to soorajതിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഷനിലായ ടി.ഒ സൂരജ് സര്‍ക്കാറിനെതിരെ വെല്ലുവിളിയുമായി രംഗത്ത്. തനിക്കും പല കാര്യങ്ങളറിയാം. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും എന്നാണ് ടി.ഒ സൂരജ് പറഞ്ഞത്. ഇന്ത്യാവിഷനോടാണ് ടി.ഒ സൂരജ് ഇങ്ങനെ പറഞ്ഞത്.

“നിയമപരമായിട്ട് നേരിടും. ഇന്‍വെസ്റ്റിഗേഷന്‍ നടക്കട്ടെ, കുറ്റക്കാരനെന്നതിന് തെളിവുകളുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ, ഒരുകാര്യം ഞാന്‍ പറയാം- പ്രതികരിക്കേണ്ട സമയത്ത് ഞാന്‍ പ്രതികരിക്കും. മുപ്പത്തിയഞ്ച് വര്‍ഷമായി സര്‍ക്കാര്‍ സര്‍വ്വീസിലുള്ളയാളാണ് ഞാന്‍. എനിക്കും പല വസ്തുതകളും അറിയാം. മിക്കവാറും എല്ലാ കാര്യങ്ങളും, സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം എനിക്കറിയാം.

ഈ മൂന്ന് കോടി 25 ലക്ഷം ജനങ്ങളില്‍ ഞാന്‍ മാത്രമാണ് കുറ്റക്കാരനെങ്കില്‍ ഏത് ശിക്ഷയും സമൂഹം എന്നെ ശിക്ഷിക്കട്ടെ. ഗവണ്‍മെന്റ് നടപടിയെക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ തയ്യാറല്ല. കാരണം ഗവണ്‍മെന്റിന്റെ ഭാഗമായ ഞാന്‍ പ്രതികരിക്കുന്നതില്‍ നിയപരമായ ചില പ്രശ്‌നങ്ങളുണ്ട്. സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു.” ഇതായിരുന്നു സൂരജിന്റെ വാക്കുകള്‍.

അനധികൃത സ്വത്തുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് വിജിലന്‍സ് ടി.ഒ സൂരജിനെതിരെ കേസെടുത്തിരുന്നു. സൂരജിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്യാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഇതനുസരിച്ച് സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഇന്ന് ഒപ്പിടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് സര്‍ക്കാറിനെതിരെയുള്ള വെല്ലുവിളി സ്വരത്തില്‍ പ്രതികരണവുമായി ടി.ഒ സൂരജ് രംഗത്തെത്തിയിരിക്കുന്നത്. മുപ്പത്തിയഞ്ച് വര്‍ഷത്തെ സര്‍വ്വീസുള്ള തനിക്ക് പലകാര്യങ്ങള്‍ അറിയാമെന്ന് പറയുന്നത് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായാണ് വിലയിരുത്താനാവുക. സര്‍ക്കാര്‍ തലത്തില്‍ നടന്ന പല അഴിമതികളെക്കുറിച്ചും തനിക്ക് അറിവുണ്ടെന്ന് സൂരജ് പരോക്ഷമായി സൂചിപ്പിക്കുന്നു.

ഭരണപ്രതിപക്ഷ കക്ഷികളില്‍ ശക്തമായ സ്വാധീനമാണ് സൂരജിനുള്ളത്. 2003 ല്‍ കോഴിക്കോട് കളക്ടറായിരുന്ന സമയത്ത് മാറാട് കലാപവുമായി ബന്ധപ്പെട്ട് സൂരജിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് അനധികൃതമായി പണം പിരിച്ചു തുടങ്ങിയ ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തിലൊന്നും സൂരജിനെതിരെ നടപടിയുണ്ടായിരുന്നില്ല. ഇത് അദ്ദേഹത്തിനുണ്ടായ ശക്തമായ രാഷ്ട്രീയ സ്വാധീനമാണ് വ്യക്തമാക്കുന്നത്.

അനധികൃത സ്വത്തിടപാടുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന സസ്‌പെന്‍ഷന്‍ തന്നെ സര്‍ക്കാറില്‍ നിന്നും ഏറെ വൈകിയാണുണ്ടായിരിക്കുന്നത്. സൂരജിനെ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നു വേണം പറയാന്‍.

സൂരജിനെതിരെ നടപടി വൈകുമ്പോള്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നു എന്ന ആരോപണം സര്‍ക്കാറിനെതിരെ ഉയരുകയാണ്. അതേപോലെ രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് സൂരജിനെ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്.