തിനൊപ്പം ടൊവിനോയുടെ അഭിനയമികവ് കൂടിയായപ്പോള്‍ ചിത്രത്തിലെ ട്വിസ്റ്റ് എന്ന് വിളിക്കാവുന്ന രംഗത്തിന് മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നു.

ടൊവിനോയും കുടുംബവും. Photo: Kerala Trends/ X.com

ചിത്രത്തില്‍ സാംകുട്ടി അഥവാ സാംബോയി എന്ന കോളേജ് പയ്യന്‍ കഥാപാത്രമായാണ് ബേസില്‍ ജോസഫ് പ്രത്യക്ഷപ്പെട്ടത്. വര്‍ഷങ്ങളായി കോളേജില്‍ മുടങ്ങി കിടക്കുന്ന ഫെസ്റ്റ് വീണ്ടും നടത്താന്‍ ശ്രമിക്കുന്ന സാംബോയിയും എന്നാല്‍ നടത്താന്‍ അനുവദിക്കില്ലെന്ന് വാശിപിടിക്കുന്ന തോട്ടക്കുട്ടനും തമ്മിലുള്ള ഈഗോ ക്ലാഷാണ് അതിരടിയുടെ കഥാപശ്ചാത്തലം. ഒപ്പം വിനീതിന്റെയും ഷാനിന്റെയും സര്‍പ്രൈസ് പെര്‍ഫോമന്‍സും കാമിയോ റോളിലെത്തിയ ഹാഷിറിന്റെ പ്രകടനവും ചിത്രത്തെ മികച്ച അനുഭവമാക്കി മാറ്റിയിരുന്നു.

Content Highlight: Tovino Thomas’s son made his acting debut in Athiradi Movie