എന്നെക്കാള്‍ നല്ല നടന്മാര്‍ തമിഴിലുണ്ട്, പിന്നെ എന്തിനാണ് എന്നെപ്പോലൊരു നടന്‍ ഈ ഇന്‍ഡസ്ട്രിയില്‍ അഭിനയിക്കുന്നത്: ടൊവിനോ തോമസ്
Malayalam Cinema
എന്നെക്കാള്‍ നല്ല നടന്മാര്‍ തമിഴിലുണ്ട്, പിന്നെ എന്തിനാണ് എന്നെപ്പോലൊരു നടന്‍ ഈ ഇന്‍ഡസ്ട്രിയില്‍ അഭിനയിക്കുന്നത്: ടൊവിനോ തോമസ്
അമര്‍നാഥ് എം.
Tuesday, 7th April 2026, 9:03 am

യാതൊരു സിനിമാപാരമ്പര്യവുമില്ലാതെ ഇന്‍ഡസ്ട്രിയിലേക്ക് വന്ന് മോളിവുഡില്‍ സ്വന്തമായൊരു മേല്‍വിലാസം സ്വന്തമാക്കിയ താരമാണ് ടൊവിനോ തോമസ്. അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച ടൊവിനോ സഹനടനായിട്ടായിരുന്നു ക്യാമറക്ക് മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇന്ന് ഇന്‍ഡസ്ട്രിയിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായി ടൊവിനോ മാറിയിരിക്കുകയാണ്.

മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് ലഭിച്ച ടൊവിനോ എല്ലാതരം ഴോണറുകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പള്ളിച്ചട്ടമ്പി റിലീസിന് തയാറെടുക്കുകയാണ്. 2018ല്‍ അനൗണ്‍സ് ചെയ്ത ചിത്രം കഴിഞ്ഞവര്‍ഷമാണ് ഷൂട്ടിങ് ആരംഭിച്ചത്. മലയാളത്തില്‍ 50ന് മുകളില്‍ സിനിമകള്‍ ചെയ്ത ടൊവിനോ അന്യഭാഷയില്‍ അത്ര സജീവമല്ല.

ഒരുവര്‍ഷത്തോളം സമയം കൊടുക്കേണ്ടി വരുമെന്ന കാരണത്താല്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഡ്രാഗണില്‍ നിന്ന് താരം പിന്മാറിയിരുന്നു. തമിഴിലും ആകെ ഒരൊറ്റ ചിത്രം മാത്രമായിരുന്നു ടൊവിനോ ചെയ്തത്. തമിഴില്‍ എന്തുകൊണ്ട് അധികം സിനിമകള്‍ ചെയ്യുന്നില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ടൊവിനോ തോമസ്. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു താരം.

‘തമിഴ് ഇന്‍ഡസ്ട്രിയില്‍ കഴിവുള്ള ധാരാളം താരങ്ങളുണ്ട്. അവരുടെ പെര്‍ഫോമന്‍സെല്ലാം കണ്ട് ഞാന്‍ അന്തം വിടാറുണ്ട്. അപ്പോള്‍ അത്രയും ടാലന്റുള്ള ആളുകള്‍ക്കിടയില്‍ ഞാന്‍ വന്നിട്ട് എന്ത് ചെയ്യാനെന്നാണ് ചിന്തിക്കുന്നത്. ഒരുപാട് കഥകള്‍ എന്നെത്തേടി വരുന്നുണ്ട്. പക്ഷേ, അതിലെല്ലാം ടൊവിനോ എന്ന നടന്റെ ആവശ്യമില്ലെന്നാണ് കരുതുന്നത്.

ടൊവിനോ തോമസ് Photo: Screen grab/ Sudhir Srinivasan

പിന്നെ എന്റെ സ്റ്റാര്‍ഡം ഉപയോഗിക്കണമെന്ന ചിന്തയാണ് പലര്‍ക്കും. അതുകൊണ്ട് എനിക്ക് വല്യ ഗുണമൊന്നുമില്ല. തമിഴ് ഇന്‍ഡസ്ട്രിയില്‍ ഇപ്പോഴുള്ള ആര്‍ട്ടിസ്റ്റുകളെല്ലാം അപാര ടാലന്റുള്ളവരാണ്. അവരുടെ ഇടയില്‍ ഞാന്‍ എന്ത് ചെയ്യാനാണെന്ന് ചിന്തിക്കാറുണ്ട്. മലയാളത്തില്‍ നല്ല കഥകള്‍ ചെയ്യുകയെന്നാണ് ഇപ്പോഴത്തെ ഉദ്ദേശം,’ ടൊവിനോ തോമസ് പറയുന്നു.

വരാനിരിക്കുന്ന തന്റെ പ്രൊജക്ടുകളെക്കുറിച്ചും താരം സംസാരിച്ചു. ലോകഃ ചാപ്റ്റര്‍ 2 ആണ് തന്റെ അടുത്ത ചിത്രമെന്ന് ടൊവിനോ പറഞ്ഞു. കരിയറിലെ ഏറ്റവും റിസ്‌കുള്ള പ്രൊജക്ടുകളിലൊന്നാണ് ലോകഃ 2 എന്നും ആ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ലോകഃ ചാപ്റ്റര്‍ 2 Photo: Screen grab/ Wayfarer films

‘ആ സിനിമയുടെ കഥ എങ്ങനെ ചെയ്യുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. കാരണം, 389 ചാത്തന്മാരുടെ കഥയാണ് സിനിമ പറയുന്നത്. അത്രയും കഥാപാത്രങ്ങളെ സിനിമയില്‍ കാണിക്കുമോ എന്നൊന്നും അറിയില്ല. അങ്ങനെയൊക്കെ കാണിക്കാന്‍ നിന്നാല്‍ ചാപ്റ്റര്‍ 2 ഒരു പാര്‍ട്ടില്‍ തീരില്ല,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas explains why he didn’t act in Tamil language

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം